FIFA World Cup 2022 : 'തെറ്റായ തീരുമാനം' ഒബാമയുടെ ഈ ട്വീറ്റ് മുതൽ മനുഷ്യവകാശ ലംഘനം വരെ; ലോകകപ്പിന് മുമ്പ് ഖത്തർ നേരിടുന്ന വിമർശനങ്ങൾ

Qatar World Cup Disputes 2010ലെ  ആ തീരുമാനം തെറ്റായി പോയി എന്നാണ് മുൻ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ കഴിഞ്ഞ ദിവസം ഖത്തറിനെതിരെ തുറന്നടിച്ചത്

Written by - Jenish Thomas | Last Updated : Nov 14, 2022, 03:22 PM IST
  • 2010ലാണ് ഫിഫ 2018, 2022 വർഷങ്ങളിലെ ലോകകപ്പ് ടൂർണമെന്റിന്റെ വേദികളെ പ്രഖ്യാപിക്കുന്നത്
  • സാധാരണയായി ലോകകപ്പുകൾ സംഘടിപ്പിക്കുന്നത് സമ്മർ ബ്രേക്കിലാണ്
  • ബാക്കിയുള്ള വിമർശനങ്ങളെ എല്ലാം ഖത്തർ പുഷ്പം പോലെയാണ് തള്ളിക്കള്ളഞ്ഞത്
  • ലോകകപ്പിന്റെ നിറം കെടുത്തുന്ന മറ്റൊരു വിഷയമാണ് ഖത്തറിലെ നിയമങ്ങൾ
FIFA World Cup 2022 : 'തെറ്റായ തീരുമാനം' ഒബാമയുടെ ഈ ട്വീറ്റ് മുതൽ മനുഷ്യവകാശ ലംഘനം വരെ; ലോകകപ്പിന് മുമ്പ് ഖത്തർ നേരിടുന്ന വിമർശനങ്ങൾ

Qatar World Cup Contoversies : ഫിഫയുടെ ചരിത്രത്തിൽ ഇത്രയധികം വിവാദപരമായി ഒരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത് ഖത്തർ ലോകകപ്പാകും. 2010ൽ വോട്ടെടുപ്പോടെ ഖത്തറിനെ 2022 ലോകകപ്പ് വേദിയായി പ്രഖ്യാപിക്കുന്നത് തൊട്ട് തുടങ്ങിയതാണ് ഗൾഫ് രാജ്യത്തിന് മുകളിലുള്ള വിവാദം. അത് ഇങ്ങ് ഫുട്ബോൾ മാമാങ്കം ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കുമ്പോൾ വിവാദങ്ങൾക്ക് ഒട്ടും കുറവില്ല. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഫിഫ മുൻ അധ്യക്ഷൻ സെപ്പ് ബ്ലാറ്റർ 2010ലെ ആ തീരുമാനം തെറ്റായി പോയി എന്ന് വിളിച്ച് പറയുന്നത്. കഴിഞ്ഞ ദിവസമാണ് പോപ്പ് ഗായിക ഡുഅ ലിപ താൻ ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും പിന്മാറുന്നുയെന്ന് അറിയിച്ചത്. ടൂർണമെന്റ് ഇങ്ങ് പടിക്കൽ നിൽക്കുമ്പോഴും ഖത്തറിന് മുകളിലുള്ള വിവാദങ്ങൾക്ക് ഒടുക്കമില്ല. എന്തുകൊണ്ട് ഖത്തർ ലോകകപ്പിന് ഇത്രയ്ക്ക് കുപ്രസിദ്ധി ലഭിച്ചു?

പ്രഖ്യാപനം

2010ലാണ് രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ 2018, 2022 വർഷങ്ങളിലെ ലോകകപ്പ് ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള വേദികളെ പ്രഖ്യാപിക്കുന്നത്. നാലാം റൌണ്ട് വോട്ടെടുപ്പിൽ അമേരിക്കയെ തോൽപ്പിച്ച് ഖത്തറിന്റെ പേര് ഫിഫ അന്ന് പ്രഖ്യാപിച്ചതിന്റെ തൊട്ടു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമ ട്വീറ്റ് ചെയ്യുന്നത് "തെറ്റായ തീരുമാനം" എന്ന്. ഇത് പല വിവാദങ്ങൾക്ക് വഴിവെച്ചു. അവസാനം ഫിഫയുടെ തീരമാനം അന്വേഷിക്കാൻ ഒരു എത്തിക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. യുഎസ് മുൻ പ്രൊസിക്യൂട്ടർ മൈക്കിൾ ഗാർസിയ അടങ്ങിയ എത്തിക്സ് കമ്മിറ്റിയുടെ തലവൻ ജർമൻ ന്യായധിപനായ ഹാൻസ് ജോക്കിം എക്കേർട്ടായിരുന്നു. 

