Kuwait: കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി, നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തും

രാജ്യത്ത് കോവിഡ്‌ വ്യാപനം  രൂക്ഷമായതിനെത്തുടര്‍ന്ന്   കര്‍ശന തീരുമാനവുമായി കുവൈത്ത്. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 10:38 PM IST
  • പ്രതിദിന കോവിഡ് രോഗികള്‍ ആയിരത്തിനോടടുക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തുവാനൊരുങ്ങി കുവൈത്ത്.
  • കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരിയ്ക്കുകയാണ്.
Kuwait: കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി,  നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തും

Kuwait City: രാജ്യത്ത് കോവിഡ്‌ വ്യാപനം  രൂക്ഷമായതിനെത്തുടര്‍ന്ന്   കര്‍ശന തീരുമാനവുമായി കുവൈത്ത്. 

പ്രതിദിന കോവിഡ്  (Covid-19) രോഗികള്‍ ആയിരത്തിനോടടുക്കുന്ന സാഹചര്യത്തില്‍  കോവിഡ് നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തുവാനൊരുങ്ങി കുവൈത്ത്.  രോഗ വ്യാപനം  വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.  കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയ സര്‍ക്കാര്‍   അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരിയ്ക്കുകയാണ്. 

പ്രതിരോധ നടപടികള്‍ പാലിക്കാതെ നിയമം ലംഘിക്കുന്ന  വിദേശികളെ നാടുകടത്തുമെന്നും  ബന്ധപ്പെട്ട നിരീക്ഷണ ഉന്നത സമിതി മേധാവി ലെഫ്. ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി മുന്നറിയിപ്പ് നല്‍കി. 
കോവിഡ് പ്രതിദിന രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിയ്ക്കുന്നത്.  

ക്വാറന്റൈന്‍ കാലയളവില്‍ പുറത്തിറങ്ങുകയും ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ജോലിക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിദേശികളെ നാട് കടത്തും. കൂടാതെ ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് ആദ്യ തവണ 500 ദിനാര്‍ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 ദിനാര്‍ പിഴ ചുമത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

രാജ്യവ്യാപകമായി സുരക്ഷാസേന ശക്തമായ നിരീക്ഷണത്തിലാണ്. രാത്രി കാലങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ (Covid Protocol)  പാലിക്കാത്ത കടകള്‍ക്കെതിരെയും കര്‍ശന നടപടിക്കാണ് ഉത്തരവ്.

കൂടാതെ, നിയന്ത്രണങ്ങളുടെ ഭാഗമായി  യാതൊരു  തരത്തിലുമുള്ള കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കടല്‍ത്തീരം, ഹോട്ടലുകള്‍, സ്വകാര്യ വാണിജ്യ റിസോര്‍ട്ടുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പബ്ലിക് പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു തരത്തിലുമുള്ള കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് ലെഫ്. ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി വ്യക്തമാക്കി. കുടുംബസമേതം പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍  കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: Kuwait: പുതിയ വിസകള്‍ കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രം

പൊതു ഇടങ്ങളില്‍ മാസ്‌കില്ലാതെ സഞ്ചരിക്കുന്നവര്‍ക്ക് എതിരെയും നടപടി സ്വീകരിക്കും. എന്നാല്‍ വാഹനങ്ങളില്‍ തനിച്ച്‌ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കുവൈത്തില്‍ ഇതുവരെ 1,73,000 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.  1,63,000 പേര്‍ രോഗമുക്തരായി. 975 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. 

Trending News