പതിവ് പ്രിയദർശൻ സിനിമ പ്രതീക്ഷിച്ച് തീയേറ്ററുകളിലേക്ക് ആരും വരണ്ട. ഇത് ഡോസ് വേറെയാ. അങ്ങേയറ്റം ത്രില്ല് അടിപ്പിച്ച് സസ്പെൻസും നിറച്ച് അതിഗംഭീര തിരക്കഥയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒപ്പത്തിന് ശേഷം ത്രില്ലിങ്ങ് സ്വഭാവമുള്ള പ്രിയദർശന്റെ ചിത്രം കൂടിയാണ് കൊറോണ പേപ്പേഴ്‌സ്. ഓരോ നിമിഷവും ത്രില്ല് അടിപ്പിച്ച് എഡ്ജ് ഓഫ് ദി സീറ്റിൽ കൊണ്ടു പോവുകയാണ് സിനിമ.
എസ്‌ഐ ആയി സ്റ്റേഷനിൽ ചാർജ് എടുക്കുന്ന ഷെയിൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ കയ്യിൽ നിന്ന് ഒരു തോക്ക് മോഷ്ടിക്കപ്പെടുന്നതോട് കൂടിയാണ് സിനിമയുടെ ത്രില്ലിങ്ങ് സ്വഭാവം തുടങ്ങുന്നത്. തുടർന്ന് സംഭവിക്കുന്ന ഓരോ കാര്യങ്ങളും മാലയിൽ മുത്ത് കോർത്തെടുക്കുന്ന പോലെ അത്ര ഗംഭീരമാണ്. ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടർ ഗ്രാഫും എടുത്ത് പറയേണ്ടതാണ്. പ്രിയദർശന്റെ മേക്കിങ്ങ് സ്റ്റൈൽ കൂടി വരുന്നതോടെ ഒപ്പം എന്ന സിനിമ പോലെ തന്നെ ത്രില്ല് അടിപ്പിച്ച് പ്രേക്ഷകനെ 100% സിനിമയിൽ തന്നെ നിർത്തുന്നുണ്ട്.
ALso Read: Voice of Sathyanathan: പ്രേക്ഷകർ കാത്തിരുന്ന അപ്‌ഡേറ്റ്; 'വോയ്സ് ഓഫ് സത്യനാഥന്റെ' മോഷൻ പോസ്റ്റർ
താരനിര കൊണ്ട് സമ്പന്നമാണ് എന്നത് പോലെ തന്നെ അഭിനയ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്. സിദ്ദിഖിന്റെ ഇതുവരെ കാണാത്ത രീതിയിലുള്ള പ്രകടനം കയ്യടി അർഹിക്കുന്നുണ്ട്. അനായാസ പ്രകടനം കൊണ്ട് ഷൈൻ ടോം ചാക്കോ, ജീൻ പോൾ ലാൽ, ഗായത്രി ശങ്കർ തുടങ്ങിയവരും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. സിനിമയിൽ പാട്ടുകൾ ഒന്നും തന്നെയില്ല. കഥയിൽ മാത്രം നിന്നുകൊണ്ട് ആവശ്യമുള്ള കാര്യം മാത്രമാണ് സിനിമ സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും ലാഗ് അടിപ്പിക്കാതെയാണ് സിനിമ പോകുന്നത്. കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
മരക്കാർ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ വൻ പരാജയമായിരുന്നു എന്നും അത് എടുത്ത് തന്റെ കൈ പൊള്ളിയെന്നും പ്രിയദർശൻ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ശക്തമായ ഗംഭീരമായ തിരിച്ചുവരവ് തന്നെയാണ് ഇത്തവണ പ്രിയദർശൻ നടത്തിയിരിക്കുന്നത്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കും കൊറോണ പേപ്പേഴ്‌സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...