Upacharapoorvam Gunda Jayan: ഗുണ്ടകളെ അഭിനന്ദിച്ച് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിം​ഗ്!

ഗുണ്ട ജയൻ എന്ന ചിത്രത്തെ അഭിനന്ദിച്ച് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിം​ഗ്

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 04:09 PM IST
  • സൈജു കുറുപ്പ് എന്ന അതുല്യ നടൻ്റെ വീട്ടു കാരണവർ വേഷം വളരെ മികച്ചതായിരുന്നു
  • കേന്ദ്ര കഥാപാത്രമായിട്ടുള്ള അദ്ദേഹത്തിൻ്റെ അഭിനയമികവ് ഏറെ പ്രശംസയർഹിക്കുന്നു
  • ജോണി ആൻ്റണി തൻ്റെ പ്രത്യേക മാന്നറിസവും വ്യത്യസ്തമായ സംഭാഷണ ശൈലിയും കൊണ്ട് അഭിനയിച്ച വേഷം അസലായിരുന്നു
Upacharapoorvam Gunda Jayan: ഗുണ്ടകളെ അഭിനന്ദിച്ച് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിം​ഗ്!

സൈജു കുറുപ്പ് നായകനായ ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തെ അഭിനന്ദിച്ച് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിം​ഗ്. മലയാള സിനിമയുടെ സ്ഥിരം ശൈലിയൊക്കെ ഏറെ മാറി കഴിഞ്ഞിരിക്കുന്നുവെന്നും ഈ സിനിമ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഋഷിരാജ് സിം​ഗിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"ഒരു സിനിമയിൽ ഉദ്വേഗജനകമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നതിന് ഒരത്മാവോ, പ്രേതമോ അല്ലെങ്കിൽ ഇരുട്ടിൻ്റെ പശ്ചത്തലമോ ധാരാളം മതിയാവും. എന്നാല് ഒരു ഗ്രാമത്തിലെ സാധാരണ കല്യാണ വീട്ടിൽ നടക്കുന്ന നിഗൂഢതകൾ നിറഞ്ഞ സംഭവ വികാസങ്ങൾ കഴിവുറ്റ സംവിധായകൻ ഒപ്പിയെടുത്തതാണ് ഈ സിനിമ. പെൺകുട്ടിയുടെ താൽപര്യം കണക്കിലെടുക്കാതെ നടത്തുന്ന കല്യാണം. ആ കല്യാണം അനുബന്ധിച്ച് അവിടെ നടക്കുന്ന സംഭവങ്ങൾ, നമ്മുടെ വിരലുകൾ കടിച്ചു കൊണ്ട് ഒരു രോമാഞ്ചത്തോട് കൂടി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഒരു സിനിമയിൽ കഥയോളം തന്നെ പ്രാധാന്യം അതിൻ്റെ സബ് പ്ലോട്ടുകൾക്കും ഉണ്ടെന്ന് നിസ്സംശയം പറയാനാകും. കഥ പറഞ്ഞു തുടങ്ങുമ്പോൾ വിവാഹത്തിന് പങ്കെടുക്കാൻ വന്നിരിക്കുന്നവരും മറ്റു കഥാപാത്രങ്ങളും നമ്മുടെ മുന്നിൽ സൃഷ്ടിക്കുന്ന ഓരോ ദൃശ്യവും ചിരിച്ചു കൊണ്ടല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല.

സാധാരണ രീതിയിൽ ന്യൂ ജനറേഷൻ മലയാളം സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം ഉണ്ടാകാറില്ല, എന്നാല് ഈ സിനിമയിൽ അജിത്ത് പി വിനോദൻ്റെ വരികൾക്ക് സംഗീത സംവിധായകൻ ബിജിബാൽ ഈണം നൽകിയപ്പോൾ ലഭിച്ച മനോഹരങ്ങളായ ഗാനങ്ങൾ ചിത്രത്തിനെ വേറൊരു തലത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നു. അരുൺ വൈഗ എന്ന കഴിവുറ്റ കലാകാരൻ തൻ്റെ കഥയിൽ തീർത്ത മികച്ച തിരക്കഥയെ അതിൻ്റെ പൂർണ്ണതയിൽ തന്നെ തിരശ്ശീലയിൽ കൊണ്ട് വന്നിട്ടുണ്ട്. ഈ ചിത്രത്തിൻ്റെ ശരിക്കുള്ള സ്റ്റാർ എന്ന് പറയേണ്ടത് തിരക്കഥാകൃത്ത് രാജേഷ് വർമ്മ തന്നെയാണ്. കഥയും തിരക്കഥയും പോലെ തന്നെ മികച്ചവയായിരുന്നു രാജേഷ് വർമ്മയുടെ സംഭാഷണങ്ങളും. കലാകാരന്മാർ അവരുടെ ഡയലോഗുകൾ പറയുമ്പോൾ ലഭിച്ച കയ്യടികൾ അതിനുദാഹരണമാണ്.  

