Sindhu Shyam: ഭൂതക്കണ്ണാടി മാറ്റുരച്ച് ഐഎഫ്എഫ്കെയിൽ എത്തിയപ്പോൾ..! ദേ ആ പെൺകുട്ടി ഇവിടെയുണ്ട്

Sindhu Shyam Interview:  28ാം മത് ഐഎഫ്എഫ് കെയിൽ ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോൾ അന്ന് കാണാതെ പോയ മിനി മോളെ വീണ്ടും കണ്ടെത്തിയിരിക്കുകയാണ് സീ മലയാളം ന്യൂസ്. അഭിനയം പോലെ തന്നെ നൃത്തവും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ സിന്ധു ശ്യാം 16 വർഷത്തിനുശേഷം കേരളത്തിൽ സൂര്യ ഫെസ്റ്റിന്റെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാൻ തിരുവനന്തപുരത്ത് എത്തുകയാണ്.

Written by - Ashli Rajan | Last Updated : Dec 16, 2023, 11:56 AM IST
  • ആ കാലത്ത് ചെറുതുരുത്തി, ഒറ്റപ്പാലം ഒക്കെ മലയാള സിനിമയുടെ മെയിൻ ലൊക്കേഷനുകൾ ആണ്. സല്ലാപം പോലുള്ള ചിത്രങ്ങൾ എല്ലാം അവിടെയാണ് ഷൂട്ട് ചെയതത്.
  • സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം കരസ്തമാക്കിയതിന്റെ ഫോട്ടോ പേപ്പറിൽ വന്നിരുന്നു.
  • ഭൂതക്കണ്ണാടി എനിക്കൊരു അത്ഭുതം ആയിരുന്നു. കാരണം നമ്മൾ സ്‌ക്രീനിൽ കണ്ട ആളുകളെ നേരിൽ കാണുകയല്ലേ..
Sindhu Shyam: ഭൂതക്കണ്ണാടി മാറ്റുരച്ച് ഐഎഫ്എഫ്കെയിൽ എത്തിയപ്പോൾ..! ദേ ആ പെൺകുട്ടി ഇവിടെയുണ്ട്

ആ രാത്രി മറക്കാൻ സാധിക്കുമോ..? രാത്രിയുടെ ഇരുളിൽ എങ്ങോ മാഞ്ഞ തന്റെ മകളെ തേടി അലറി കരഞ്ഞു കൊണ്ട് നടക്കുന്ന അമ്മ.  അന്നാ ഗ്രാമമൊട്ടാകെ അലയടിച്ചത് മിനിമോളെ... എന്ന് ഉറക്കെ വിളിച്ചു തേങ്ങുന്ന അമ്മയുടെ ശബ്ദം മാത്രമാണ്. ലോഹിതദാസ് സംവിധാനം ചെയ്ത് മമ്മൂട്ടി, ശ്രീലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രമായി എത്തി, 1997ൽ റിലീസ് ചെയ്ത  'ഭൂതക്കണ്ണാടി' എന്ന സിനിമയിലെ  കരളലിയിക്കുന്ന രംഗമായിരുന്നു അത്. ഉള്ളൊന്നു പിടയാതെ ആർക്കും അത് കണ്ടു തീർക്കാൻ സാധിക്കില്ല. കൂരാകൂരിരുട്ടിൽ ആ അമ്മയ്ക്കൊപ്പം അന്ന് ഓരോ പ്രേക്ഷകനും മിനി മോളെ തേടി. ചില സിനിമകൾ അങ്ങനെയാണ്.. കാലം കഴിയുംതോറും കഥയുടെയും കഥാപാത്രങ്ങളുടെയും പ്രാധാന്യമേറും.  

ഇന്നും നമ്മുടെ സമൂഹത്തിൽ എത്രയോ പെൺകുട്ടികൾ പിച്ചിചീന്തപ്പെടുന്നു..  എത്രയോ മാതാപിതാക്കൾ തന്റെ മകളെയോർത്ത് ഏങ്ങലടിക്കുന്നു. ഇതുതന്നെയാണ് 'ഭൂതക്കണ്ണാടി' എന്ന സിനിമ വർഷങ്ങൾക്കു ശേഷവും കാലികപ്രസക്തി നേടുന്നത്. 28ാം മത് ഐഎഫ്എഫ് കെയിൽ ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോൾ അന്ന് കാണാതെ പോയ മിനി മോളെ വീണ്ടും കണ്ടെത്തിയിരിക്കുകയാണ് സീ മലയാളം ന്യൂസ്. അഭിനയം പോലെ തന്നെ നൃത്തവും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ സിന്ധു ശ്യാം വർഷങ്ങൾക്കു ശേഷം കേരളത്തിൽ സൂര്യ ഫെസ്റ്റിന്റെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാൻ തിരുവനന്തപുരത്ത് എത്തുകയാണ്. തന്റെ സിനിമ ഓർമ്മകളെ കുറിച്ചും നൃത്ത വിശേഷങ്ങളെക്കുറിച്ചും സീ മലയാളം ന്യൂസുമായി സിന്ധു ശ്യാം സംസാരിക്കുന്നു.

വീട്ടിലേക്കെത്തിയ ലോഹിതാദാസും സംഘവും

കേരള കലാമണ്ഡലത്തിനടുത്തായി ചെറുതുരുത്തി ആണ് എന്ടെ സ്ഥലം. ചെറുപ്പം മുതൽ ഡാൻസിൽ വളരെ ആക്റ്റീവ് ആയിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ എല്ലാം പങ്കെടുക്കുമായിരുന്നു. ആ കാലത്ത് ചെറുതുരുത്തി, ഒറ്റപ്പാലം ഒക്കെ മലയാള സിനിമയുടെ മെയിൻ ലൊക്കേഷനുകൾ ആണ്. സല്ലാപം പോലുള്ള ചിത്രങ്ങൾ എല്ലാം അവിടെയാണ് ഷൂട്ട് ചെയതത്. പുഴയും,മലയും, തോടും നിറഞ്ഞ ആ ഭൂപ്രകൃതി ആയിരുന്നു അതിന് കാരണം. ഭൂതക്കണ്ണാടിയുടെ ചിത്രീകരണവും അവിടെ വെച്ചായിരുന്നു. ഞാനന്ന് പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. 

സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം കരസ്തമാക്കിയതിന്റെ ഫോട്ടോ പേപ്പറിൽ വന്നിരുന്നു. ആ സമയത്ത് ഭൂതക്കണ്ണാടിയിലേക് 15 വയസുള്ള ഒരു പെൺകുട്ടിയെ അവർ അന്വേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ ന‍ൃത്തത്തിലൂടെയാണ് അവർ എന്നെ കുറിച്ച് അറിയുന്നതും, എനിക് ആ കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ആയ ലോഹിതദാസ് സാറും, ക്യാമറമാൻ വേണു സർ, ഗാനരചയിതാവ് കൈതപ്രം സർ എന്നിവർ ഒരു ദിവസം രാവിലെ ഞാൻ സ്കൂളിലേക്ക് പോകാനായി ഒരുങ്ങുന്ന നേരത്ത് വീട്ടിലേക്ക്‌ എത്തുകയായിരുന്നു. അഭിനയിക്കാൻ ആഗ്രഹമുണ്ടോ ഇങ്ങനെയൊരു കഥാപാത്രം ഉണ്ടായിരുന്നു എന്നൊക്കെ എന്നോട് പറഞ്ഞു.. പിന്നീടെല്ലാം പെട്ടെന്ന് നടന്നു. 

ALSO READ: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപന ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥി

എന്റെ ഫാമിലിയിൽ അങ്ങനെ സിനിമ ബാക്ക്ഗ്രൗണ്ട് ഉള്ളവർ ഒന്നും ഇല്ലായിരുന്നു. അച്ഛന് അന്ന് ദോഹയിൽ ജോലി ചെയ്യുകയാണ്, അമ്മ ഗവണ്മെന്റ് സർവിസിൽ ആയിരുന്നു. എന്നെ നൃത്തത്തിലും മറ്റും പിന്തുണ നൽകിയിരുന്നത് മുത്തശ്ശനും മുത്തശ്ശിയും ആണ്. അവരാണ് എനിക്ക് അഭിനയത്തിനും പ്രചോദനം നൽകിയത്. അങ്ങനെ ഷൂട്ടിങ് ആരംഭിച്ചു. പരീക്ഷയെ ബാധിക്കാത്ത തരത്തിൽ ആയിരുന്നു എല്ലാം മുന്നോട്ട് പോയത്. കാരണം പഠനത്തെ ഇതൊന്നും ബാധിക്കരുതെന്ന് എനിക് നിർബന്ധം ഉണ്ടായിരുന്നു. ഭൂതക്കണ്ണാടി സെറ്റിൽ എനിക്ക് പഠിക്കാനുള്ള സജ്ജീകരണം നടത്തിയിരുന്നു. കാരണം പത്താം ക്ലാസ്സ് പരീക്ഷയുടെ സമയത്തായിരുന്നു ഷൂട്ടിങ്.

എല്ലാം ക്ഷമയോടെ പറഞ്ഞു തന്നത് മമ്മൂക്ക..

ഭൂതക്കണ്ണാടി എനിക്കൊരു അത്ഭുതം ആയിരുന്നു. കാരണം നമ്മൾ സ്‌ക്രീനിൽ കണ്ട ആളുകളെ നേരിൽ കാണുകയല്ലേ.. പിന്നേ സിനിമ സെറ്റ് ഒക്കെ ആദ്യമായി കാണുകയാണ്. അതിന്റെ ഒരു കൗതുകം ഉണ്ടായിരുന്നു. അഭിനയത്തിൽ ടെക്‌നിക്കൽ മിസ്റ്റേക്കുകൾ ഒക്കെ എനിക് സംഭവിച്ചിട്ടുണ്ട്. അന്നതെല്ലാം ക്ഷമയോടെ തിരുത്തി തന്നത് മമ്മൂട്ടി സർ ആണ്. 

മരിക്കുമെന്ന് അറിഞ്ഞിരുന്നില്ലാ.. പിന്നീട് സിനിമയല്ലേയെന്ന് ചിന്തിച്ചു

ഭൂതക്കണ്ണാടിയിൽ അവസാനം മിനിമോൾ മരിച്ചുപോകുമെന്ന് അറിയില്ലായിരുന്നു. ആ രം​ഗം എന്റെ ഫാമിലിക്കും കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കി. പിന്നെ സിനിമയല്ലേ എന്ന് ചിന്തിച്ച് മുന്നോട്ടു പോയി 

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോൾ...

വർഷങ്ങൾക്ക് ശേഷം മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്സ് എന്ന സിനിമയിലാണ് ഞാൻ മമ്മൂക്കയെ പിന്നീട് നേരിൽ കാണുന്നത്. എന്നെ കണ്ടപ്പോൾ ഈ കുട്ടിയെ എനിക് അറിയാല്ലോ.. ഇപ്പോൾ കല്യാണം ഒക്കെ കഴിഞ്ഞല്ലേ എന്നൊക്കെ ചോദിച്ചു.

വാനപ്രസ്ഥം എന്ന വലിയ അനുഭവം

ഒരു ചെറുപുഞ്ചിരി, മഴ അങ്ങനെ ചുരുങ്ങിയ സിനിമകളിൽ ആണ് അഭിനയിച്ചിരുന്നതെങ്കിലും എല്ലാം വളരെ മനോഹരമായ ഓർമ്മകൾ ആണ് എനിക്ക് സമ്മാനിച്ചത്. വാനപ്രസ്ഥത്തിൽ സിനിമ ലോകത്തെ വലിയൊരു ടീമിന്റെ കൂടെയാണ് അഭിനയിക്കാൻ അവസരം ലഭിച്ചത്. അത് മറ്റൊരു അനുഭവം ആയിരുന്നു. 

'മഴ'യുടെ കുളിരുന്ന ഓർമ്മകളും നവരാത്രി ആഘോഷവും..

മഴ സിനിമയ്ക്ക് ശേഷമാണ് എനിക്കൊരു സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്ന തരത്തിൽ ഒരു ഇവന്റ് ഉണ്ടായത്. അംബാസമുദ്രം എന്ന സ്ഥലമായിരുന്നു സിനിമയിലെ പ്രധാന ലൊക്കേഷൻ. തിരുനൽവേലിയ്ക്ക് അടുത്തുള്ള ഗ്രാമം. അന്ന് നവരാത്രി ആഘോഷം നടക്കുന്ന സമയം ആയിരുന്നു. അപ്പോൾ കുറച്ച് ആളുകൾ വന്ന് സിനിമയിലുള്ളവരെ ഒക്കെ അവിടെ നടക്കുന്ന ഒരു പരിപാടിയിലേക് ക്ഷണിച്ചു. അടുത്ത ദിവസം ഞങ്ങൾ എല്ലാവരും ആ സ്ഥലത്തേക്ക് പോയി. വലിയ ജനക്കൂട്ടം ആയിരുന്നു അവിടെ.. എനിക്കങ്ങനെ ഒരു അനുഭവം എല്ലാം ആദ്യം ആയിരുന്നു. കുറച്ചു പേര് ചേർന്ന് ഞങ്ങളെ വേദിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. സംയുക്ത, ബിജു ചേട്ടൻ, ഡയറക്ടർ സർ അങ്ങനെ എല്ലാവരും സ്റ്റേജിൽ ഇരിക്കുന്നുണ്ട്. 

പെട്ടന്ന് അവിടുള്ളവർ എന്നോടും വേദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. ആ സമയത്ത് എനിക്ക് തമിഴ് അത്ര അറിയില്ലായിരുന്നു. ഞാൻ " എല്ലാവർക്കും വണക്കം നവരാത്രി തിരുനാളിലേക്ക് എല്ലാവർക്കും വിഷസ്" അങ്ങനെ ഒക്കെ പറഞ്ഞ് ഒപ്പിച്ചു.  അത് കഴിഞ്ഞ് പിറ്റേന്ന് സെറ്റിൽ എത്തിയപ്പോൾ എല്ലാവരും ഭയങ്കര ചിരി.. സിന്ധു സരസ്വതി ദേവിക്ക് ഹാപ്പി ബെർത്ത്ഡേ പറഞ്ഞു എന്നും പറഞ്ഞ് ബിജു ചേട്ടനോക്കെ ഭയങ്കര കളിയാക്കൽ. മഴ ചിത്രത്തിന്റെ ഓർമ്മകളിൽ അത് വളരെ രസകരമായ ഒരു സംഭവം ആയിരുന്നു.

ജ്ഞാനാമ്പാളിനെയാണ് കൂടുതൽ ഇഷ്ടം

മഴയിലെ ജ്ഞാനാമ്പാളിനെയാണ് എനിക്ക് ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ കൂടുതലായി മനസ്സിൽ തട്ടിയിട്ടുള്ളത്. പ്രണയവും കുശുമ്പും എല്ലാം ഒത്തു ചേർന്ന ഒരു ക്യാരക്ടർ.  എല്ലാത്തിനും അവസാനം മാനസികമായും തകർന്നു പോകുന്ന ഒരു കഥാപാത്രം. അതുകൊണ്ട് തന്നെ എനിക് ജ്ഞാനാമ്പാളിനെ ഭയങ്കര ഇഷ്ടമാണ്. ആ സിനിമയിലെ ഓരോ കഥാപാത്രത്തിനും ഭയകര ഡെപ്ത് ഉള്ളതായി തോന്നിയിട്ടുണ്ട്. ശിവശൈലം എന്നൊരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഷൂട്ട്‌ അധികവും. അതെല്ലാം മനോഹരമായ ഓർമ്മകൾ ആണ്.

മണിരത്നത്തിന്റെ കഥാപാത്രം

തമിഴിൽ മണിരത്നം സർ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയുടെ സഹോദരിയായി വേഷം ലഭിച്ചു. അതൊരു ഭാ​ഗ്യമായി ആണ് തോന്നിയിട്ടുള്ളത്. 

വിവാഹവും ഡാൻസ് പഠനവും..

2002 ലായിരുന്നു വിവാഹം. അന്ന് തൊട്ട് ചെന്നൈയിൽ ആണ് താമസിക്കുന്നത്. തമിഴ് സീരിസുകളിൽ അഭിനയിച്ചു. ആ സമയത്ത് പത്മശ്രീ ഗുരു ചിത്രാ വിശ്വേശ്വരൻറെ കീഴിൽ ഭാരതനാട്യത്തിൽ കൂടുതൽ ഫോക്കസ് ചെയ്യാൻ തീരുമാനിച്ചു. 8 വർഷത്തോളം അവിടെ പഠിച്ചു. അതിനിടയിൽ മകനെ പ്രസവിച്ചപ്പോൾ ഒരു ഗ്യാപ് വന്നിരുന്നു. ഇപ്പോൾ 12 വർഷത്തോളമായി സ്വന്തമായി ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ഞാൻ പഠിപ്പിച്ച കുട്ടികൾ ഒക്കെ വലുതായി.. അരങ്ങേറ്റം ഒക്കെ നടത്തി. പിന്നെ ചില സഭകളിൽ ഒക്കെ എന്ടെ കുട്ടികളുടെ ഡാൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. ഞാനും നൃത്തത്തിൽ സജീവമായി തുടരുന്നു. പ്രോഗ്രാമുകള് എല്ലാം ചെയ്യുന്നുണ്ട്. 

ഇതിനിടയിൽ ഭരതനാട്യത്തിൽ ഞാൻ പിജിയും ചെയ്തു. ഇപ്പോൾ അസിസ്റ്റന്റ് പ്രൊഫസർ ലെവലിലേക് ഉള്ള കോമൺ എൻട്രൻസ് എക്സാം എഴുതിയെടുത്തു. അങ്ങനെ അഭിനയം പോലെ തന്നെ നൃത്തത്തെയും ജീവിതത്തിന്റെ ഭാഗമായി കൊണ്ടു പോകുകയാണ്. നൃത്തം എന്നത് ഒരു സാഗരമാണ്. അത് പഠിക്കുക എന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ്. ഇതിൽ ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. കൂടാതെ സ്വന്തമായി ഒരു പ്രൊഡക്ഷൻ ടീം ഉണ്ടാക്കാനും പ്ലാൻ ഉണ്ട്. അതിനായി ചെറിയ ചുവടുകൾ മുന്നോട്ട് വെച്ചു തുടങ്ങി.

സീരിയലിലും സജീവം

മലയാളത്തിൽ ആ സമയത്ത് തന്നെ നിരവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു. ഇപ്പോഴും തമിഴ് സിനിമകളിൽ സജീവമായി തുടരുന്നു. ഒപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. 

ഐഎഫ്എഫ്കെയിലെ ഭൂതക്കണ്ണാടിയും സൂര്യഫെസ്റ്റും

എല്ലാം ഒരു യാദൃശ്ചികം ആയിട്ടാണ് തോന്നുന്നത്. ഞാൻ വളരെ നാളുകൾക്ക് ശേഷമാണ് കേരളത്തിൽ ഡാൻസ് പെർഫോം ചെയ്യാനായി വരുന്നത്. ഈ ഡിസംബർ 16ന് സൂര്യ ഫെസ്റ്റിന്റെ ഭാഗമായി ആണ് തിരുവനന്തപുരത്ത് ഭരതനാട്യം അവതരിപ്പിക്കുന്നത്. ആ സമയത്ത് തന്നെ ആദ്യമായി അഭിനയിച്ച സിനിമയായ ഭൂതക്കണ്ണാടി ഐഎഫ് എഫ്കെയിൽ എത്തുന്നു എന്നു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. സൂര്യ ഫെസ്റ്റിൽ നൃത്തം അവതരിപ്പിക്കുക എന്നതും വളരെ കാലമായി ഉള്ള ആഗ്രഹമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News