കൊച്ചി : മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കാതലിലെ തന്റെ ഭാഗം പൂർത്തിയാക്കി തമിഴ് താരം ജ്യോതിക. കഴിഞ്ഞ ദിവസം മമ്മൂട്ടിയും സിനിമയിലെ തന്റെ ഭാഗം പൂർത്തിയാക്കി സെറ്റിൽ നിന്നും മടങ്ങിയിരുന്നു. അതിന്റെ പിന്നാലെയാണ് ജ്യോതികയുടെയും മടക്കം. മൂന്ന് ആഴ്ചകളോളം തങ്ങളോടൊപ്പം ചിലവഴിച്ച പ്രിയ നടിക്ക് മികച്ച യാത്രയയപ്പാണ് സിനിമയുടെ അണിയറപ്രവർത്തകർ നൽകിയത്.
ഒക്ടോബർ 28നാണ് ജ്യോതിക കാതലിന്റെ ഷൂട്ടിങ് സെറ്റിലെത്തുന്നത്. തുടർന്ന് മൂന്നാഴ്ചകളുടെ ഷെഡ്യൂളിൽ താരം ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കുകയായിരുന്നു. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ.
Jyotika mam has wrapped up her portions for Kaathal today
Thanks Dear #Jyotika Mam from the entire @KaathalTheCore crew for some truly memorable moments. Can't wait to see you weave magic on big screens @DQsWayfarerFilm#Mammootty @mammukka #Jyotika #JeoBaby #KaathalTheCore pic.twitter.com/NTyMb33HCt
— MammoottyKampany (@MKampanyOffl) November 20, 2022
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കാതലിലെ തന്റെ ഭാഗം പൂർത്തീകരിച്ച് മടങ്ങിയത്. മടങ്ങുന്നതിന് മുമ്പ് താരം തന്റെ സിനിമയിലെ അണിയറ പ്രവർത്തകർക്ക് ബിരിയാണി വിളമ്പി നൽകിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. മാത്യു ദേവസ്യ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി കാതൽ ദി കോറിനുണ്ട്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും കൂടിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.
മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.