നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മുംബൈയുടെ മറുപടി ബാറ്റിംഗിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത വിവ്രാന്ത് ശര്‍മ്മയുടെ പ്രകടനമായിരുന്നു ഹൈദരാബാദ് ഇന്നിംഗ്‌സിലെ ഹൈലൈറ്റ്. ഓപ്പണറായി കളത്തിലിറങ്ങിയ വിവ്രാന്ത് 47 പന്തില്‍ 9 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 69 റണ്‍സ് നേടി. ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്ന മായങ്ക് അഗര്‍വാള്‍ ഓപ്പണറായി ഇറങ്ങി 83 റണ്‍സ് നേടി. 46 പന്തുകള്‍ നേരിട്ട മായങ്കിന്റെ ബാറ്റില്‍ നിന്ന് 8 ബൗണ്ടറികളും 4 സിക്‌സറുകളുമാണ് പിറന്നത്.
ALSO READ: സഞ്ജു ഇനി എന്തിനെല്ലാം വേണ്ടി പ്രാർഥിക്കണം!! ഭാഗ്യം കടാക്ഷിക്കുമോ? രാജസ്ഥാന്റെ പ്ലേഓഫ് സാധ്യത ഇങ്ങനെ
ഒന്നാം വിക്കറ്റില്‍ വിവ്രാന്തും മായങ്കും ചേര്‍ന്ന് 13.5 ഓവറില്‍ 140 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍, പിന്നീട് കളത്തിലിറങ്ങിയവര്‍ക്ക് തിളങ്ങാന്‍ കഴിയാതെ വന്നതോടെയാണ് ഹൈദരാബാദിന്റെ ഇന്നിംഗ്‌സ് 200ല്‍ നിന്നത്. ഹെന്‍ റിച്ച് ക്ലാസന്‍ 18 റണ്‍സ് നേടി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഹാരി ബ്രൂക്ക് പുറത്തായി. ഗ്ലെന്‍ ഫിലിപ്‌സ് ഒരു റണ്ണുമായി മടങ്ങുകയും ചെയ്തപ്പോള്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം 7 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.
മുംബൈയ്ക്ക് വേണ്ടി ആകാശ് മന്ദ്വാള്‍ 4 ഓവറില്‍ 37 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. 4 ഓവറില്‍ 42 റണ്‍സ് വഴങ്ങിയ ക്രിസ് ജോര്‍ദ്ദാനാണ് അവശേഷിച്ച ഒരു വിക്കറ്റ് വീഴ്ത്തിയത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താം. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ബെംഗളൂരു-ഗുജറാത്ത് മത്സരഫലത്തെ ആശ്രയിച്ചിരിക്കും മുംബൈയുടെ പ്ലോ ഓഫ് പ്രതീക്ഷകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...