ഓസ്‌ട്രേലിയയ്ക്ക് എതിരെ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ അനായാസ ജയമാണ് സ്വന്തമാക്കിയത്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഓള്‍ റൗണ്ട് മികവ് പുലര്‍ത്തിയ ടീം ഇന്ത്യ ഏകദിനത്തില്‍ പാകിസ്താനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയം ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമെന്ന അപൂര്‍വ റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി.
മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 277 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് രാഹുലായിരുന്നു. 63 പന്തുകള്‍ നേരിട്ട രാഹുല്‍ പുറത്താകാതെ 58 റണ്‍സ് നേടി. സിക്‌സറിലൂടെ വിജയം ഉറപ്പിച്ച രാഹുല്‍ വിക്കറ്റ് പിന്നിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 48.4 ഓവറിലാണ് ഇന്ത്യ വിജയിച്ചത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഋതുരാജ് ഗെയ്ക്വാദും അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നു. ഏകദിനത്തില്‍ ഫോമില്ലായ്മയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ച്വറി നേടിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. പേസര്‍ മുഹമ്മദ് ഷാമി 5 വിക്കറ്റ് നേടിയിരുന്നു.
ALSO READ: എല്ലാ ഫോര്‍മാറ്റിലും നമ്പര്‍ വണ്‍; ചരിത്രം കുറിച്ച് ടീം ഇന്ത്യ
അതേസമയം, ഒന്നാം ഏകദിനത്തിലെ വിജയത്തിലൂടെ കെ.എല്‍ രാഹുല്‍ നായകനെന്ന നിലയില്‍ പുതിയ നേട്ടം സ്വന്തമാക്കി. 1996ന് ശേഷം ഓസ്‌ട്രേലിയയ്ക്ക് എതിരെ മൊഹാലിയില്‍ ഇന്ത്യ ആദ്യമായാണ് വിജയിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നായകനായ കാലത്താണ് ഇന്ത്യ മൊഹാലിയില്‍ ഓസീസിനെതിരെ അവസാനമായി വിജയിച്ചത്. 6 തവണ മൊഹാലിയില്‍ കളത്തിലിറങ്ങിയ ഓസീസ് ആറിലും വിജയിച്ചു. ഇന്ത്യയുടെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കും വിരാട് കോഹ്ലിയ്ക്കും മൊഹാലിയില്‍ കംഗാരുക്കളെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...