UEFA Championa League 2022-23: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് സമനില കുരിക്കിട്ട് ഇന്റർ മിലാൻ. ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരം 3-3ന് സമനിലയിൽ പിരിയുകയായിരുന്നു. മറ്റൊരു മത്സരത്തിൽ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് എഫ്സിയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ലിവർപൂൾ തകർത്തു. മുഹമ്മെദ് സാലായ്ക്ക് ഹാട്രിക്. ജയം തുടർന്ന് ബയണും ടോട്നാമും നാപ്പൊളിയും. എഫ്സി പോർട്ടോയ്ക്കും ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സെയ്ക്കും ജയം. അത്ലെറ്റികോ മാഡ്രിഡിനെ സമനിലയിൽ തളച്ച് ക്ലബ് ബ്രൂഷ്.
ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് വമ്പന്മാരെ അവരുടെ തട്ടത്തിൽ വെച്ച് ഇന്റർ മിലാൻ സമനിലയിൽ തകർത്തത്. ഒരു ഗോളിന് പിന്നിൽ നിന്ന കറ്റാലന്മാർ അവസാന മിനിറ്റിൽ പോളിഷ് താരം റോബർട്ട് ലെവഡോസ്കിയുടെ ഗോളിലാണ് സമനില പടിച്ചത്. ഇഞ്ചുറി ടൈം ആറ് മിനിറ്റ് നേരം നീട്ടിയെങ്കിലും ബാഴ്സയ്ക്ക് ഇറ്റാലിയൻ ക്ലബിനെതിരെ വിജയം കണ്ടെത്താൻ സാധിച്ചില്ല. ഉസ്മാനെ ഡെമ്പെല്ലേ, ഇരട്ട ഗോൾ നേടിയ ലെവൻഡോസ്കി എന്നിവരാണ് ബാഴ്സലോണയ്ക്കായി സ്കോർ ചെയ്തത്. നിക്കോളോ ബരെല്ല, ലാത്വാരാ മാർട്ടിനെസ്, റോബിൻ ഗൂസെൻ എന്നിവരാണ് ഇന്ററിനായി ഗോൾ നേടിയത്.
ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ റേഞ്ചേഴ്സ് എഫ്സിയെ 1-7ന് തകർത്തത്. 75-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ മുഹമ്മെദ് സാലാ അടുത്ത അഞ്ച് മിനിറ്റുകൾക്കുള്ളിൽ ഹാട്രിക് സ്വന്തമാക്കുകയായിരുന്നു. സാലയെ കൂടാതെ ബ്രസീലിയൻ താരം റോബർട്ടോ ഫെർമിനോ, ഡാർവിൻ ന്യൂനെസ്, ഹാർവി എല്ലിയോട്ട് എന്നിവരാണ് ലിവപൂളിനായി ഗോളുകൾ കണ്ടെത്തിയത്. സ്കോട്ട് അർഫീൽഡാണ് സ്കോട്ടിഷ് ക്ലബിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.
രണ്ടിനെതിരെ നാല് ഗോളുകൾ നേടിയാണ് നാപ്പൊളി അയാക്സിനെയും ബയൺ മ്യൂണിക് വിക്ടോറിയ പ്ലെസനെയും തകർത്തത്. ഇരു ക്ലബുകളുടെയും സീസണിലെ തുടർച്ചയായ നാലാം ജയമാണ്. നാപ്പൊളിക്കായി ഹിർവിങ് ലൊസ്സാനോ, ഗിയോകോമോ റാസ്പഡോറി, ഖിവിചാ ക്വാരാത്സ്ഖേലിയ, വിക്ടർ ഒഷ്മീൻ എന്നിവരാണ് ഗോൾ നേടിയത്. ഡാവി ക്ലാസെനും സ്റ്റീവൻ ബെർവീയനും ചേർന്നാണ് ഡച്ച് ക്ലബിനായി ഗോളുകൾ നേടിയത്. ബുന്ദെസ് ലീഗയിൽ കാലിടറിയ ബയണിന് ആകെയുള്ള ആശ്വാസം ചാമ്പ്യൻസ് ലീഗിലെ ഫോമാണ്. ജർമൻ വമ്പന്മാർക്കായി സാഡിയോ മാനെ, തോമസ് മുള്ളർ, ഇരട്ട ഗോൾ നേടിയ ലിയോൺ ഗൊരെസ്കാ എന്നിവരാണ് സ്കോർ ചെയ്തത്. ചെക്ക് ക്ലബിനായി ആഡം വ്ലകാനോവ, ജാൻ ക്ലിമെന്റ എന്നിവരാണ് ഗോൾ നേടിയത്.
ALSO READ : Thomas Tuchel: മുൻ ചെൽസി കോച്ച് തോമസ് ട്യുഷേൽ കേരളത്തിൽ; സ്വീകരിച്ച് ചെൽസി ആരാധകർ
മറ്റ് മത്സരങ്ങളിലായി ജർമൻ ക്ലബായ ബയർ ലെവറൂക്സെനെ എഫ്സി പോർട്ടോ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ഗലേനോ, മെഹ്ദി തരേമി എന്നിവരാണ് പോർച്ചുഗൽ ക്സബിനായി ഗോളുതൾ നേടിയത്. എന്നാൽ മറ്റൊരു പോർച്ചുഗൽ ക്ലബായ സ്പോർട്ടിങ് എഫ്സി ഒളിമ്പിക് മാഴ്സെയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റു. രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പോർച്ചുഗൾ ക്ലബ് പ്രതിരോധത്തിലാകുകയായിരുന്നു. ഗ്യുണ്ടൂസിയും അലക്സിസ് സാഞ്ചെസുമാണ് ഫ്രഞ്ച് ക്ലബിനായി ഗോളുകൾ സ്വന്തമാക്കിയത്. അത്ലെറ്റികോ മാഡ്രിഡ് ക്ലബ് ബ്രൂഷ് പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിയുകയും ചെയ്തു.
ഇനി യുറോപ്പിയിലേക്ക് വമ്പന്മാരുടെ ഒഴുക്കോ?
ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കാൻ ഇനി രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കവെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ച ടീമുകളുടെ കാര്യത്തിൽ ഏകദേശം ധാരണയായി. സിരി എ ടീം നാപ്പോളി, ക്ലബ് ബ്രൂഷ്, ബയൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി എന്നി ടീമുകളാണ് പ്രീ-ക്വാർട്ടിറിലേക്ക് പ്രവേശനം നേടിയരിക്കുന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തുന്ന ടീം യുറോപ്പ ലീഗിലേക്ക് പോകുകയും ചെയ്യും. നിലവിലെ പോയിന്റ് പട്ടിക നോൽക്കുമ്പോൾ ബാഴ്സ, യുവന്റസ്, അയാക്സ്, എസി മിലാൻ, അത്ലെറ്റികോ മാഡ്രിഡ് തുടങ്ങിയ ടീമുകൾ യൂറോപ്പയിലേക്ക് തരം താഴ്ത്തപ്പെട്ടേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...