രാജ്യത്ത് ഫ്ലൂ അണുബാധ, കോവിഡ് വൈറസ് എന്നിവ ദിനംപ്രതി വർധിച്ചുവരികയാണ്. അടുത്തകാലത്തായി ഗുരുതരമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിട്ടുണ്ട്. കാലാവസ്ഥ മാറുന്നതിനാൽ, ഇൻഫ്ലുവൻസ അണുബാധകൾ വർധിക്കുന്നു. ഈ അവസരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കൂടുതലായി കഴിക്കേണ്ടതുണ്ട്.
പുളിപ്പിച്ച പ്രോബയോട്ടിക്‌സിലെ 'നല്ല ബാക്ടീരിയ', തൈര് പോലുള്ള പ്രകൃതിദത്ത സ്രോതസ്സുകൾ എന്നിവ സ്വാഭാവികമായും നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഇൻഫ്ലുവൻസയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
നമ്മുടെ ശരീരം സ്വയം വിറ്റാമിൻ സി ഉത്പാദിപ്പിക്കുന്നില്ല. അതിനാൽ വിറ്റാമിൻ സി (ഓറഞ്ച്, നെല്ലിക്ക, കുരുമുളക്, തക്കാളി, ക്രൂസിഫറസ് പച്ചക്കറികൾ) അടങ്ങിയ ഭക്ഷണങ്ങൾ നാം കഴിക്കുന്നത് വളരെ പ്രധാനമാണ്.
പപ്പായയിൽ ഉയർന്ന അളവിൽ നാരുകളും പപ്പൈൻ എൻസൈമും അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയും പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മുളയ്ക്കുന്ന പ്രക്രിയ തന്നെ വിറ്റാമിനുകളും ധാതുക്കളും വർധിപ്പിക്കുന്നു. തൽഫലമായി, മുളകളിൽ മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, വിറ്റാമിൻ കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുളകളിൽ അടങ്ങിയിരിക്കുന്ന ചെമ്പ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ രോഗങ്ങൾക്കും ബാക്ടീരിയകൾക്കുമെതിരെ ശരീരത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു.
വെളുത്തുള്ളിയിലെ അലിസിൻ എന്ന പ്രകൃതിദത്ത രാസ ഘടകത്തിന് അതിശയകരമായ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാൻ സഹായിക്കും. ജലദോഷം, പനി തുടങ്ങിയ രോഗാവസ്ഥകളെ പ്രതിരോധിക്കുന്നു.
വൈറ്റമിൻ സിയും ആന്റിഓക്‌സിഡന്റുകളുമടങ്ങിയ മുരിങ്ങയ്‌ക്ക് ജലദോഷം, പനി എന്നിവയ്‌ക്കെതിരെ പോരാടാനും നിരവധി അണുബാധകളെ തടയാനും സാധിക്കും. തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, വിറ്റാമിൻ ബി 12 തുടങ്ങിയ അവശ്യ ബി വിറ്റാമിനുകളാൽ സമ്പന്നമായ മുരിങ്ങ, ദഹനരസങ്ങളുടെ സ്രവണം ഉത്തേജിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.