ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയത് ലോകകപ്പിൽ ആഘോഷമാക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ലോകകപ്പിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഷമി ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്.
Mohammad Shami - Hasin Jahan controversy: ന്യൂസിലൻഡിനെതിരെ മുംബൈയിൽ നടന്ന ആദ്യ സെമിയിൽ ഷമി ഏഴ് വിക്കറ്റ് നേടിയിരുന്നു. ഷമിയുടെ സ്വകാര്യ ജീവിതവും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹം ഭാര്യ ഹസിൻ ജഹാനുമായി വേർപിരിഞ്ഞതും തുടർന്നുണ്ടായ വിവാദങ്ങളും അടുത്തിടെ വലിയ വാർത്തയായിരുന്നു. ഇരുവർക്കുമിടയിൽ സംഭവിച്ചത് എന്താണെന്ന് നോക്കാം.
വ്യഭിചാരം, ഒത്തുകളി, ഗാർഹിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങളാണ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ ഉന്നയിച്ചത്. ഈ ആരോപണങ്ങളെ തുടർന്ന് ബിസിസിഐ മുഹമ്മദ് ഷമിയുടെ കരാർ പോലും തടയുന്ന അവസ്ഥയുണ്ടായി.
വിവിധ സ്ത്രീകളുമായുള്ള സംഭാഷണങ്ങളും ടെലിഫോൺ റെക്കോർഡിംഗുകളും തെളിവായി ചൂണ്ടിക്കാട്ടി ഹസിൻ ജാദവ്പൂർ പോലീസ് സ്റ്റേഷനിൽ ഷമിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.
ഹസിൻ ജഹാന്റെ എല്ലാ ആരോപണങ്ങളെയും ഷമി ശക്തമായി നിഷേധിച്ചു. തന്റെ രാജ്യത്തിനായി മരിക്കാൻ പോലും തയ്യാറാണെന്നും പക്ഷേ ഒരിക്കലും ഒറ്റിക്കൊടുക്കില്ലെന്നും ഒത്തുകളി വിവാദത്തിൽ ഷമി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂലൈയിൽ, ഷമിയ്ക്ക് എതിരെയുള്ള ഗാർഹിക പീഡനക്കേസ് ഒരു മാസത്തിനകം പരിഹരിക്കാൻ സുപ്രീം കോടതി പശ്ചിമ ബംഗാൾ സെഷൻസ് കോടതിയോട് നിർദ്ദേശിച്ചതാണ് ഈ വിഷയത്തിൽ ഒടുവിൽ വന്ന അപ്ഡേറ്റ്.
33കാരനായ മുഹമ്മദ് ഷമി ഉത്തർപ്രദേശിലെ അംറോഹയിലാണ് ജനിച്ചത്. പശ്ചിമ ബംഗാളിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷമി തുടങ്ങിയത്.
ഇന്ത്യക്കായി 177 മത്സരങ്ങളിൽ നിന്ന് 415 വിക്കറ്റുകൾ നേടിയ ഷമി ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമാണ്. ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ താരം, ഏകദിന ലോകകപ്പ് മത്സരത്തിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റർ തുടങ്ങി നിരവധി നേട്ടങ്ങൾ ഷമി സ്വന്തമാക്കിയിട്ടുണ്ട്.
ഈ ലോകകപ്പിൽ വെറും 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷമി തീപ്പൊരി പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.