IPL 2023: പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി ഗുജറാത്ത്; ഡൽഹിക്ക് പിന്നാലെ ഹൈദരാബാദും പുറത്ത്

Gujarat became the first team to qualify for playoffs: പ്ലേ ഓഫിൽ എത്തിയെന്ന് മാത്രമല്ല, ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : May 16, 2023, 10:10 AM IST
  • 58 പന്തിൽ 13 ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയ ഗിൽ 101 റൺസ് നേടി.
  • ഗുജറാത്ത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി.
  • ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ 4 ഓവറിൽ 30 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി.
IPL 2023: പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി ഗുജറാത്ത്; ഡൽഹിക്ക് പിന്നാലെ ഹൈദരാബാദും പുറത്ത്

ഐപിഎൽ 16-ാം സീസണിൽ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ വിജയിച്ചതോടെയാണ് ഗുജറാത്ത് പ്ലേ ഓഫിൽ എത്തിയത്. ഗുജറാത്ത് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഹൈദരാബാദിന് കഴിഞ്ഞില്ല. ഇതോടെ ഡൽഹി ക്യാപിറ്റൽസിന് പിന്നാലെ ഹൈദരാബാദും പ്ലേ ഓഫ് കാണാതെ പുറത്തായി. 

ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന പ്രകടനമാണ് ഗുജറാത്ത് ഓപ്പണർ ശുഭ്മാൻ ഗിൽ പുറത്തെടുത്തത്. ഇന്നിംഗ്‌സിന്റെ 3-ാം പന്തിൽ തന്നെ വൃദ്ധിാൻ സാഹയെ പുറത്താക്കിയ ഭുവനേശ്വർ കുമാർ ഹൈദരാബാദിന് മേൽക്കൈ നൽകി. മൂന്നാമനായി ക്രീസിൽ എത്തിയ സായ് സുദർശനും ഗില്ലും ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് വീശിയതോടെ ഗുജറാത്ത് സ്‌കോർ കുതിച്ചുയർന്നു. ഇരുവരും ചേർന്ന് 147 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 

ALSO READ: രാജസ്ഥാൻ പടിക്കൽ കലമുടയ്ക്കുന്നു; ആർസിബിക്കെതിരെ സഞ്ജുവിനും കൂട്ടർക്കും നാണംകെട്ട തോൽവി

36 പന്തിൽ 47 റൺസുമായി സായ് സുദർശൻ മടങ്ങിയതോടെ ഗിൽ ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. ഹർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ തുടങ്ങിയവരാരും രണ്ടക്കം കടന്നില്ല. ഗില്ലും സായ് സുദർശനും മാത്രമാണ് രണ്ടക്കം പിന്നിട്ടത്. ഇതിനിടെ ഗിൽ സെഞ്ച്വറി പൂർത്തിയാക്കി. 58 പന്തിൽ 13 ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയ ഗിൽ 101 റൺസ് നേടിയാണ് പുറത്തായത്. ഇതോടെ ഗുജറാത്ത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ 4 ഓവറിൽ 30 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ആദ്യ ഓവറിന്റെ 5-ാം പന്തിൽ അൻമോൽപ്രീത് സിംഗ് പുറത്തായി. തൊട്ടടുത്ത ഓവറിൽ അഭിഷേക് ശർമ്മയെ യാഷ് ദയാൽ മടക്കി അയച്ചു. പവർ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഹൈദരാബാദിന് 4 വിക്കറ്റുകൾ നഷ്ടമായിരുന്നു. മുഹമ്മദ് ഷാമിയും മോഹിത് ശർമ്മയും കൊടുങ്കാറ്റായതോടെ ഹൈദരാബാദ് ബാറ്റ്‌സ്മാൻമാർ വിയർത്തു. 

44 പന്തിൽ 4 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തിയ ഹെന്റിച്ച് ക്ലാസന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. മറ്റ് ബാറ്റ്‌സ്മാൻമാർ അതിവേഗം കൂടാരം കയറിയതോടെ ക്ലാസന്റെ ഒറ്റയാൾ പോരാട്ടം പാഴായി. ഭുവനേശ്വർ കുമാർ 26 പന്തിൽ 27 റൺസ് നേടി. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷാമി 4 ഓവറിൽ 21 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 28 റൺസ് വഴങ്ങിയ മോഹിത് ശർമ്മ 4 വിക്കറ്റുകൾ വീഴ്ത്തി ഷമിയ്ക്ക് മികച്ച പിന്തുണ നൽകി. 

13 കളികളിൽ 9 വിജയങ്ങൾ നേടിയ ഗുജറാത്ത് ടൈറ്റൻസ് തകർപ്പൻ ഫോം തുടരുകയാണ്. നിലവിൽ ഒരു മത്സരം കൂടി ബാക്കി നിൽക്കെ ഗുജറാത്ത് പ്ലേ ഓഫിൽ പ്രവേശിച്ചു കഴിഞ്ഞു. മാത്രമല്ല, പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഗുജറാത്തിന്റെ സാന്നിധ്യം ഉറപ്പായിക്കഴിഞ്ഞു. മറുഭാഗത്ത്, 12 കളികളിൽ 8 തോൽവികൾ വഴങ്ങിയ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്. ഹൈദരാബാദിന് ഇനി  രണ്ട് മത്സങ്ങൾ കൂടി ബാക്കിയുണ്ട്. ഈ രണ്ട് മത്സരങ്ങളും വിജയിച്ച് മുഖം രക്ഷിച്ച് മടങ്ങാനാകും ഹൈദരാബാദിന്റെ ശ്രമം. പ്ലേ ഓഫ് കാത്തിരിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും മുംബൈ ഇന്ത്യൻസുമാണ് ഹൈദരാബാദിന്റെ എതിരാളികൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News