സ്പോർട്സുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ 2022 നിരവധി വിജയഗാഥകളുടെ വർഷമാണ്. എന്നാൽ അതുപോലെ നിരവധി കായിക താരങ്ങളെ നഷ്ടപ്പെട്ട ഒരു വർഷം കൂടിയാണിത്. സ്പോർട്സ് ഐക്കണുകൾ എന്ന് വിശേഷിപ്പിക്കുന്ന നിരവധി ലെജൻഡുകളെയാണ് കളിക്കളത്തിന് ഈ വർഷം നഷ്ടമായത്. വിട പറഞ്ഞെങ്കിലും കായിക ലോകത്തിന് ഇവർ നൽകിയ മറക്കാനാകാത്ത സംഭാവനകളിലൂടെ എന്നും ആരാധകരുടെ മനസിലുണ്ടാകും. കായിക ലോകത്തിന് വലിയ നഷ്ടം തന്നെയാണ് ഈ താരങ്ങളുടെ വിയോഗം.
ഷെയ്ൻ വോൺ: ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ച ഒന്നാണ് ഓസീസ് താരം ഷെയ്ൻ വോണിന്റെ മരണം. മാർച്ച് നാലിനാണ് ഷെയ്ൻ വോൺ അന്തരിച്ചത്. 52 കാരനായ താരത്തെ തായ്‌ലൻഡിലെ റിസോർട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു.
ആൻഡ്രൂ സൈമണ്ട്സ്: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിലാണ് മരിച്ചത്. 46കാരനായ താരം മെയ്14നാണ് കാർ അപകടത്തിൽ കൊല്ലപ്പെടുന്നത്.
ബിൽ റസ്സൽ: എക്കാലത്തെയും മികച്ച ബാസ്കറ്റ്ബോൾ കളിക്കാരിൽ ഒരാളായിരുന്നു ബിൽ റസ്സൽ. 1957-69 വരെ 13 സീസണുകളിലായി 11 ചാമ്പ്യൻഷിപ്പുകൾ നേടി. ജൂലൈ 31നാണ് അദ്ദേഹം മരിക്കുന്നത്. 88-ആം വയസ്സിലായിരുന്നു അന്ത്യം. പൗരാവകാശ പ്രവർത്തകനെന്ന നിലയിൽ, കോടതിയിലും അദ്ദേഹം ഒരു ഇതിഹാസമായിരുന്നു. റസ്സൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനൊപ്പം മാർച്ച് നടത്തുകയും, മുഹമ്മദ് അലിയെ പിന്തുണയ്ക്കുകയും, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നേടുകയും ചെയ്തിട്ടുണ്ട്.
Also Read: രാജസ്ഥാനെതിരെ ഏഴു ഗോൾ ജയം;സന്തോഷ് ട്രോഫി തുടക്കം കളറാക്കി കേരളം
ആസാദ് റൗഫ്: പാകിസ്ഥാനിൽ നിന്നുള്ള മുൻ ഐസിസി പാനൽ എലൈറ്റ് അമ്പയർ സെപ്റ്റംബർ 14നാണ് ലോകത്തോട് വിടപറഞ്ഞത്. ലാഹോറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. കരിയറിൽ 64 ടെസ്റ്റുകളും 139 ഏകദിനങ്ങളും 28 ടി20 കളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. 2013ലെ ഐപിഎൽ ഒത്തുകളി വിവാദം, 2016ൽ മോശം പെരുമാറ്റവും അഴിമതിയും ആരോപിച്ച് ബിസിസിഐ റൗഫിനെ അഞ്ച് വർഷത്തേക്ക് വിലക്കിയിരുന്നു. അമ്പയറാകുന്നതിന് മുമ്പ്, മധ്യനിര ബാറ്റ്സ്മാനായും അദ്ദേഹം 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
നിക്ക് ബൊലെറ്റിയേരി: ഡിസംബർ 4 നാണ് ഏറ്റവും മികച്ച ടെന്നീസ് പരിശീലകരിലൊരാളായ നിക്ക് ബൊലെറ്റിയേരി അന്തരിച്ചത്. 91 വയസ്സായിരുന്നു. മരിയ ഷറപ്പോവ, ആന്ദ്രെ അഗാസി, മോണിക്ക സെലസ് എന്നിവരെ ലോക ഒന്നാം നമ്പർ താരമാക്കുന്നതിന് പിന്നിലെ ശക്തി ബൊലെറ്റിയേരിയായിരുന്നു. കൂടാതെ, ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ കണക്കനുസരിച്ച്, ബൊലെറ്റിയേരി പരിശീലിപ്പിച്ച ആറ് കളിക്കാരെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡ് മാർഷ്: "അയൺ ഗ്ലൗസ്" എന്നാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ റോഡ് മാർഷ് അറിയപ്പെട്ടിരുന്നത്. 1970 ൽ തന്റെ കരിയർ ആരംഭിച്ച അദ്ദേഹം 92 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. 1982-ൽ പാകിസ്ഥാനെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമാണ്. കോമയിലായിരുന്ന മാർഷ് മാർച്ച് 4-ന് 74-ആം വയസ്സിൽ അഡ്‌ലെയ്‌ഡ് ആശുപത്രിയിൽ വച്ചാണ് ലോകത്തോട് വിടപറഞ്ഞത്.
റൂഡി കോർട്‌സെൻ: 2022 ഓഗസ്റ്റ് 9നാണ് ഗോൾഫ് ദക്ഷിണാഫ്രിക്കൻ അമ്പയർ റൂഡി കോർട്‌സെൻ മരിച്ചത്. ഗോൾഫ് കളിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിടിച്ചാണ് അദ്ദേഹം മരിച്ചത്.
ചരൺജിത് സിംഗ്: 1964-ൽ ടോക്കിയോ ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ നേടിയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു ചരൺജിത് സിംഗ്. ജനുവരി 27-ന് 90-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്. ആ തലമുറയിലെ ഏറ്റവും പ്രശസ്തരായ ഇന്ത്യൻ കായികതാരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. 1960 ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ടീമിലും സിംഗ് ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...