ALSO READ : FIFA World Cup 2022: ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ബിടിഎസ് ജങ്കൂക്ക് പരിപാടി അവതരിപ്പിക്കും

അന്ന് ജോക്കിം സമ്മർപ്പിച്ച റിപ്പോർട്ടിൽ ഖത്തറിന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. എന്നാൽ ഇതിനെ അമേരിക്ക വീണ്ടും എതിർപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം 2017ൽ സമർപ്പിച്ച റിപ്പോർട്ടിൽ സംശയാസ്പദമായ പണമിടപാടുകളുടെ രേഖകൾ കണ്ടെത്തിയിരുന്നു. എന്നാൽ അത് ഖത്തറിലേക്ക് ലോകകപ്പ് എത്തുന്നതിനെ ബാധിച്ചില്ല. പിന്നീട് 2019ൽ ഒരു ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ഫ്രാൻസ് 2010ലെ ഈ തീരുമാനത്തെ ആസ്പദമാക്കി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഫിഫ പ്രസിഡന്റ് നിക്കോളാസ സർക്കോസി, യുവേഫ പ്രസിഡന്റ് മൈക്കിൾ പ്ലാറ്റിനി എന്നിവർക്കൊപ്പം രണ്ട് ഖത്തരി ഉദ്യോഗസ്ഥർ ഒരുമിച്ച് 2010 നവംബർ 23ന് ഭക്ഷണം കഴിച്ചതിന് കുറിച്ചാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ അഴിമതി ഉണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഫ്രഞ്ച് സർക്കാരിന്റെ അന്വേഷണം. ഇതിൽ പ്രധാനമായ ഒരു കാര്യം 2010ൽ ഫിഫ ഖത്തറിന്റെ പേര് പ്രഖ്യാപിക്കുമ്പോൾ അന്ന് ഗൾഫ് രാജ്യത്ത് ഉണ്ടായിരുന്നത് ഇത്തവണ വേദിയാകുന്ന ഒരുയൊരു സ്റ്റേഡിയം മാത്രമായിരുന്നു. 

സംഘടിപ്പിക്കുന്ന സമയം

സാധാരണയായി ലോകകപ്പുകൾ സംഘടിപ്പിക്കുന്നത് സമ്മർ ബ്രേക്കിലാണ്. എന്നാൽ 2014ൽ ഫിഫ ജനറൽ സെക്രട്ടറി ജെറോം വാൽക്കെ 2022 ലോകകപ്പ് നവംബർ-ഡിസംബർ മാസങ്ങളിലായി ശീതകാലത്ത് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമായും ഈ തീരുമാനം എടുത്തത് ഉഷ്ണക്കാലത്ത് ഖത്തറിൽ പന്ത് തട്ടുക എന്ന് പറയുന്നത് അതി വിഷമകരമാണ്. പ്രത്യേകിച്ച് ജൂൺ, ജൂലൈ മാസത്തിൽ ഖത്തറിലെ ചൂട് 50 ഡിഗ്രിയോളം ഉയരുകയും ചെയ്യും. ഇത് ടൂർണമന്റിനെ ബാധിക്കുമെന്ന് കണ്ടെത്തിയതോടെയാണ് സംഘാടകൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ വിന്റർ ബ്രേക്കിനെ തിരഞ്ഞെടുക്കുന്നത്. 

എന്നാൽ ഇതിന് യുറോപ്പിലെ പ്രധാന ലീഗുകൾ എതിർപ്പ് അറിയിക്കുകയും ചെയ്തു. നവംബർ 20ന് ആരംഭിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ താരങ്ങൾക്ക് ഒരാഴ്ച മുമ്പെങ്കിലും ടീമിനൊപ്പം ചേരാൻ സാധിക്കാത്ത രീതിയിലാണ് ക്ലബ് ഫുട്ബോൾ മത്സരങ്ങൾ ലീഗുകൾ ക്രമീകരിച്ചിരിക്കുന്നത്. നവംബർ 13നാണ് മിക്ക ലീഗുകളിലെയും വിന്റർ ബ്രേക്കിന് മുമ്പുള്ള മത്സരങ്ങൾ അവസാനിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതോ 20-ാം തീയതിയും. ഇത് താരങ്ങളുടെ പ്രകടനത്തെ തന്നെ ബാധിച്ചേക്കാം.

മനുഷ്യവകാശ ലംഘനം 

ബാക്കിയുള്ള വിമർശനങ്ങളെ എല്ലാം ഖത്തർ പുഷ്പം പോലെയാണ് തള്ളിക്കള്ളഞ്ഞത്. എന്നാൽ ഖത്തറിൽ ലോകകപ്പ് ഒരുക്കുന്നത് വേണ്ടി നിരവധി കുടിയേറ്റ തൊഴിലാളികളുടെ ജീവൻ നൽകേണ്ടി വന്നു. അതിന് വഴിവച്ചത് ഖത്തറിലെ തൊഴിൽ നിയമങ്ങളായിരുന്നു. ഈ കഴിഞ്ഞ 12 വർഷത്തിനിടെയിൽ ആറായിരത്തിലേറെ ദക്ഷിണേഷ്യൻ കുടിയേറ്റ തൊഴിലാളികളാണ് ഖത്തറിൽ ലോകകപ്പിന് വേദി സജ്ജമാക്കുന്നിതിനിടെയിൽ മരണപ്പെട്ടതെന്നാണ് മനുഷ്യവകാശ സംഘടനങ്ങൾ ആരോപിക്കുന്നത്. എന്നാൽ ഇവയെല്ലാം പൂർണമായും ഖത്തർ നിരാകരിക്കുന്നില്ലയെന്നാണ് വാസ്തവം.

