സുന്ദർ സി, ജയ്, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബദ്രി സംവിധാനം ചെയ്ത പട്ടാംപൂച്ചി രണ്ടായി തിരിക്കാം. ആദ്യ പകുതിയും രണ്ടാം പകുതിയും. കഥ നടക്കുന്നത് 1980 - 1989 കാലഘട്ടത്തിലാണ്. അങ്ങനെയൊരു പീരിയഡ് കൊണ്ട് വരേണ്ട ആവശ്യകത നിലനിൽക്കുന്നില്ല. ക്രൈം ത്രില്ലർ ആയതുകൊണ്ട് തന്നെ മൊബൈൽ ഫോണ്, സിസിടിവി ക്യാമറ എന്നിവയൊക്കെ ഒഴിവാക്കാൻ വേണ്ടിയുള്ള ഒരു കാരണമായി മാത്രമേ അതിനെ കാണാൻ കഴിയൂ.
അത് ഒളിച്ചോട്ടം എന്നോ വേണമെങ്കിൽ ഡയറക്ടർ ബ്രില്ലിൻസ് എന്നും വിളിക്കാം. പല പല മുഹൂർത്തങ്ങൾ കൊണ്ട് ആദ്യ പകുതി ഞെട്ടിക്കുന്നുണ്ട്. ടൈറ്റിൽ എഴുതി കാണിക്കുന്നത് വരെ അങ്ങേയറ്റം ഭ്രൂട്ടൽ ആയ കൊലപാതകങ്ങൾ പലതും കാണിക്കുന്നുണ്ട്. ചെറിയൊരു ഞെട്ടൽ പ്രേക്ഷകർക്ക് കൊടുത്തുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. കഥയുടെ പ്ലോട്ട് സെറ്റിങ്ങും ഡയലോഗുമൊക്കെ ഗംഭീരം എന്ന് അവകാശപ്പെടാൻ ഇല്ലെങ്കിലും ആദ്യ പകുതിയിൽ പല സംഭവങ്ങൾ കൊണ്ട് ചിത്രം എൻഗേജിങ് ആകുന്നുണ്ട്.
വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അവസാന നിമിഷം ഒരു കുറ്റസമ്മതം നടത്തുന്നു. താൻ ഒരു കുപ്രസിദ്ധ സീരിയൽ കില്ലർ ആണെന്നും താൻ ശിക്ഷിക്കപ്പെട്ട കൊലപാതകത്തിൽ താൻ നിരപരാധിയാണെന്നും ഉള്ള വെളിപ്പെടുത്തൽ. അങ്ങനെ ആരംഭിക്കുന്ന കഥ ആദ്യ പകുതിയിൽ ചില ട്വിസ്റ്റുകളിലൂടെ പ്രേക്ഷകനെ ചിന്തിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. ഇന്റർവെൽ പോർഷനും രണ്ടാം പകുതിയിൽ വലിയ കാര്യങ്ങൾ സംഭവിക്കുമെന്ന സൂചനയും നൽകുന്നുണ്ട്.
എന്നാൽ യാതൊരു തരത്തിലും തൃപ്തിപ്പെടുത്താത്ത എങ്ങോട്ടോ പോകുന്ന രണ്ടാം പകുതിയാണ് കാണാൻ സാധിക്കുന്നത്. കഥയുടെ ഒരു ഘട്ടത്തിൽ ബുദ്ധിമാനായ ജയ് അവതരിപ്പിക്കുന്ന സൈക്കോ കില്ലർ പിന്നീട് ഒരു കോമാളിയെ പോലെ മാറുന്നുണ്ട്. ബുദ്ധിയില്ലാത്ത എന്തൊക്കെയോ മണ്ടത്തരങ്ങൾ കാണിക്കുന്ന കൊലയാളി. തിരക്കഥയിൽ നോക്കുമ്പോൾ വലിയൊരു പ്രശ്നം ഇത് തന്നെയാണ്. രണ്ടാം പകുതിയിൽ സിറ്റുവേഷൻസ് വളരെ കുറവാണ്. തിരക്കഥ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകൻ ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയില്ല.
മിസ്സ്‌കാസ്റ്റിംഗ് എന്നത് പ്രധാന കഥാപാത്രം സുന്ദർ സി മുതൽ പല ക്യാരക്ടേഴ്സിലും അനുഭവപ്പെടും. എന്നാൽ ജയ് തനിക്ക് ലഭിച്ച വേഷം മികച്ച രീതിയിൽ അവതരിപ്പിച്ചു. കഥ അവശ്യപ്പെടുന്ന തരത്തിലെ മികച്ച ബിജിഎം, ഫാസ്റ്റ് കട്ട്സ് എന്നിവയെല്ലാം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. മികച്ചൊരു കഥയും തീരെ ഒഴുക്കില്ലാത്ത തിരക്കഥയും പട്ടാംപൂച്ചിയെ ഒരു ശരാശരി അനുഭവമാക്കി മാറ്റുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...