ക്രിക്കറ്റ് മൈതാനത്ത് നമ്മുടെ പ്രിയതാരങ്ങൾ അസാധാരണമായ ചില നേട്ടങ്ങൾ കൈവരിച്ചതിന് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. റെക്കോർഡുകൾ എല്ലാം തകർക്കപ്പെടാനുള്ളതാണെങ്കിലും മറികടക്കാൻ അസാധ്യം എന്ന് നമ്മളെ തോന്നിപ്പിക്കുന്ന ചിലതുണ്ട്.
നമ്മുടെ ഇതിഹാസ താരങ്ങൾ അങ്ങനെ സ്വന്തമാക്കിയ ചില തകർപ്പൻ റെക്കോർഡുകൾ ഇന്നും തകർക്കപ്പെടാതെ നിലനിൽക്കുന്നുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ നേടിയ ഏക കളിക്കാരൻ എന്ന റെക്കോർഡ് ഇന്നും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിൻ്റെ പേരിലാണ്. ടി-20 ഫോർമാറ്റുകൾ കൂടുതൽ സ്വീകരിക്കപ്പെട്ടതോടെ ഈ റെക്കോർഡ് ഇന്ന് ഏറ്റവും സ്ഥിരതയുള്ള ബാറ്റർക്ക് പോലും മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡ് ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ പേരിലാണ്. 2014ലും 2017ലും ശ്രീലങ്ക, 2013ൽ ഓസ്ട്രേലിയ എന്നിവർക്കെതിരെയാണ് രോഹിതിൻ്റെ നേട്ടം. ഈ നേട്ടം കൈവരിക്കുക ഇന്നത്തെ സാഹചര്യത്തിൽ എളുപ്പമല്ല.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതിൻ്റെ റെക്കോർഡ് ശ്രീലങ്കൻ സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരൻ്റെ പേരിലുള്ളതാണ്. 133 മത്സരങ്ങളിൽ നിന്ന് നേടിയ ഈ റെക്കോർഡ് നിലവിലെ ബൗളർമാർക്ക് എറിഞ്ഞിടാൻ കഴിയാത്തത്ര ഉയരത്തിൽ ഇന്നും തുടരുന്നു.
2004-ൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ഒരു റെക്കോർഡ് സ്ഥാപിച്ചു. ഇംഗ്ലണ്ടിനെതിരെ 400 റൺസ് നേടി, ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് 20 വർഷങ്ങൾ കഴിഞ്ഞിട്ടും തകർക്കപ്പെട്ടിട്ടില്ല.
286 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ ഒന്നിലും ഗോൾഡൻ ഡക്കിന് (ആദ്യ പന്തിൽ തന്നെ പുറത്തായത്) പുറത്താകാത്തതിൻ്റെ അതുല്യമായ റെക്കോർഡ് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിൻ്റെ പേരിലുള്ളതാണ്.