ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയ്ക്ക് ഇന്ന് 36-ാം പിറന്നാള്‍. തന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായ ലോകകിരീടം കൈപ്പിടിയിലാക്കിയ ശേഷമുള്ള മെസിയുടെ ആദ്യ പിറന്നാളാണിത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരാണ് കാല്‍പ്പന്തിന്റെ മിശിഹായ്ക്ക് ജന്മദിനാശംസകള്‍ നേരുന്നത്.
ഫുട്‌ബോളില്‍ മഹാരഥന്‍മാരായ താരങ്ങള്‍ നിരവധിയുണ്ട്. പെലെ, മറഡോണ, ഡിസ്റ്റിഫാനോ, ക്രൈഫ്, പ്ലാറ്റിനി, റൊണാള്‍ഡോ, സിദാന്‍ അങ്ങനെ നീണ്ടുപോകുകയാണ് ഇതിഹാസ താരങ്ങളുടെ ലിസ്റ്റ്. ഇവരില്‍ പലരും പല നേട്ടങ്ങളും വെട്ടിപ്പിടിച്ചവരാണെങ്കിലും ഫുട്‌ബോളില്‍ പൂര്‍ണത നേടിയ കരിയര്‍ ആരുടെയാണെന്ന് ചോദിച്ചാല്‍ ഇന്ന് അതിന് ഒരേയൊരു ഉത്തരമാണ് ലയണല്‍ മെസി.
ALSO READ: 32 ടീമുകളുമായി ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പ് 2025ൽ അമേരിക്കയിൽ സംഘടിപ്പിക്കും
ഒരിക്കല്‍ രാജ്യത്തിന് വേണ്ടി മാത്രം കളിക്കാത്തവനെന്നും ക്ലബ്ബിനും പണത്തിനും വേണ്ടി മാത്രം കളിക്കുന്നവനെന്നും ഒക്കെയുള്ള പഴിചാരലുകളും കുറ്റപ്പെടുത്തലുകളും കേട്ട് തളര്‍ന്നവനായിരുന്നു മെസി. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോഴും മെസിയുടെ കരിയറില്‍ രാജ്യത്തിന് വേണ്ടി ഒരു കിരീടം മാത്രമാണ് കിട്ടാക്കനിയായി അവശേഷിച്ചത്. പല കുറി കോപ്പ അമേരിക്ക കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടു. ആശിച്ച ലോകകിരീടം കപ്പിനും ചുണ്ടിനുമിടയിലെ ഒരു ഗോളില്‍ നഷ്ടമായി. ദേശീയ ടീമില്‍ നിന്ന് ദു:ഖത്തോടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് ശക്തനായി തിരിച്ചെത്തുകയും ചെയ്ത ചരിത്രമുള്ളവനാണ് മെസി.
നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 2021ല്‍ അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ നായകന്‍ മെസി തന്നെയായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണായക ശക്തിയായത്. ഇതോടെ രാജ്യത്തിന് വേണ്ടിയുള്ള കിരീട വരള്‍ച്ചയ്ക്ക് മെസി അവസാനം കുറിച്ചു. കോപ്പ അമേരിക്ക മുതല്‍ ഇങ്ങോട്ട് വികാരാധീനനായി തല താഴ്ത്തി നില്‍ക്കുന്ന മെസിയെ ഒരിടത്തും കണ്ടിട്ടില്ല. കരിയറിന്റെ അവസാനം ആഘോഷമാക്കണമെന്ന് ദൃഢനിശ്ചയമെടുത്ത മനസുമായി കാലുകളിലേയ്ക്ക് അസാമാന്യമായ ചടുലത നിറച്ചാണ് മെസി സമീപകാലത്ത് അര്‍ജന്റീനയ്ക്ക് വേണ്ടി കളംപിടിക്കുന്നത്.
കോപ്പ അമേരിക്ക നേടിയതിന് പിന്നാലെ ഇറ്റലിയെ തോല്‍പ്പിച്ച് ഫൈനലിസിമ കിരീടം കൂടി അര്‍ജന്റീന നേടിയതോടെ ലോകകപ്പിലെ ഫേവറിറ്റുകളില്‍ ഒന്നായി മെസിപ്പട മാറുകയായിരുന്നു. പല പ്രവചനങ്ങളും അര്‍ജന്റീനയ്ക്ക് കിരീട സാധ്യത പ്രവചിച്ചു. ഒടുവില്‍ ഒരു ജനതയുടെ നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തറില്‍ അര്‍ജന്റീന ലോകകിരീടം ഉയര്‍ത്തിയപ്പോള്‍ മെസി അജയ്യനായി മാറി. അതുവരെ നിലനിന്നിരുന്ന വാദങ്ങള്‍ക്കും താരതമ്യപ്പെടുത്തലുകള്‍ക്കുമെല്ലാം വിരാമമിട്ട് മെസി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന 'ഗോട്ട്' വിശേഷണം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...