സൈജു കുറുപ്പ് എന്ന അതുല്യ നടൻ്റെ വീട്ടു കാരണവർ വേഷം വളരെ മികച്ചതായിരുന്നു. കേന്ദ്ര കഥാപാത്രമായിട്ടുള്ള അദ്ദേഹത്തിൻ്റെ അഭിനയമികവ് ഏറെ പ്രശംസയർഹിക്കുന്നു. നായികയുടെ ഇളയച്ഛനായ ദുബായിക്കാരൻ വേഷത്തിൽ അഭിനയിച്ച ജോണി ആൻ്റണി തൻ്റെ പ്രത്യേക മാന്നറിസവും വ്യത്യസ്തമായ സംഭാഷണ ശൈലിയും കൊണ്ട് അഭിനയിച്ച വേഷം അസലായിരുന്നു. സിനിമയിൽ കയ്യടി നേടിയ മറ്റൊരു കഥാപാത്രം പട്ടാളത്തിലെ കേണലായി അഭിനയിച്ച സുധീർ കരമന ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിൻ്റെ ഭാര്യ വേഷം ചെയ്ത കലാകാരി ശൈലജ അമ്പുവും അവരുടെ പ്രത്യേക സംഭാഷണ ശൈലി കൊണ്ടുള്ള അവരവരുടെ വേഷം ആളുകളിൽ കൂടുതൽ ഹരം കൊള്ളിച്ചു. സിനിമയുടെ തുടക്കം മുതൽക്ക് തന്നെ വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന ഒരു കഥാപാത്രം, സാബു മോൻ്റെ കയ്യിൽ ഭദ്രമായിരുന്നു. കൂടാതെ കല്യാണ പാചകക്കാരൻ വേഷം ചെയ്ത ഹരീഷ് കണാരൻ്റെ അഭിനയവും പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റി.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയതിന് സിനിമയുടെ എഡിറ്റർ കിരൺ ദാസ് വഹിച്ച പങ്ക് ചെറുതല്ല. സിജുവിൽസൺ, ശബരീഷ് വർമ്മ, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഒപ്പത്തിനൊപ്പം മികച്ചു നിന്നവയാണ്. മലയാള സിനിമയുടെ സ്ഥിരം ശൈലിയൊക്കെ ഏറെ മാറി കഴിഞ്ഞിരിക്കുന്നു. ഒരു വലിയ നടനെ കൊണ്ട് വന്ന കൊണ്ടോ, ലോകം ചുറ്റിയുള്ള ഫ്രയിമുകൾ കൊണ്ട് വന്ന കൊണ്ടോ സിനിമ ഹിറ്റവണം എന്നില്ല. നല്ല കഥയും, തിരക്കഥയും ഉണ്ടെങ്കിൽ നാല് ചുവരുകൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ഇതു പോലെയുള്ള നല്ല സിനിമകൾ തയ്യാറാക്കി പ്രേക്ഷകരുടെ അഭിനന്ദനം നേടാവുന്നതാണ്."

അരുൺ വൈഗ കഥ രചിച്ച് സംവിധാനം ചെയ്ത ​ഉപചാരപൂർവം ​ഗുണ്ട ജയൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രാജേഷ് വർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ദുൽഖർ സൽമാനും സെബാസ്റ്റ്യൻ ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ സിനിമയിൽ സൈജു കുറുപ്പിനൊപ്പം സിജു വിൽസൺ, ശബരീഷ് വർമ്മ, നയന, ജോണി ആന്റണി, സാബുമോൻ, ബിജു സോപാനം തുടങ്ങി ഒട്ടേറെ പ്രശസ്‌ത താരങ്ങൾ അഭിനയിച്ചിരിക്കുന്നു. ബിജിപാൽ, ശബരീഷ് വർമ്മ, രാജേഷ് വർമ്മ, ജയദാസൻ എന്നിവർ ഈണം പകർന്ന ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. സൈജു കുറുപ്പിന്റെ നൂറാം ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഉപചാരപൂർവം ​ഗുണ്ടാ ജയന്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News