തിരുവനന്തപുരം: മലയാള സിനിമ വ്യവസായത്തില്‍ പുതുചരിത്രം കുറിക്കാന്‍ കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസ്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമാണ് സി സ്പേസ്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഇത്തരത്തിലൊരു പ്ലാറ്റ് ഫോം എത്തുന്നത്.
നാളെ (മാര്‍ച്ച് 7) രാവിലെ 9.30ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി സ്പേസ് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. മന്ത്രി സജി ചെറിയാന് അദ്ധ്യക്ഷനാകും. വ്യാഴാഴ്ച മുതല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് സി സ്പേസ് ആപ്പ് പ്ലേ സ്റ്റോറിലൂടെയും ആപ്പ് സ്റ്റോറിലൂടെയും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡൗണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ മൂന്ന് ദിവസം വരെ ഐഡിയില്‍ സൂക്ഷിക്കാം. കണ്ട് തുടങ്ങിയെങ്കില്‍ ഇത് 72 മണിക്കൂര്‍ വരെയും ഐഡിയില്‍ സൂക്ഷിക്കാനാകും. ഒരേ ഐഡി ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത ഡിവൈസുകളില്‍ സിനിമ കാണാനാകും എന്നതാണ് സവിശേഷത.
ALSO READ: 300 കോടിക്കും മുകളിലോ? ചിത്രത്തിൽ എത്തുന്നത് ജാൻവി കപൂർ
ഒടിടി മേഖലയിലെ വർദ്ധിച്ചുവരുന്ന അസന്തുലിതാവസ്ഥയും വിവിധ വെല്ലുവിളികളും നേരിടാനാണ് ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനുമായ ഷാജി എൻ കരുൺ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷനാണ് (കെഎസ്എഫ്ഡിസി) സി സ്പേസ് നിയന്ത്രിക്കുന്നത്.
പ്ലാറ്റ്ഫോമിന്റെ ഉള്ളടക്കം തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക വ്യക്തിത്വങ്ങൾ ഉൾപ്പെടെ 60 അംഗങ്ങളുടെ ക്യൂറേറ്റർ പാനൽ കെഎസ്എഫ്ഡിസി രൂപീകരിച്ചിട്ടുണ്ട്. സാംസ്കാരിക രംഗത്തെ പ്രമുഖരായ ബെന്യാമിൻ, ഒ വി ഉഷ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി എന്നിവർ ഈ പാനലിൽ ഉൾപ്പെടുന്നു. രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചവയും ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയതുമായ സിനിമകൾ ക്യൂറേറ്റ് ചെയ്യാതെ തന്നെ സി സ്പേസിൽ പ്രദർശിപ്പിക്കും. മലയാള സിനിമകളാണ് പ്രദർശിപ്പിക്കുക.
ഒരു ഫീച്ചര്‍ ഫിലിം കാണാന്‍ 75 രൂപയാണ് ഈടാക്കുക. ഹ്രസ്വ ചിത്രങ്ങള്‍ കുറഞ്ഞ തുകയ്ക്ക് കാണാന്‍ അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി നിര്‍മ്മാതാവിന് ലഭിക്കും. സി സ്പേസിലൂടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.