ഓപ്പറേഷൻ ജാവ (Operation Java) എന്ന ചിത്രത്തിന് ശേഷം സംവിധായകൻ തരുൺ മൂർത്തി (Tharun Moorthy) ഒരുക്കുന്ന സിനിമയാണ് സൗദി വെള്ളക്ക. കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമെന്ന് തോന്നിപ്പിക്കും വിധം ചിത്രത്തിന്റെ ഫസ്റ്റ്, സെക്കൻസ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിലെ പുതിയൊരു പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലുക്മാനും ബിനു പപ്പുവും ബൈക്കിൽ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തിറക്കിയിട്ടുള്ളത്.
പോസ്റ്റർ ഇറങ്ങിയതോടെ വലിയൊരു സംശയത്തിലാണ് പ്രേക്ഷകർ. പാൻ ഇന്ത്യൻ ചിത്രമാണോ സൗദി വെള്ളക്ക എന്നാണ് പ്രേക്ഷരുടെ സംശയം. വിവിധ ഭാഷകളിൽ പോസ്റ്റർ പുറത്തിറക്കിയതാണ് പ്രേക്ഷകർക്കിടയിൽ ഇങ്ങനെ ഒരു സംശയം വരാൻ കാരണം. മെയ് 20ന് ആണ് സൗദി വെള്ളക്ക തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ഓപ്പറേഷൻ ജാവയ്ക്ക് മുൻപ് തന്റെ ആദ്യ ചിത്രമായി ഇറക്കുന്നതിന് വേണ്ടി തരുൺ മൂർത്തി എഴുതിയ ചിത്രമാണ് സൗദി വെള്ളക്ക. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച വേളയിൽ സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അതിന് മുൻപേ ഓപ്പറേഷൻ ജാവ റിലീസ് ചെയ്യുകയായിരുന്നു. ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ തരുൺ മൂർത്തി സീ മലയാളം ന്യൂസിനോടായി അറിയിച്ചിരുന്നു.
ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് സന്ദീപ് സേനൻ. ഓപ്പറേഷൻ ജാവയിലെ അഭിനേതാക്കളാണ് ഈ ചിത്രത്തിലും പ്രധാന വേഷങ്ങളിലെത്തുന്നത്. ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ, ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
സൗദി വെള്ളക്കയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് പുതിയ ടീമാണ്. ശരൺ വേലായുധനാണ് ക്യാമറ. പാലി ഫ്രാൻസിസാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ചിത്രത്തിന്റെ ആർട്ടും കൈകാര്യം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...