പത്ത് വർഷമാകുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ഐസിസി ട്രോഫിയിൽ മുത്തമിട്ടിട്ട്. 2013ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ നേടിയ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഒരു ഐസിസി ടൂർണമെന്റിന്റെയും കപ്പ് ഇന്ത്യൻ മണ്ണിലേക്ക് എത്തിട്ടില്ല. വിരാട് കോലിയുടെ നേതൃത്വത്തിൽ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും ലോർഡ്സിൽ ന്യൂസിലാൻഡിനോട് തോറ്റതോടെ ആ പ്രതീക്ഷയും നഷ്ടമായി. ഇന്ത്യൻ ടീമിനുള്ളിലെ ചില പ്രശ്നങ്ങൾക്കിടെയിൽ യുഎഇ ദയനീയമായി ട്വന്റി20 ലോകകപ്പിൽ പുറത്താകേണ്ടി വന്നു. ഈ കഴിഞ്ഞ ഓസ്ട്രേലിയൻ ലോകകപ്പിലെ സ്ഥിതി വിശേഷം അതൊക്കെ തന്നെയാണെങ്കിലും സെമി ഫൈനൽ വരെ രോഹിത്തും സംഘവമെത്തി. പക്ഷെ ആരാധകർ ചോദിക്കുന്ന ഒരയൊരു ചോദ്യം ട്രോഫി എവിടെ എന്നാണ്?
പുതിയ ക്യാപ്റ്റൻ
ട്രോഫി എവിടെ എന്ന ചോദ്യം മുന്നോട്ട് വെക്കുന്നത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിന്മേലുള്ള വിശ്വാസം നഷ്ടപ്പെടലാണ്. വിരാട് കോലിയും ബിസിസിയും തമ്മിൽ സൗന്ദര്യ പിണക്കത്തിനിടെയണ് രോഹിത് ശർമയോടെ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുന്നത്. മുംബൈ ഇന്ത്യൻസ് നായകന്റെ ഫിറ്റ്നെസും ഫോമും അൽപം നിറം മങ്ങിയ തുടങ്ങിയ സമയത്താണ് ബിസിസിഐ രോഹിത്തിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചുമതലയും കൂടി നൽകുന്നത്. അതും താരത്തിന് വലിയ പരിചയ സമ്പത്ത് ഇല്ലാത്ത ടെസ്റ്റ് ഉൾപ്പെടെ മൂന്ന് ഫോർമാറ്റുകളുടെ ചുമതലയാണ് ബിസിസിഐ വിരാടുമായി പരസ്യമായി ഏറ്റമുട്ടിയപ്പോൾ രോഹിത്തിനെ ഏൽപ്പിച്ചത്.
ALSO READ : IND vs NZ : മഴ വില്ലൻ; ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടി20 ഉപേക്ഷിച്ചു
സത്യം പറഞ്ഞാൽ രോഹിത്ത് തന്നെയായിരുന്നോ യുഎഇ ലോകകപ്പിന് ശേഷം മുതൽ ഓസ്ട്രേലിയൻ ലോകകപ്പ് വരെയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ എന്ന് ചോദിച്ച് പോകും. ഈ കാലയളവിൽ വിവിധ പരമ്പരകളിലായി ഇന്ത്യയെ നയിച്ചത് എട്ടോ ഒമ്പതോ ക്യാപ്റ്റൻമാരാണ്. സീനിയർ താരങ്ങൾക്ക് വിശ്രമം എന്ന പേരിൽ രോഹിത്തിനും നൽകും ബിസിസിഐ വിശ്രമം. പകരം മറ്റ് താരങ്ങളെ ഏൽപ്പിക്കും പരമ്പരകളെ നിയന്ത്രിക്കാൻ. അപ്പോൾ ശരിക്കും പറഞ്ഞാൽ രോഹിത് അടുത്ത ഒരു സ്ഥിരം ക്യാപ്റ്റനെ കണ്ടെത്തുന്നത് വരെയുള്ള ഒരു കെയർ ടേക്കർ നായകനായിരുന്നോ സംശയിക്കേണ്ടി വരും.
പുതിയ ക്യാപ്റ്റനായി ബിസിസിഐയുടെ മുന്നിൽ നിലവിലുള്ള ഉപനായകൻ കെ.എൽ രാഹുൽ അല്ല. ഫോമും പ്രകടനവും പരിചയ സമ്പത്തും എല്ലാം വച്ച് നോക്കുമ്പോൾ പുതിയ ക്യാപ്റ്റൻസി ചർച്ചയ്ക്കെടുമ്പോൾ ഹാർദിക് പാണ്ഡ്യയുടെ പേരാകാം ബിസിസിഐ മുന്നോട്ട് വെക്കുക. 29കാരനായ താരം ഒരു ഒറ്റ സീസൺ കൊണ്ടാണ് ഐപിഎല്ലിൽ പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യന്മാരാക്കിയത്. ഫേവറേറ്റ് ലിസ്റ്റിൽ പോലുമില്ലാതിരുന്ന ഗുജറാത്ത് ടീം കപ്പ് അടിച്ചപ്പോൾ ബിസിസിഐ തങ്ങളുടെ ഭാവി ക്യാപ്റ്റന്റെ ജന്മമാണ് കണ്ടത്. ടി20ക്ക് ഇന്ത്യ പുതിയ ക്യാപ്റ്റനെ പരിഗണിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല അതും ഹാർദിക് പാണ്ഡ്യയും കൂടിയാകുമ്പോൾ മികച്ച തീരുമാനമായിരിക്കുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.
