ചെന്നൈ: ഐപിഎല്ലിന്റെ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.
ആവേശം അവസാന പന്തുവരെ നീണ്ടുവെങ്കിലും നിലവിലെ ചാമ്പ്യന്മാർക്ക് ഒടുവിൽ കീഴടങ്ങേണ്ടി വന്നു. ആദ്യമേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ അവസാന പന്തിൽ രണ്ട് വിക്കറ്റ് ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ബാംഗ്ലൂരിനായി അഞ്ച് വിക്കറ്റ് നേടി ഹർഷൽ പട്ടേൽ ബൗളിങ്ങിൽ തിളങ്ങി. നാല് ഓവറിൽ 27 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് ഹർഷൽ പട്ടേൽ വീഴ്ത്തിയത്.
Alo Read: IPL 2021: Opening Match ന് തയ്യാറായി Virat Kohli ഒപ്പം ആരാധകർക്ക് സന്ദേശവും
മുംബൈയുടെ ടോപ് സ്കോറർ 35 പന്തിൽ മൂന്നു സിക്സും നാലു ഫോറുമടക്കം 49 റൺസെടുത്ത ക്രിസ് ലിനാണ്. ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുംബൈക്കായി ഓപ്പൺ ചെയ്ത ക്രിസ് ലിന്നും രോഹിത് ശർമയും പതുക്കെയാണ് തുടക്കമിട്ടത്.
ശരിക്കും പറഞ്ഞാൽ അവർക്ക് ആദ്യ ഓവറുകളിൽ താളം കണ്ടെത്താൻ കഴിഞ്ഞില്ലഎന്നുവേണം പറയാൻ. എങ്കിലും വളരെ ശ്രദ്ധയോടെയാണ് അവർ ബാംഗ്ലൂർ ബോളർമാരെ നേരിട്ടത്. ശേഷം പതുക്കെ സ്കോർ ഉയർത്തുന്നതിനിടയിൽ 24 റൺസ് എത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ ഔട്ട് ആകുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്രിസ് ലിൻ - സൂര്യകുമാർ യാദവ് സഖ്യം 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും കൈൽ ജാമിസൺ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ 23 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 31 റൺസെടുത്ത സൂര്യകുമാർ പുറത്താകുകയായിരുന്നു.
ഒരു വിധം നല്ലൊരുസ്കോറിലേക്ക് കുതിക്കുകയായിരുന്ന മുംബൈ ഇന്നിങ്സിനെ കുടുക്കിയത് ഹർഷൽ പട്ടേലിൻ്റെ ബൗളിംഗ് തന്നെയായിരുന്നു. ചെപ്പോക്കിലെ പിച്ചിൽ സ്പിന്നർമാർക്ക് പിന്തുണ ലഭിക്കും എന്ന് വിചാരിച്ചെങ്കിലും ബാംഗ്ലൂരിൻ്റെ സ്പിന്നർമാരെ മുംബൈ ബാറ്റ്സ്മാൻമാർ അടിച്ചൊതുക്കുകയായിരുന്നു.
കോഹ്‌ലി സ്പിന്നർമാരെ പന്ത് ഏൽപ്പിച്ചപ്പോൾ മുംബൈ സ്കോർബോർഡ് അതിവേഗം ചലിച്ചുവെങ്കിലും പേസർമാർ മുംബൈ ബാറ്റ്സ്മാൻമാരെ ഒതുക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനു വേണ്ടി വിരാട് കോഹ്‌ലിക്കൊപ്പം ഇറങ്ങിയത് യുവതാരം വാഷിംഗ്ടൺ സുന്ദറായിരുന്നു. ദേവദത്ത് പടിക്കലിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരാകും അദ്ദേഹത്തിന് പകരം എന്ന ആകാംഷയ്ക്കുള്ള അടിപൊളി സർപ്രൈസ് ആയിരുന്നു വാഷിംഗ്ടൺ സുന്ദറിന്റെ എൻട്രി.
ആദ്യ ഓവറിലെ ബൗണ്ടറിയോടെയായിരുന്നു കോഹ്ലിയുടെ തുടക്കം. ഒപ്പം 5 വൈഡ് കൂടിയായപ്പോൾ പിന്നെ പറയുകയും വേണ്ട. കോഹ്ലിയോടൊപ്പം പിടിച്ചുനിൽക്കാൻ പാടുപെട്ട സുന്ദറിനെ ക്രുനാല്‍ പാണ്ഡ്യയാണ് മടക്കിയത്.
കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനം കാഴ്ചവെച്ച ഗ്ലെന്‍ മാക്‌സ്വെല്‍ ഇത്തവണ ബാംഗ്ലൂരിനായി നല്ല പ്രകടനമാണ് കാഴ്ചവച്ചത്. പന്ത്രണ്ടാം ഓവറിൽ അനായാസം മുന്നേറിക്കൊണ്ടിരുന്ന ബാംഗ്ലൂരിനെ തളക്കാൻ രോഹിത് ശർമ്മ ബുമ്രയെ പന്തേൽപ്പിക്കുകയായിരുന്നു. ഇതോടെ കോഹ്ലി ബുമ്രയ്ക്ക് മുന്നിൽ മുട്ടുമടക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...