IPL 2023: പഞ്ചാബിനെ പഞ്ചറാക്കി ഡൽഹി; രാജസ്ഥാന് പ്രതീക്ഷ

DC beat PBKS by 15 runs: നി‍ർണായക മത്സരത്തിൽ പരാജയപ്പെട്ടതോടെ പഞ്ചാബ് കിം​ഗ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.   

Written by - Zee Malayalam News Desk | Last Updated : May 18, 2023, 08:49 AM IST
  • നിർണായക മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
  • ഡേവിഡ് വാർണറും പൃഥ്വി ഷായും ഡൽഹിയ്ക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്.
  • ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 10.2 ഓവറിൽ 94 റൺസ് അടിച്ചെടുത്തിരുന്നു.
IPL 2023: പഞ്ചാബിനെ പഞ്ചറാക്കി ഡൽഹി; രാജസ്ഥാന് പ്രതീക്ഷ

ഐപിഎല്ലിൽ ആശ്വാസ ജയവുമായി ഡൽഹി ക്യാപിറ്റൽസ്. പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ഡൽഹി 15 റൺസിനാണ് വിജയിച്ചത്. നിർണായക മത്സരത്തിൽ പരാജയപ്പെട്ടതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി. 

നിർണായക മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡേവിഡ് വാർണറും പൃഥ്വി ഷായും ഡൽഹിയ്ക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 10.2 ഓവറിൽ 94 റൺസ് അടിച്ചെടുത്തിരുന്നു. 31 പന്തിൽ 46 റൺസ് നേടിയാണ് വാർണർ പുറത്തായത്. ഫോമില്ലായ്മയുടെ പേരിൽ വിമർശനങ്ങൾക്ക് ഇരയായ പൃഥ്വി ഷാ 38 പന്തിൽ 7 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റൺസ് നേടി. 

ALSO READ: മുംബൈ ഇന്ത്യൻസ് താരം അർജുൻ ടെൻഡുൽക്കർക്ക് നായയുടെ കടിയേറ്റു

37 പന്തിൽ 6 ബൗണ്ടറികളും 6 സിക്‌സറുകളും പറത്തിയ റിലീ റൂസോ 82 റൺസും ഫിൽ സാൾട്ട് 14 പന്തിൽ 26 റൺസും നേടി പുറത്താകാതെ നിന്നു. ടോപ് ഓർഡറിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഡൽഹി 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. സാം കറനാണ് പഞ്ചാബിന് വേണ്ടി ഡൽഹിയുടെ 2 വിക്കറ്റുകളും വീഴ്ത്തിയത്. 

മറുപടി ബാറ്റിംഗിൽ പഞ്ചാബിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ നായകൻ ശിഖർ ധവാൻ പുറത്തായി. അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രഭ്‌സിമ്രാൻ സിംഗിന് (22) തിളങ്ങാനായില്ല. മൂന്നാമനായി ക്രീസിലെത്തിയ അഥർവ തൈഡേയും ലിയാം ലിവിംഗ്സ്റ്റണും മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും ഫലമുണ്ടായില്ല. 42 പന്തിൽ 55 റൺസ് നേടിയ തൈഡേയെ പഞ്ചാബ് പിൻവലിച്ച തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. വമ്പൻ അടിക്കാരായ ജിതേഷ് ശർമ്മ (0), ഷാറൂഖ് ഖാൻ (6), സാം കറൻ (11) എന്നിവർ അതിവേഗം മടങ്ങി. 

49 പന്തിൽ 5 ബൗണ്ടറികളും 9 സിക്‌സറുകളും സഹിതം 94 റൺസുമായി അവസാനം വരെ പോരുതിയ ലിവിംഗ്‌സ്റ്റൺ 94 റൺസ് നേടി. ഡൽഹിയ്ക്ക് വേണ്ടി ഇഷാന്ത് ശർമ്മ, ആൻ റിച്ച് നോർച്ചെ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ഖലീൽ അഹമ്മദ്, അക്‌സർ പട്ടേൽ എന്നിവർ ഓരോ വീക്കറ്റ് വീതം സ്വന്തമാക്കി. 

13 കളികളിൽ 5 വിജയങ്ങളും 8 പരാജയങ്ങളും അക്കൗണ്ടിലുള്ള ഡൽഹി 10 പോയിന്റുമായി 9-ാം സ്ഥാനത്താണ്. നേരത്തെ തന്നെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. മറുഭാഗത്ത്, 13 കളികളിൽ 6 ജയവുമായി പഞ്ചാബ് 8-ാം സ്ഥാനത്താണ്. ഡൽഹിയുടെ ജയത്തോടെ രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫിൽ എത്താൻ നേരിയ പ്രതീക്ഷ ലഭിച്ചു. എന്നാൽ, അവസാന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തോൽക്കുകയും പഞ്ചാബിനെതിരായ അവസാന മത്സരം രാജസ്ഥാൻ ജയിക്കുകയും വേണം. 

നിലവിൽ 13 മത്സരങ്ങളിൽ 12 പോയിന്റുമായി രാജസ്ഥാൻ റോയൽസ് ആറാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും 14 പോയിന്റുമായി മുംബൈ ഇന്ത്യൻസുമാണ് രാജസ്ഥാന് മുന്നിലുള്ളത്. 15 പോയിന്റുകൾ നേടിയ ചെന്നൈ സൂപ്പർ കിങ്സാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ലക്നൗ സൂപ്പർ ജയന്റ്സ് 15 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. 18 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News