ഹാർദിക്കിന്റെ ക്യാപ്റ്റൻസിയുടെ ആദ്യ പാഠം രോഹിത്തിൽ നിന്ന്
അഞ്ച് തവണ രോഹിത് ശർമ മുംബൈയ്ക്കായി ഐപിഎൽ സ്വന്തമാക്കിയപ്പോൾ അവിടെ ഹാർദിക് പാണ്ഡ്യയെന്ന താരത്തിന്റെ സാന്നിധ്യം എടുത്ത് പറയേണ്ടതാണ്. ഓൾറൗണ്ട് പ്രകടനത്തിൽ മുംബൈയുടെ വിശ്വസ്തനായിരുന്ന താരത്തെ കഴിഞ്ഞ സീസണിൽ മെഗാ താരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യ നിലനിർത്താതെ വിട്ടു. ചില അഭ്യുഹങ്ങൾ പ്രകാരം ഹാർദിക് ഫ്രാഞ്ചൈസിയോട് മുംബൈയുടെ ക്യാപ്റ്റനാകണമെന്ന് ആവശ്യപ്പെട്ടിരുന്നുയെന്നാണ്. എന്നാൽ ഇത് നിരാകരിച്ച എംഐ ടീം മാനേജ്മെന്റ് താരത്തെ വിട്ടു കളയുകയായിരുന്നു.
ക്യാപ്റ്റൻസിയുടെ ആദ്യ പാഠം രോഹിത്തിൽ നിന്നും പഠിച്ച് ഹാർദിക് ലീഗിലെ പുതുമുഖങ്ങളുടെ നായക സ്ഥാനത്തെത്തി. ഒപ്പം എംഐ മാനേജ്മെന്റിനെ തന്റെ കരുത്ത് ഒരു ഒറ്റ സീസൺ കൊണ്ട് പാണ്ഡ്യ തെളിയിച്ച് കൊടുക്കകുയും ചെയ്തു. അന്ന് മുംബൈയോട് ടീമിലെ രോഹിത്തിന്റെ സ്ഥാനം വേണമെന്നാവശ്യപ്പെട്ട് ഹാർദിക് തന്നെയാണ് ഇന്ന് ഇന്ത്യയോട് അതെ താരത്തിന്റെ ക്യാപ്റ്റൻസി വേണമെന്ന് പറയാൻ വളർന്നിരിക്കുന്നത്. ടി20യിൽ നിശ്ചിത ഓവർ ഫോർമാറ്റിൽ രോഹിത്തിനെ കഴിഞ്ഞ് ഒരു നായകൻ ആര് എന്ന് ബിസിസിഐ ചിന്തിക്കുമ്പോൾ ഹാർദിക് അല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലയെന്ന് പറയേണ്ടി വരും.
മാറ്റങ്ങളുടെ തുടക്കം
ഐപിഎൽ 2022 സീസണിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ പ്രഥമ സീസണിൽ തന്നെ കപ്പ് ഉയർത്തിയതോടെയാണ് ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെ ബിസിസിഐ മനസ്സിലാക്കാൻ തുടങ്ങിയത്. ശേഷം ഐർലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ടി20 പരമ്പര നയിക്കാൻ ബിസിസിഐ ഹാർദിക് പാണ്ഡ്യയെ ഏൽപ്പിച്ചു. രണ്ട് മത്സരങ്ങളും ജയിച്ച് ഹാർദിക് ഇന്ത്യക്കായി പരമ്പര തൂത്തുവാരി. തുടർന്ന ഇപ്പോൾ ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര നയിക്കാനും ബിസിസിഐ ചുമതലപ്പെടുത്തിയിരിക്കുന്നത് പാണ്ഡ്യയെയാണ്. രോഹിത്ത്, രാഹുൽ, കോലി ലോകകപ്പ് ഉടനീളം ഇന്ത്യൻ ടീമിൽ കളിച്ച് താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ അവർക്കൊപ്പം എല്ലാ മത്സരങ്ങളിലുമുണ്ടായിരുന്ന ഹാർദിക്കിന് കിവീസിനെതിരെയുള്ള ടി20 പരമ്പര നയിക്കാനാണ് ബിസിസിഐ നിർദേശിച്ചു.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഹാർദിക് സ്വന്തമാക്കിയാൽ 29കാരൻ വെല്ലുവിളി സൃഷ്ടിക്കുന്നത് രോഹിത് ശർമയുടെ ക്യാപ്റ്റസിയെയായിരിക്കും. ഇന്ന് ആദ്യ മത്സരം മഴ കൊണ്ടു പോയപ്പോൾ ഹാർദിക്കിന്റെ മുന്നിൽ ഇനി രണ്ട് മത്സരം മാത്രമാണ് തന്റെ കഴിവ് പ്രകടമാക്കാൻ. അതും യുവതാരങ്ങളെ വെച്ച്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...