ബോളിവുഡിലെ സൂപ്പർ താരമാണ് സൽമാൻ ഖാൻ. മൂന്ന് പതിറ്റാണ്ടിലധികമായി വെള്ളിത്തിരയിലെ മസിൽമാനായും ആക്ഷൻ കിംഗായുമെല്ലാം സൽമാൻ തിളങ്ങി നിൽക്കുകയാണ്. ആരാധകർ അളവറ്റ സ്നേഹമാണ് സൽമാന് നൽകുന്നതെങ്കിലും താരത്തിൻറെ ആസ്തി കേട്ടാൽ ഇതേ ആരാധകർ പോലും ഞെട്ടുമെന്ന് ഉറപ്പാണ്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. ബിഗ് ബോസ്, ദസ് കാ ദം തുടങ്ങിയ ജനപ്രിയ ഷോകളുടെ അവതാരകനായും അദ്ദേഹം തിളങ്ങാറുണ്ട്. പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് വ്യക്തി ജീവിതത്തിലേയ്ക്ക് എത്തുമ്പോഴാണ് സൽമാൻ ഖാൻ എന്ന താരത്തിൻറെ മൂല്യം എന്താണെന്ന് വ്യക്തമാകുന്നത്.
ബാന്ദ്രയിലെ 'ഗ്യാലക്സി'
ബാന്ദ്രയിലെ ഗ്യാലക്സി അപ്പാർട്ട്മെൻറിലാണ് സൽമാൻ ഖാനും കുടുംബവും താമസിക്കുന്നത്. ബാന്ദ്രയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിതെന്ന് വേണമെങ്കിൽ പറയാം. കാരണം, അത്രയധികം ആളുകളാണ് ദിവസേന ഈ അപ്പാർട്ട്മെൻറ് കാണാനായി ബാന്ദ്രയിലെത്തുന്നത്. ഗ്യാലക്സി അപ്പാർട്ട്മെൻറിന് ഏകദേശം 100 കോടി രൂപ വിലമതിക്കുമെന്നാണ് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്.
പാൻവെൽ ഫാം ഹൌസ്
ആഡംബര അപ്പാർട്ട്മെൻറിന് പുറമെ 150 ഏക്കറിലധികം പരന്നു കിടക്കുന്ന അതിവിശാലമായ ഫാം ഹൌസും സൽമാൻ ഖാൻ സ്വന്തമാക്കിയിട്ടുണ്ട്. ഒഴിവ് സമയങ്ങളിൽ ഒറ്റയ്ക്കും കുടുംബ സമേതവും സുഹൃത്തുക്കൾക്കൊപ്പവുമെല്ലാം സൽമാൻ ഇവിടെ എത്താറുണ്ട്. ജിം, ഗ്രാൻഡ് സ്വിമ്മിംഗ് പൂൾ, അഞ്ച് കുതിരകൾ ഉൾപ്പെടെ പ്രാദേശിക വളർത്തു മൃഗങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രദേശം അങ്ങനെ വിശാലമാണ് സൽമാൻറെ ഫാം ഹൌസ്. ഇതിന് ഏകദേശം 80 കോടി രൂപ വിലമതിക്കുമെന്നാണ് സൂചന.
ദുബായിലെ വീട്
പല ബോളിവുഡ് താരങ്ങളെയും പോലെ തന്നെ സൽമാൻ ഖാനും ദുബായിൽ ആഡംബര വീടുണ്ട്. ബുർജ് ഖലീഫയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ സൽമാൻ ഇടയ്ക്കിടെ സുഹൃത്തുക്കൾക്കൊപ്പം എത്താറുണ്ട്.
ഗൊരായി ബീച്ചിന് സമീപത്തെ ആഡംബര ബംഗ്ലാവ്
മഹാരാഷ്ട്രയിലെ ഗൊരായിയിലുള്ള ആഡംബര 5 ബിഎച്ച്കെ ബംഗ്ലാവ് സൽമാൻ ഖാൻറെ പ്രിയപ്പെട്ട അവധിക്കാല വസതിയാണ്. കടലിനോട് ചേർന്ന് കിടക്കുന്ന ഈ ബംഗ്ലാവിൽ ജിം, വിശാലമായ സ്വിമ്മിംഗ് പൂൾ, തിയേറ്റർ, ബൈക്ക് ഗാരേജ് എന്നിവയുണ്ട്.
സ്വന്തമായി ഉല്ലാസ ബോട്ട്
സ്വന്തമായി ഉല്ലാസ ബോട്ടുള്ള താരമാണ് സൽമാൻ ഖാൻ എന്നത് അധികമാർക്കും അറിയാൻ വഴിയില്ല. 2016ലാണ് ഈ ഉല്ലാസ ബോട്ട് സൽമാൻ സ്വന്തമാക്കിയത്. കുടുംബ പരിപാടികളും സ്വകാര്യ ചടങ്ങുകളുമെല്ലാം സൽമാൻ ഈ ഉല്ലാസ ബോട്ടിൽ സംഘടിപ്പിക്കാറുണ്ട്. ഇതിന് ഏകദേശം 3 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.
ബീയിംഹ് ഹ്യൂമൺ ഫൌണ്ടേഷൻ
2012ൽ സൽമാൻ ഖാൻ രൂപീകരിച്ച ഫൌണ്ടേഷനാണ് ബീയിംഗ് ഹ്യൂമൺ. നിലവിൽ 235 കോടി രൂപ മൂല്യമുള്ള ഈ ഫൌണ്ടേഷൻ, വാച്ചുകൾ, ജ്വല്ലറി, വസ്ത്രങ്ങൾ തുടങ്ങിയവ ഓഫർ ചെയ്യുന്നുണ്ട്. പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ഈ ഫൌണ്ടേഷൻറെ ലാഭം ഉപയോഗിക്കുന്നത്.
സൽമാൻ ഖാൻ ഫിലിംസ്
സ്വന്തമായി നിർമ്മാണ കമ്പനിയുള്ള താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. സൽമാൻ ഖാൻ ഫിലിംസ് എന്നാണ് ഈ നിർമ്മാണ കമ്പനിയുടെ പേര്. ബജ്റംഗി ബൈജാൻ, റേസ് 3, ഭാരത്, ദബാങ്ങ് 3, രാധേ തുടങ്ങിവ സൽമാൻ ഖാൻ ഫിലിംസിൻറെ ബാനറിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ്.
സൽമാൻറെ കാർ കളക്ഷൻ
ഇറക്കുമതി ചെയ്തവയും അല്ലാത്തവയുമായി ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ട് സൽമാൻ ഖാൻറെ ഗാരേജിൽ. 2.26 കോടി രൂപ വിലമതിക്കുന്ന ലാൻഡ് റോവർ, റേഞ്ച് റോവർ, 1.80 കോടി രൂപയുടെ ടൊയോട്ട ലാൻഡ് ക്രൂസർ..അങ്ങനെ നീണ്ടുപോകുന്നു സൽമാൻറെ കാർ ലിസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...