ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരത്തെയും കൂടി അറേബ്യൻ മണ്ണിലെത്തിച്ച് സൗദി അറേബ്യ. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസെമയെയാണ് സൗദി പ്രോ ലീഗ് ക്ലബായ അൽ-ഇത്തിഹാദ് അറേബ്യൻ മണ്ണിലേക്കെത്തുന്നത്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായിട്ടുള്ള 14 വർഷത്തെ ക്ലബ് കരിയറിനൊടുവിലാണ് ബെൻസെമ സൗദിയിലേക്ക് ചേക്കേറുന്നത്. 2022-23 സൗദി പ്രോ ലീഗ് ചാമ്പ്യന്മാരാണ് ഇത്തിഹാദ്.
2025 വരെയാണ് അൽ-ഇത്തിഹാദുമായി ബാലൺ ഡി'ഓർ ഫ്രഞ്ച് താരം കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. പ്രതിവർഷം 200 മില്യൺ യൂറോയോളം (17,67,60,58,402 രൂപ) തുകയ്ക്കാണ് സൗദി ക്ലബ് ബെൻസെമ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റ് വിദഗ്ധനായ ഫബ്രിസോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. നാളെ ചൊവ്വാഴ്ച ജൂൺ ആറിന് ബെൻസെമ ഔദ്യോഗികമായി റയലിനോട് വിട പറയും.
ALSO READ : Lionel Messi: പാരീസിനോട് ഗുഡ്ബൈ പറഞ്ഞ് മെസി; കൂക്കിവിളിച്ച് പിഎസ്ജി ആരാധകർ
14 വർഷത്തെ കരിയർ അവസാനിപ്പിച്ചാണ് ബെൻസെമ റയലിനോട് വിട പറയുന്നത്. അഞ്ച് ചാമ്പ്യൻസ് ലീഗും നാല് ലാലിഗ കീരിടം ഉൾപ്പെടെ 25 ടൈറ്റിലുകളാണ് റയലിനായി ബെൻസെമ സ്വന്തമാക്കിട്ടുള്ളത്. 21-ാം വയസിൽ ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നാണ് ബെൻസെമ ബെർണബ്യുവിലേക്കെത്തുന്നത്. 647 മത്സരങ്ങളിൽ നിന്നായി 353 ഗോളുകളാണ് റയലിനായി ബെൻസെമ നേടിട്ടുള്ളത്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമാണ് ബെൻസെമ. 2022ലെ ബാലൺ ഡി'ഓർ പുരസ്കാര ജേതാവും കൂടിയാണ് ബെൻസെമ.
റൊണാൾഡോയെ അൽ-നാസർ ക്ലബ് സൗദിയിലേക്കെത്തിച്ചത് 200 മില്യൺ യൂറോ കരാറിൽ തന്നെയായിരുന്നു. ഈ കഴിഞ്ഞ ഡിസംബറിൽ വിന്റർ ബ്രേക്കിനിടെയാണ് പോർച്ചുഗീസ് സൂപ്പർ താരം മഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി മണ്ണിലേക്ക് ചേക്കേറിയത്. റൊണാൾഡോയ്ക്കും ബെൻസെമയ്ക്കും പുറമെ ലയണൽ മെസ്സി തുടങ്ങിയ വമ്പൻ താരങ്ങക്കായി സൗദി ടീം വല വിരച്ചിട്ടുണ്ട്. ഇതിനായി എസ്പിഎൽ ടീമുകൾക്ക് സൗദി ഗവർണമെന്റ് പ്രത്യേക ധനസഹായം നൽകുന്നുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...