കൊച്ചി: തനിക്കെതിരെ കേസ് വേണമെന്ന് നടൻ വിനായകൻറെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മൻ ചാണ്ടിക്കെതിരായ മോശം പരാമർശത്തിൽ ചാണ്ടി ഉമ്മൻ വിനായകനെതിരെ കേസ് പാടില്ലെന്ന് പറഞ്ഞിരുന്നു. ചാനലിന് നൽകിയ ബൈറ്റിൻറെ സ്ക്രീൻ ഷോട്ട് അടക്കം വെച്ചാണ് വിനായകൻറെ പോസ്റ്റ്.
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രക്കിടെയായിരുന്നു അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ വിനായകൻ ഫേസ്ബുക്ക് ലൈവിലെത്തിയത്. പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. നടനെതിരെ നിരവധി പരാതികളും എത്തിയതോടെ എറണാകുളം നോർത്ത് പോലീസ് കേസെടുക്കുകയായിരുന്നു.
പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ എന്നയാൾ പോലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു.
ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ കലൂരിലെ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രവർത്തകർ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ തകർത്തുവെന്നും കാണിച്ച് വിനായകനും പോലീസിൽ പരാതി നൽകി. ഇക്കാര്യവും പോലീസ് പരിശോധിച്ചിരുന്നു
പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് ഫേസ്ബുക്കിലൂടെ അത്തരത്തിലൊരു വീഡിയോ ചെയ്തതെന്നാണ് വിനായകൻ പോലീസിന് നൽകിയ മൊഴി.ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എങ്കിലും ഈ വീഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...