ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. തോൽക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്തുപോകും. ഇന്നത്തെ മത്സരം നിർണായകമായതിനാൽ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധർമ്മശാലയിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
സീസണിൽ മികച്ച തുടക്കം ലഭിച്ച രണ്ട് ടീമുകളായിരുന്നു രാജസ്ഥാനും പഞ്ചാബും. പോരാട്ടം കടുത്തതോടെ പാതിവഴിയിൽ ഇരുടീമുകൾക്കും കാലിടറി. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ ഇത്തവണയും പ്ലേ ഓഫിൽ എത്തുമെന്ന് തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ, പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയ രാജസ്ഥാൻ നിർണായക ഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ ഒറ്റയാൾ പ്രകടനമാണ് പലപ്പോഴും രാജസ്ഥാന് ആശ്വാസമായത്.
ALSO READ: പഞ്ചാബിനെ പഞ്ചറാക്കി ഡൽഹി; രാജസ്ഥാന് പ്രതീക്ഷ
മറുഭാഗത്ത്, ശിഖർ ധവാനെ മാത്രം ആശ്രയിക്കുന്നതാണ് പലപ്പോഴും പഞ്ചാബിന് തിരിച്ചടിയാകുന്നത്. തുടക്കത്തിൽ തകർപ്പൻ ഫോമിലായിരുന്ന ധവാൻ പിന്നീട് നിറം മങ്ങുന്ന കാഴ്ചയാണ് കാണാനായത്. ലിയാം ലിവിംഗ്സ്റ്റണും ജിതേഷ് ശർമ്മയും കൂടി പുറത്തായാൽ പഞ്ചാബ് വിയർക്കുന്നതാണ് പതിവ്. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നതിന്റെ ആനുകൂല്യം മുതലെടുത്ത് പ്ലേ ഓഫ് സാധ്യത നിലനിർത്താനാകും പഞ്ചാബിന്റെ ശ്രമം.
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാലും രാജസ്ഥാനും പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിയില്ല. 12 പോയിന്റുകളുമായി അവസാന മത്സരത്തിനിറങ്ങുന്ന ഇരു ടീമുകൾക്കും ജയിച്ചാൽ 14 പോയിന്റ് മാത്രമേ നേടാനാകൂ. പ്ലേ ഓഫിൽ എത്താൻ 16 പോയിന്റുകളാണ് വേണ്ടത്. ഈ സാഹചര്യത്തിൽ ഇന്നത്തെ വിജയികൾക്ക് ബെംഗളൂരു, മുംബൈ, കൊൽക്കത്ത ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിക്കേണ്ടി വരും. മാത്രമല്ല, ഈ ടീമുകളേക്കാൾ മികച്ച റൺ റേറ്റും ആവശ്യമാണ്.
നിലവിൽ 13 കളികളിൽ 6 ജയവും 7 തോൽവിയുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ 6-ാം സ്ഥാനത്താണ്. 13 കളികളിൽ 6 ജയവും 7 തോൽവിയുമായി പഞ്ചാബ് 8-ാം സ്ഥാനത്താണ്. മോശം റൺ റേറ്റാണ് പഞ്ചാബിന് മുന്നോട്ടുള്ള യാത്രയിൽ വെല്ലുവിളിയാകുന്നത്. അതേസമയം, രാജസ്ഥാന് മുംബൈ, കൊൽക്കത്ത, പഞ്ചാബ് ടീമുകളേക്കാൾ മികച്ച റൺ റേറ്റുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗംഭീര വിജയം നേടിയത് പ്ലേ ഓഫ് കാത്തിരിക്കുന്ന മറ്റ് ടീമുകൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്.
ഈ സീസണിൽ മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയിച്ചത് പഞ്ചാബായിരുന്നു. 5 റൺസിനായിരുന്നു പഞ്ചാബിന്റെ ജയം. പഞ്ചാബ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻറെ മറുപടി 192 റൺസിൽ അവസാനിച്ചു. ഇരു ടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ രാജസ്ഥാനാണ് മേൽക്കൈ. ആകെ 25 തവണയാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. ഇതിൽ 14 കളികളിൽ രാജസ്ഥാനും 11 കളികളിൽ പഞ്ചാബും ജയിച്ചു.
സാധ്യതാ ടീം
പഞ്ചാബ് കിംഗ്‌സ്: ശിഖർ ധവാൻ (C), അഥർവ ടൈഡെ, ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ (WK), സാം കറൻ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, കാഗിസോ റബാഡ, നഥാൻ എല്ലിസ്, അർഷ്ദീപ് സിംഗ്, പ്രഭ്‌സിമ്രാൻ സിംഗ്.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (C & WK), ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ആദം സാമ്പ, സന്ദീപ് ശർമ, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ, ദേവദത്ത് പടിക്കൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...