കൊച്ചി: ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടൻ വേണ്ടെന്ന് തീരുമാനം. മറ്റ് കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരുന്നത് വരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇര നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന കാര്യവും അന്വേഷിക്കും.
ഇത് സംബന്ധിച്ച് ഊന്നുകൽ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. ദുബായിൽ വച്ച് മയക്കുമരുന്ന് നൽകിയ ബലാത്സംഗം ചെയ്തുവെന്നും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി. ആരോപണങ്ങൾ നിഷേധിച്ച് നടൻ രംഗത്തെത്തിയിരുന്നു.
കോതമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. രണ്ടാം പ്രതി നിർമാതാവ് എകെ സുനിലാണ്. ഒന്നാം പ്രതി ശ്രേയ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഭാരതീയ ന്യായ സംഹിത 376 ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ALSO READ: നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് യുവതി, പോലീസ് കേസെടുത്തു
തനിക്കെതിരെ പീഡന പരാതി ഉയർന്നതിന് പിന്നാലെ നടൻ നിവിൻ പോളി വാർത്താസമ്മേളനം വിളിച്ചുചേർത്തിരുന്നു. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ടെന്നും വ്യാജ പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിവിൻ പോളി വ്യക്തമാക്കി. പോലീസ് പറഞ്ഞ പ്രതിപ്പട്ടികയിലെ പലരെയും തനിക്കറിയില്ലെന്നും നിവിൻ വ്യക്തമാക്കി.
പ്രതിപ്പട്ടികയിലുള്ള നിർമാതാവിനെ ദുബായിലെ മാളിൽ വച്ച് കണ്ടിട്ടുണ്ട്. ഇത് സിനിമയുടെ ഫണ്ടിങ് സംബന്ധിച്ച ചർച്ചയുടെ ഭാഗമായിട്ടായിരുന്നു. മറ്റ് വ്യക്തിപരമായ അടുപ്പം ഇല്ലെന്നും നടൻ വ്യക്തമാക്കി. പരാതി സംബന്ധിച്ച് ഒന്നരമാസം മുൻപ് കോതമംഗലം ഊന്നുകൽ പോലീസ് വിളിച്ചിരുന്നു. പരാതിക്കാരിയെ അറിയില്ലെന്ന് പോലീസിനോട് പറഞ്ഞിരുന്നു.
പരാതിക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. പോരാട്ടം തുടരുമെന്നും ഇവിടെ തന്നെയുണ്ടാകുമെന്നും നിവിൻ പോളി പറഞ്ഞു. ആരോപണം സത്യമല്ലെന്ന് തെളിയുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണമെന്നും നിവിൻ പോളി പറഞ്ഞു. ആരും കൂടെയില്ലെങ്കിലും താൻ ഒറ്റയ്ക്ക് പോരാടും. തനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട്. അമ്മയെയാണ് ആദ്യം വിളിച്ചത്. അവരെല്ലാം തനിക്കൊപ്പം നിൽക്കുമെന്നും നിവിൻ പോളി പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നടൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.