ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കലാണ് റിപ്പബ്ലിക് ദിനം.
1950 ൽ ഇന്ത്യൻ ഭരണഘടന സ്ഥാപിതമായത് മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന നിലയിൽ എല്ലാ വർഷവും ഒരു വിദേശ നേതാവിനെ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിക്കാറുണ്ട്. കഴിഞ്ഞ 10 വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന മുഖ്യ അതിഥികളെ പരിചയപ്പെട്ടാലോ...
2015-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അന്നത്തെ യുഎസ് പ്രസിഡൻ്റ് ബറാക്ക് ഒബാമയായിരുന്നു മുഖ്യാതിഥി.
2016 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തിയത് ഇമ്മാനുവൽ മാക്രോണിന് മുമ്പ് ഫ്രഞ്ച് പ്രസിഡൻ്റായിരുന്ന ഫ്രാങ്കോയിസ് ഹോളണ്ട് ആണ്.
2017ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെയാണ് ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിച്ചത്.
2018-ൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യ ആസിയാൻ നേതാക്കളെയായിരുന്നു മുഖ്യാതിഥികളായി ക്ഷണിച്ചത്.
ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമഫോസ 2019ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.
2020ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുൻ ബ്രസീൽ പ്രസിഡൻ്റ് ജെയർ ബോൾസോനാരോ മുഖ്യാതിഥിയായി പങ്കെടുത്തു.
2023ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി മുഖ്യാതിഥിയായി.
2024-ൽ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു. കോവിഡ് മഹാമാരിയെ തുടർന്ന് 2021, 2022 വർഷങ്ങളിലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യ അതിഥികളില്ലായിരുന്നു.