പ്രായ വ്യത്യാസമില്ലാതെ മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ഡാർക്ക് ചോക്ലേറ്റ് രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണെന്ന് നിങ്ങൾക്കറിയാമോ?
5 benefits of Dark chocolate for men: ഡാർക്ക് ചോക്ലേറ്റ് പുരുഷൻമാർക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
രക്തയോട്ടം മെച്ചപ്പെടുത്തുന്നു: ഡാർക്ക് ചോക്ലേറ്റിൽ കൊക്കോ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് സിരകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുരുഷന്മാർക്ക് ഇത് ലൈംഗികപരമായി പല ഗുണങ്ങളും നൽകുന്നു. ഇത് ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഉദ്ധാരണം ശക്തിപ്പെടുത്തുകയും ചെയ്യും.
ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നു: ഡാർക്ക് ചോക്ലേറ്റ് പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പേശികളുടെ വളർച്ചയുൾപ്പെടെ പല നിർണായക ഗുണങ്ങളും ടെസ്റ്റോസ്റ്റിറോൺ നൽകുന്നു.
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നം: ഡാർക്ക് ചോക്ലേറ്റ് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ഫ്രീ റാഡിക്കലുകൾ കോശങ്ങളെ നശിപ്പിക്കുകയും ഡിഎൻഎയെ നശിപ്പിക്കുകയും ചെയ്യും. ഇത് പ്രത്യുൽപാദന ശേഷി കുറയ്ക്കും.
സമ്മർദ്ദം കുറയ്ക്കും: ഡാർക്ക് ചോക്ലേറ്റ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സമ്മർദ്ദം പുരുഷ പ്രത്യുത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. ഡാർക്ക് ചോക്ലേറ്റിലെ കൊക്കോ ഫ്ലേവനോയിഡുകൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും: ഡാർക്ക് ചോക്ലേറ്റ് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും ഞരമ്പുകളെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.