ALSO READ : FIFA World Cup 2022 : ലോകകപ്പിനായി ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

2021 ഫെബ്രുവരിയിൽ ഇംഗ്ലീഷ് മാധ്യമമായ ഗ്വാർഡിയൻ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഏകദേശം 6500 ദക്ഷിണേഷ്യൻ തൊഴിലാളികളാണ് ഖത്തറിൽ 2010ന് ശേഷം മരിച്ചത്. ഇത് സംബന്ധിച്ച് ഖത്തർ പൂർണാമായ വിവരങ്ങൾ പങ്കുവച്ചിട്ടില്ലയെന്നാണ് അന്തരാഷ്ട്ര തൊഴിലാളി സംഘടന പറഞ്ഞിരുന്നത്. എന്നാൽ ഈ മരണങ്ങൾ ടൂർണമെന്റ് ഒരുക്കുന്നതുമായി സംബന്ധിച്ചുള്ളതല്ലയെന്ന് ഖത്തർ ലോകകപ്പ് സംഘാടകരും അധികാരികളും തർക്കിച്ചു. 

വിമർശനങ്ങൾ കടുപ്പമായതോടെ ഖത്തർ തങ്ങളുടെ തൊഴിൽ നിയമങ്ങൾ മയപ്പെടുത്തി. കഫാല പോലെയുള്ള കഠിന നിയമങ്ങൾ ഖത്തർ ഒഴിവാക്കി. ഒപ്പം മിനിമം വേതനം, ഉഷ്ണക്കാലത്ത് പ്രത്യേക തൊഴിൽ നിയമങ്ങൾ തുടങ്ങിയവ ഖത്തർ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു. അവിടെ കൊണ്ടൊന്നും തീർന്നില്ല, യുറോപ്യൻ രാജ്യങ്ങൾ ഇതിന്റെ പേരിൽ ഖത്തറിനെ പലതരത്തിലും കുറ്റപ്പെടുത്തി. അവസാനം ഖത്തർ തിരിച്ചടിക്കുകയും ചെയ്തിരുന്നു. മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് വേണ്ടി നഷ്ടപരിഹാരം ഫിഫയും ഖത്തർ അധികാരികളും നൽകണമെന്ന് ആംനെസ്റ്റി ഇന്റർനാഷ്ണലും മറ്റ് രാജ്യാന്തര മനുഷ്യവകാശ സംഘടനകളും ആവശ്യപ്പെട്ടു. ഇന്ന് ഖത്തറിനെ പല മേഖലയിൽ നിന്നും കുറ്റപ്പെടുത്തുന്നത് പ്രധാനമായും ഈ മനുഷ്യവകാശ ലംഘനങ്ങളുടെ പേരിലാണ്.

ഖത്തർ നിയമങ്ങൾ

2022 ഫിഫ ലോകകപ്പിന്റെ നിറം കെടുത്തുന്ന മറ്റൊരു വിഷയമാണ് ഖത്തറിലെ നിയമങ്ങൾ. സ്ത്രീകളുടെ അവകാശ ലംഘനം, എൽജിബിടിക്യു സമൂഹത്തിനെതിരായുള്ള അറബ് നിയമങ്ങൾ തുടങ്ങിയവ ഖത്തറിലേക്ക് ഫുട്ബോൾ ആരാധകരെ എത്തിക്കുന്നതിൽ പിന്നോട്ട് വലിക്കുന്നുണ്ട്. ലോകകപ്പ് സംഘാടകർ പറയുന്നത് യാതൊരു മാറ്റി നിർത്തലുകൾ ഇല്ലാതെ എല്ലാവർക്കും ഖത്തറിലേക്ക് സ്വാഗതം എന്നാൽ നിയമങ്ങളെ ചോദ്യം ചെയ്യാൻ പാടില്ല. സ്വവർഗ്ഗരതിക്ക് പിടിയിൽ ആകുന്നവർക്ക് ഒരു വർഷത്തേക്ക് ജയിൽ ശിക്ഷയാണ് ഖത്തറിൽ ലഭിക്കുന്നത്. വിവാഹേതര ലൈംഗിക ബന്ധത്തിന് ഏഴ് വർഷത്തെ ശിക്ഷയാണ് ഖത്തറിൽ ഏർപ്പെടുത്തിരിക്കുന്നത്. ഇത് മാത്രമല്ല പൊതു ഇടങ്ങളിൽ മദ്യപിച്ചു കൊണ്ട് പാർട്ടി തുടങ്ങിയ ആഘോഷങ്ങൾ ഒന്നും പാടില്ല. ഖത്തറിലെ മിക്ക ഇടങ്ങളിലും ഇത്തരത്തിലുള്ള ആഘോഷ പ്രകടനങ്ങൾക്ക് കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News