ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമായിരുന്നു ശ്രീദേവി. ബാലതാരമായി സിനിമയിൽ എത്തിയ ശ്രീദേവിയുടെ വിയോഗം ഇന്നും ആരാധകര്‍ക്ക് ഒരു നൊമ്പരമാണ്.
ശ്രീദേവിയുടെ 58ാം പിറന്നാളാണിന്ന്. താരത്തിന്‍റെ അസാനിധ്യത്തിലും ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. ശ്രീദേവിയ്ക്ക് പിറന്നാൾ ആശംസകള്‍ നേർന്നു കൊണ്ട് മക്കളും ബോളിവുഡ് സിനിമാ ലോകവും എത്തിയിരിക്കുകയാണ്.
1963 ആഗസ്റ്റ് 13ന് ചെന്നൈയിലെ ശിവകാശിയിലാണ് ശ്രീദേവിയുടെ ജനനം. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു നടിയുടെ ചെറുപ്പത്തിലെ പേര്. പിന്നീട് സിനിമയില്‍ എത്തിയതോടെ പേര് മാറ്റുകയായിരുന്നു. നാലാം വയസിലാണ് ശ്രീദേവിയുടെ സിനിമാ പ്രവേശനം.
ബാലതാരമായി തെന്നിന്ത്യയിൽ തിളങ്ങിയ ശ്രീദേവി 1976 ൽ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കമൽ ഹാസനും രജനികാന്തും പ്രധാന വേഷത്തിലെത്തിയ മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കമലിനും രജനിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും സജീവമായിരുന്നു ശ്രീദേവി. പിന്നീട് ബോളിവുഡിലേയ്ക്ക് ചേക്കേറിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല.
താരത്തിന്‍റെ സിനിമകള്‍ പോലെതന്നെ ജീവിതവും വലിയ ചർച്ചയായിരുന്നു. നടിയുടെ പ്രണവും വിവാഹവും ബോളിവുഡ് കോളങ്ങളിൽ ഇന്നും ചർച്ചയാണ്. നിർമ്മാതാവ് ബോണി കപൂറുമായുളള പ്രണയവും തുടർന്നുള്ള വിവാഹവും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
നിര്‍മ്മാതാവ് ബോണി കപൂറിന്‍റെ ആദ്യ ഭാര്യയായ മോനാ കപൂറിന്‍റെ അടുത്ത സുഹൃത്തായിരുന്നു ശ്രീദേവി. പിന്നീട് ശ്രീദേവിയും ബോണി കപൂറും തമ്മിൽ അടുക്കുകയായിരുന്നു. 1996 ലാണ് ഇരുവരും വിവാഹം കഴിയ്ക്കുന്നത്. വിവാഹത്തോടെ സിനിമയില്‍നിന്നും വട്ടു നില്‍ക്കുക യായിരുന്നു ശ്രീദേവി.
മക്കളായ ജാൻവിയും ഖുഷിയും അടങ്ങുന്ന ലോകത്ത് ഒതുങ്ങിയ അവര്‍ ബോളിവുഡിലെ സൂപ്പർ മദർ എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അവസാനം വരെ അങ്ങനെ തന്നെയായിരുന്നു. മക്കളെ ചുറ്റിപ്പറ്റിയായിരുന്നു നടിയുടെ ജീവിതം.
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത ശ്രീദേവി 15 വർഷത്തിന് ശേഷം 2012 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് വീണ്ടും മടങ്ങിയെത്തി. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു. 2017 ൽ പുറത്ത് ഇറങ്ങിയ "മോം" ആയിരുന്നു ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം.