Hyderabad : അല്ലു അർജുനും, രാജമൗലിയും ആദ്യമായി ഒന്നിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ചിത്രത്തിൻറെ തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതൊരു ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കാനാണ് സാധ്യത. മഹേഷ് ബാബുവിനൊപ്പം രാജമൗലി പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രം പൂർത്തിയായതിന് ശേഷം അല്ലു അർജുൻ നായകൻ ആകുന്ന ചിത്രം ആരംഭിക്കും.
ചിത്രത്തിൽ രാജമൗലിയോടൊപ്പം അച്ഛൻ കെ.വി. വിജയേന്ദ്ര പ്രസാദും പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. ഇതിനോടകം തന്നെ നിരവധി തവണ അല്ലു അർജുനുമായി ഇരുവരും ചർച്ച നടത്തി കഴിഞ്ഞുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങിന് ആഫ്രിക്കൻ വനാന്തരങ്ങളിൽ ഉൾപ്പടെയുള്ള ലൊക്കേഷനുകളാകും തെരഞ്ഞെടുക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് ആലിയ ഭട്ട് ആകാനും സാധ്യതയുണ്ട്.
അതെ സമയം രാജമൗലിയുടെ ആർആർആർ മാർച്ച് 25 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം ജനുവരി 7 ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് ആർആർആർ. എന്നാൽ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധയും, കോവിഡ് രോഗവ്യാപനവും വർധിക്കുന്ന സാഹചര്യത്തിൽ മാറ്റി വെക്കുകയായിരുന്നു. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് നിരവധി തവണ മാറ്റിവെച്ചിരുന്നു.
ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്.
അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...