അഭിനയത്തിന്റെ 20 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടൻ ജയസൂര്യ. വിനയൻ സംവിധാനം ചെയ്ത ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ നായകനായെത്തിയ താരം ഇന്ന് ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന നടനിലേക്ക് എത്തിയിരിക്കുകയാണ്. 20 years Acting excellence award ലഭിച്ചിരിക്കുകയാണ് താരത്തിന്. ഏഷ്യാനെറ്റ് ഒരുക്കിയ പരിപാടിയിൽ കമൽ ഹാസൻ ആണ് ജയസൂര്യക്ക് പുരസ്കാരം നൽകിയത്. എല്ലാവർക്കും നന്ദി പറഞ്ഞ് കൊണ്ടുള്ള ജയസൂര്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വായിക്കാം...
"കലാദേവത" കനിഞ്ഞു തന്ന സമ്മാനം. ഒരു സിനിമയിൽ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല ഞാൻ. ഇപ്പോൾ 20 വർഷം പൂർത്തിയാകുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. Asianet ന് എന്റെ നിറഞ്ഞ സ്നേഹം, നന്ദി, ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച എന്റെ ഗുരുനാഥൻ വിനയൻ സാറിനും .
"സകലകലാവല്ലഭൻ " എന്ന വാക്ക്തന്നെ നമ്മൾ ഉപയോഗിക്കുന്നത് ഇദ്ദേഹത്തിനു വേണ്ടി മാത്രം ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ആ പ്രതിഭയക്ക് ഒപ്പം രണ്ടു ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ( വസൂൽ രാജ MBBS , Four Friends )
20years Acting excellence പുരസ്ക്കാരം ഈ മഹാപ്രതിഭയിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ പുണ്യമായി ഞാൻ കരുതുന്നു. ഇതു സാധ്യമായത് എന്റെ മാത്രം കഴിവല്ല എന്ന തിരിച്ചറിവിൽ, ഇതിനു കാരണമായ എല്ലാത്തിനും എല്ലാവർക്കും എന്റെ പ്രണാമം.
നാദിർഷ സംവിധാനം ചെയ്ത ഈശോ ആണ് ജയസൂര്യയുടേതായി ഒടുവിലിറങ്ങിയ ചിത്രം.
ഈശോ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.