ഘാന താരം വിവിയൻ കൊനാഡു അദ്ജെയിയുടെ കളം നിറഞ്ഞു നിന്ന കളിമികവിൽ ഗോകുലം കേരള എഫ്സിക്ക് കേരളാ വനിതാ ഫുട്ബാൾ ലീഗിൽ വീണ്ടും തിളക്കമാർന്ന വിജയം.
മൈതാനത്തിലെ ആദ്യ വിസിൽ മുതൽ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ ഗോകുലം കേരള എഫ്.സി ഏകപക്ഷീയമായ 11 ഗോളുകളോടെയാണ് വിജയികളായത്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള വനിതാ ഫുട്ബാൾ ലീഗ് മത്സരത്തിൽ ലൂക്കാ സോക്കർ ക്ലബ്ബിനെയാണ് എതിരില്ലാത്ത പതിനൊന്നു ഗോളുകൾക്ക് ജികെഎഫ്സി തകർത്തത്.
ഘാന താരം വിവിയൻ കൊനാഡു അദ്ജെയിയുടെ മിന്നും പ്രകടനമാണ് മലബാർ ടീമിന് വലിയ ജയം നേടി കൊടുത്തത്. ഗോകുലം നേടിയ പതിനൊന്നു ഗോളുകളിൽ എട്ടെണ്ണവും ടീമിന്റെ മുന്നേറ്റ താരമായ ആഫ്രിക്കൻ താരത്തിന്റേതായിരുന്നു.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ വിവിയൻ തന്റെ ഗോൾ വേട്ട ആരംഭിക്കുകയായിരുന്നു. പിന്നീട് 6, 22, 31, 33, 45+3,46 മിനിറ്റുകളിലും ലൂക്കയുടെ ഗോൾ വല വിവിയൻ നിറച്ചു. 60 മിനിറ്റിൽ കോച്ച് കളിക്കളത്തിൽ നിന്ന് പിൻവലിക്കുന്നത് തൊട്ട് 52 മിനിറ്റിലും ഗോൾ നേടിയാണ് ഗ്രൗണ്ടിനെ ത്രസിപ്പിച്ചത്.
32-ാം മിനിറ്റിൽ അഭിരാമിയും 58-ാം മിനിറ്റിൽ മാനസയും 61-ാം മിനിറ്റിൽ സോണിയയുമാണ് ഗോകുലത്തിന് വേണ്ടി ഗോൾ നേടിയ മറ്റു താരങ്ങൾ.
വിവിയൻ തന്നെയായിരുന്നു മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ചും. സന്തോഷ് ട്രോഫി കേരള മുൻ താരം സുബൈർ വിവിയന്‍ മൊമെന്റോ നല്കി ആദരിച്ചു.