IPL 2023: ചീത്തപ്പേര് മാറ്റാൻ ഹിറ്റ്മാൻ, റൺവേട്ട തുടരാൻ കോഹ്ലി; ഇന്ന് മുംബൈ - ബെംഗളൂരു പോരാട്ടം

RCB vs MI predicted 11: ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താം. 

Written by - Zee Malayalam News Desk | Last Updated : May 9, 2023, 12:20 PM IST
  • വാങ്കഡെ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • അവസാന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയാണ് മുംബൈയും ബെംഗളൂരുവും ഇന്ന് കളത്തിലിറങ്ങുന്നത്.
  • ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു.
IPL 2023: ചീത്തപ്പേര് മാറ്റാൻ ഹിറ്റ്മാൻ, റൺവേട്ട തുടരാൻ കോഹ്ലി; ഇന്ന് മുംബൈ - ബെംഗളൂരു പോരാട്ടം

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ ഇന്ത്യൻസിനെ നേരിടും. ഈ സീസണിൽ ഇതുവരെ തുല്യശക്തികളായി നിൽക്കുന്ന ടീമുകൾ കളത്തിലിറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

അവസാന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയാണ് മുംബൈയും ബെംഗളൂരുവും ഇന്ന് കളത്തിലിറങ്ങുന്നത്. ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോട് 6 വിക്കറ്റിന് പരാജയപ്പെട്ടാണ് മുംബൈയുടെ വരവ്. മറുഭാഗത്ത്, സീസണിലെ അവസാന സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനോട് 7 വിക്കറ്റിന്റെ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയാണ് ബെംഗളൂരു ഇറങ്ങുന്നത്. 

ALSO READ: ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്കൻ താരം ടീം വിട്ടു

ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 'കെജിഎഫ്' സഖ്യം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണിംഗ് വിക്കറ്റിൽ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലസിയും ചേർന്ന് 148 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡുപ്ലസി 43 പന്തിൽ 73 റൺസ് നേടിയപ്പോൾ കോഹ്ലി 49 പന്തിൽ പുറത്താകാതെ 82 റൺസ് നേടി. തുടരെ സിക്‌സറുകൾ പറത്തിയ മാക്‌സ്വെല്ലിന്റെ പ്രകടനം കൂടിയായപ്പോൾ 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്. 

ഇന്നത്തെ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനോട് പകരം വീട്ടാനുള്ള മികച്ച അവസരമാണ് മുംബൈയ്ക്ക് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തും. നിലവിൽ 10 കളികളിൽ 5 വിജയവുമായി ബെംഗളൂരു 6-ാം സ്ഥാനത്തും 10 കളികളിൽ 5 വിജയവുമായി മുംബൈ 8-ാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും 10 പോയിന്റുകൾ വീതമുണ്ട്. ഇന്ന് വിജയിക്കുന്ന ടീമിന് 12 പോയിന്റുമായി ചെന്നൈയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്ത് എത്താം. 

ഇരു ടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ മുംബൈയ്ക്കാണ് മേൽക്കൈ. 31 തവണയാണ് ഇതുവരെ മുംബൈയും ബെംഗളൂരുവും ഏറ്റുമുട്ടിയത്. ഇതിൽ 17 തവണയും വിജയിച്ചത് മുംബൈയാണ്. ഫോമിലുള്ള ബെം​ഗളൂരു ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടാൻ മുംബൈയുടെ ബൗളർമാർക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഫാഫ് ഡുപ്ലസിയ്ക്ക് എതിരെ മുംബൈയുടെ സ്പിന്ന‍ർ പീയുഷ് ചൗളയ്ക്ക് മികച്ച റെക്കോർഡുണ്ട്. 7 മത്സരങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2 തവണ ഡുപ്ലസിയെ പുറത്താക്കാൻ ചൗളയ്ക്ക് കഴിഞ്ഞിരുന്നു. ചൗളയുടെ 55 പന്തുകൾ നേരിട്ട ഡുപ്ലസിയ്ക്ക് 52 റൺസ് നേടാനെ കഴിഞ്ഞിട്ടുള്ളൂ.  

സാധ്യതാ ടീം

മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ (WK), രോഹിത് ശർമ്മ (C), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ / ട്രിസ്റ്റാൻ സ്റ്റബ്സ്, നെഹാൽ വധേര, ടിം ഡേവിഡ്, പിയൂഷ് ചൗള, ജോഫ്ര ആർച്ചർ, ആകാശ് മധ്വാൾ, അർജുൻ ടെണ്ടുൽക്കർ / അർഷാദ് ഖാൻ

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു​: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (C), ഗ്ലെൻ മാക്സ്വെൽ, മഹിപാൽ ലോംറോർ, ദിനേശ് കാർത്തിക് (WK), കേദാർ ജാദവ്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, കർൺ ശർമ്മ / വൈശാഖ് വിജയ്കുമാർ, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News