2022 സിനിമ മേഖലയ്ക്ക് വളരെ നല്ല സമയം ആയിരുന്നു. കോവിഡ് 19 രോഗബാധയെ തുടർന്ന് പ്രശ്നങ്ങൾ നേരിട്ടിരുന്ന സിനിമ മേഖല വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ വർഷം കൂടിയായിരുന്നു 2022. ബോളിവുഡ് സിനിമയ്ക്ക് അത്ര നല്ല വര്ഷം ആയിരുന്നില്ല 2022. തുടരെ തുടരെ ബോളിവുഡിൽ ഇറങ്ങിയ സിനിമയ്ക്ക് പരാജയം നേരിട്ടിരുന്നു. അതേസമയം നിരവധി തെന്നിന്ത്യൻ ചിത്രങ്ങൾ പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇന്ത്യയിൽ 2022 ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കെജിഎഫ് 2
2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കെജിഎഫ് 2 ആണ്. കെജിഎഫ് 2 ആഗോള തലത്തിൽ നേടിയത് 1228 കോടി രൂപയാണ്. ഏപ്രിൽ 14ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു. യാഷിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീൽ ഒരുക്കിയ ചിത്രമാണ് കെജിഎഫ് 2. കോളാർ ഗോൾഡ് ഫീൽഡ്സിലെ കണക്കില്ലാത്ത സ്വർണ്ണശേഖരത്തിന്റെയും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെയും അവരുടെ കാവൽക്കാരനായ റോക്കി ഭായിയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു കെജിഎഫ് 2.
ആർആർആർ
ആർആർആറാണ് 2022 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം. ആഗോള തലത്തിൽ ആർആർആർ 1130 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. എസ് എസ് രാജമൌലി കഥയു തിരക്കഥയും നിർവ്വഹിച്ച ചിത്രമാണ് ആർആർആർ. . വി വിജയേന്ദ്ര പ്രസാദിൻറെ കഥക്ക് നിർമ്മാണം ഡിവിവി ധനയ്യ ആയിരുന്നു. എൻടി രാമറാവു ജൂനിയർ, രാം ചരൺ, അജയ് ദേവ്ഗൺ,ആലിയ ഭട്ട്, ശ്രീയ ശരൺ, സമുദ്രക്കനി, എന്നിങ്ങനെ വലിയ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. 550 കോടിയിൽ നിർമ്മിച്ച ചിത്രമായിരുന്നു ആർആർആർ.
പൊന്നിയിൻ സെൽവൻ 1
പൊന്നിയിൻ സെൽവൻ 1 ആണ് ഇന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ മറ്റൊരു ചിത്രം. ആഗോളതലത്തിൽ പൊന്നിയിൻ സെൽവൻ 1 നേടിയത് 500.8 കോടി രൂപയായിരുന്നു. മണിരത്നത്തിൻറെ സംവിധാനത്തിൽ കാർത്തി, വിക്രം, ഐശ്വര്യറായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി,ജയറാം, ശരത് കുമാർ, പ്രഭു തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള ചരിത്ര കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് പൊന്നിയിൻ സെൽവൻ.
ബ്രഹ്മാസ്ത്ര
ബ്രഹ്മാസ്ത്രയാണ് 2022 ൽ ഏറെ ശ്രദ്ധ നേടിയ മറ്റൊരു ചിത്രം. 413 കോടി രൂപ ആഗോള കളക്ഷനാണ് ചിത്രം നേടിയത്. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് അതിന്റെ ഗ്രാഫിക്സ് ആയിരുന്നു. എന്നാൽ ചിത്രത്തിന് കാര്യമായ നിരൂപക പ്രശംസ നേടാൻ കഴിഞ്ഞിരുന്നില്ല എന്നാണ് റിപ്പോർട്ട്. 400 കോടി രൂപ ബജറ്റിൽ എത്തിയ ചിത്രമാണ് ബ്രഹ്മസ്ത്ര. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്.
കാന്താര
ഏറെ ശ്രദ്ധ നേടിയ മറ്റൊരു ചിത്രമാണ് കാന്താര. കന്നഡയിൽ 16 കോടി രൂപയ്ക്ക് നിർമിച്ച റിഷഭ് ഷെട്ടി ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി എത്തുകയായിരുന്നു. ആകെ 393 കോടി രൂപയാണ് ബോക്സ്ഓഫീസിൽ ചിത്രം നേടിയത് കേരളത്തിൽ മലയാള ചിത്രങ്ങൾക്ക് ഒപ്പം 50 ദിവസങ്ങളോളം കാന്താര പ്രദർശനം നടത്തി. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...