സഹായം ചോദിച്ച് കളക്ടർ, പെൺകുട്ടിയുടെ പഠനചെലവ് ഏറ്റെടുത്ത് അല്ലു അർജുൻ

കളക്‌ടര്‍ കൃഷ്‌ണ തേജയെ കഴിഞ്ഞ ദിവസമായിരുന്നു വിദ്യാര്‍ഥിനിയും കുടുംബവും സഹായം അഭ്യര്‍ഥിച്ച്  കാണാനെത്തിയത്

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 02:12 PM IST
  • പഠനച്ചെലവിന് മാര്‍ഗമില്ലാത്തതിനാല്‍ കളക്‌ടര്‍, അല്ലു അര്‍ജുനെ സമീപിച്ചു
  • കുട്ടിയുടെ നാല് വര്‍ഷത്തെ ഹോസ്‌റ്റല്‍ ഫീസ് അടക്കമുള്ള എല്ലാ ചെലവും ഏറ്റെടുത്തു
  • കുട്ടിയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടിനിടെ പഠനം മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റിയില്ല
സഹായം ചോദിച്ച് കളക്ടർ, പെൺകുട്ടിയുടെ പഠനചെലവ് ഏറ്റെടുത്ത് അല്ലു അർജുൻ

തുടര്‍ പഠനം വഴിമുട്ടിയ മലയാളി വിദ്യാര്‍ഥിനിയ്‌ക്ക് കൈത്താങ്ങായി സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ആലപ്പുഴ കളക്‌ടര്‍ വി ആര്‍ കൃഷ്‌ണ തേജയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അല്ലു അര്‍ജുന്‍ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് രംഗത്തെത്തിയത്. പ്ലസ്‌ടു 92% മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ പഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ നഴ്‌സിങ്‌ പഠനത്തിന്‍റെ മുഴുവന്‍ ചെലവും 'വീ ആര്‍ ഫോര്‍' ആലപ്പി പദ്ധതിയുടെ ഭാഗമായി അല്ലു ഏറ്റെടുത്തുു.

കളക്‌ടര്‍ കൃഷ്‌ണ തേജയെ കഴിഞ്ഞ ദിവസമായിരുന്നു വിദ്യാര്‍ഥിനിയും കുടുംബവും സഹായം അഭ്യര്‍ഥിച്ച്  കാണാനെത്തിയത്. കുട്ടിയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടിനിടെ പഠനം മുന്നോട്ട് കൊണ്ടു പോകാന്‍ വഴിയില്ലാതെ കളക്‌ടറെ കാണുകയായിരുന്നു. തുടര്‍ന്ന് കളക്‌ടര്‍ ഇടപെട്ട് കുട്ടിക്ക് നഴ്‌സിങ് കോളജില്‍ അഡ്‌മിഷന്‍ എടുത്തു കൊടുത്തു. എന്നാല്‍ പഠനച്ചെലവിന് മാര്‍ഗമില്ലാത്തതിനാല്‍ കളക്‌ടര്‍, അല്ലു അര്‍ജുനെ സമീപിച്ചു. കലക്‌ടറുടെ അഭ്യര്‍ഥന പ്രകാരം അല്ലു അര്‍ജുന്‍ കുട്ടിയുടെ നാല് വര്‍ഷത്തെ ഹോസ്‌റ്റല്‍ ഫീസ് അടക്കമുള്ള എല്ലാ ചെലവും ഏറ്റെടുത്തു.

കളക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള്‍ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.

ഈ മോളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാൽ വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു.

നഴ്‌സ് ആകാനാണ് ആഗ്രഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്‌മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു.

നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്‌പോണ്‍സര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ.Allu Arjun നെ വിളിക്കുകയും കേട്ട പാടെ തന്നെ ഒരു വർഷത്തെയല്ല മറിച്ച് നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്സായി മാറും.

ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെൻറ് തോമസ് കോളേജ് അധികൃതര്‍, പഠനത്തിനായി മുഴുവൻ തുകയും നൽകി സഹായിക്കുന്ന ശ്രീ. Allu Arjun, വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍കുന്ന നിങ്ങൾ എല്ലാവര്‍ക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News