മുംബൈ: ഐപിഎൽ 2022 സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 9 പന്ത് ശേഷിക്കെ കൊൽക്കത്ത മറികടന്നു. ചെന്നൈ സൂപ്പർ കിങ്സിൻ്റെ നായകസ്ഥാനം ധോണി ജഡേജയ്ക്ക് കൈമാറിയതിന് ശേഷമുള്ള ആദ്യ മത്സരം കൂടിയാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ചെന്നൈ വലിയ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. ആറാം വിക്കറ്റിൽ ധോണി-ജഡേജ സഖ്യമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലക്ക് നയിച്ചത്. 38 പന്തിൽ നിന്ന് 50 റൺസ് നേടിയ ധോണിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. 28 റൺസ് നേടിയ റോബിൻ ഉത്തപ്പയും 26 റൺസ് നേടിയ നായകൻ രവീന്ദ്ര ജഡേജയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കളിയിലെ താരം. വരുൺ ചക്രവർത്തി, ആന്ദ്രേ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അനാവശ്യമായി ബാറ്റ്സ്മാൻമാർ വിക്കറ്റ് കളഞ്ഞതാണ് ചെന്നൈയെ പ്രതിസന്ധിയിലാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുക്കയായിരുന്നു. 44 റൺസ് നേടിയ അജിങ്ക്യ രഹാനെയാണ് ടോപ് സ്കോറർ. സാം ബില്ലിങ്സ് (25), നിതീഷ് റാണ (21), വെങ്കിടേഷ് അയ്യർ (16) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. നായകൻ ശ്രേയസ് അയ്യർ 20 റൺസെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ മൂന്ന് വിക്കറ്റും മിച്ചൽ സാൻ്റനർ ഒരു വിക്കറ്റും വീഴ്ത്തി.
ഐപിഎല്ലിലെ പുതിയ ടീമായ ലക്നൗ സൂപ്പർ ജൈൻ്റ്സിനെതിരെ മാർച്ച് 31നാണ് ചെന്നൈയുടെ അടുത്ത മത്സരം. മാർച്ച് 30ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ എതിരാളികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...