തീയ്യേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. ബോക്സോഫീസുകളിൽ റെക്കോർഡ് നേട്ടത്തിലേക്കാണ് സിനിമ എത്തുന്നത്. എന്നാൽ അതിനിടയിൽ ചിത്രവുമായി ബന്ധപ്പെട്ട് തൻറെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി മഞ്ജു പത്രോസ്. തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജു ഇത് പങ്ക് വെച്ചത്.
ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായെന്നും ചിത്രത്തിലെ ബോഡി ഷെയിമിങ്ങ് ഭാഗം വേണ്ടായിരുന്നെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിൻറെ പൂർണ്ണ രൂപം
കാന്താര.. രണ്ടു ദിവസം മുൻപ് പോയി ഞാനും എൻറെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളിൽ തങ്ങിനിൽക്കുന്നു... ഒരു drama thriller..Rishab Shetty "ശിവ"ആയി ആടി തിമിർത്തിരിക്കുന്നു.. അദ്ദേഹം തന്നെയാണ് അതിൻറെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി.. ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂർ ശിവയായി വന്ന Rishab കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികൾ അത് കണ്ടു തീർക്കും.. തീർച്ച... സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ...
ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി.. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു.. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിൻറെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിൻറെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിൻറെ മുഖത്ത് അപ്പോൾ അല്പം ഈർഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിൻറെ ഭാര്യയെ നോക്കുന്നു..
അവർ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്കളങ്കമായിചിരിച്ചു കാണിക്കുന്നു ... അവരുടെ അല്പം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിൻ്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു.,. ഇത് കണ്ടതും കാണികൾ തീയറ്ററിൽ പൊട്ടിച്ചിരിക്കുന്നു... എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നത്... ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്... അത് അപക്വമായ ഒരു തീരുമാനമായി പോയി...
ഇത്രയും മനോഹരമായ ഒരു സിനിമയിൽ അതൊരു ചെറിയ ഭാഗമല്ലേ അതിത്രമാത്രം പറയാനുണ്ടോ എന്ന് നിങ്ങളിൽ പലരും ചോദിക്കും... ശരിയാണ്...അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല... ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ് അതിൽ നോക്കി ചിരിക്കാൻ അതിനെ കളിയാക്കാൻനമുക്ക് ആർക്കും അവകാശമില്ല.. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താൻ നമുക്ക് ആർക്കും അവകാശമില്ല സുഹൃത്തുക്കളെ
അതിനിടയിൽ മഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിൽ ആളുകൾ കമൻറിടുന്നു. സിനിമയെ സിനിമയായി മാത്രം കാണണം എന്നും എന്നാൽ ഇത് സിനിമക്ക് നൽകുന്നത് നല്ല സന്ദേശമല്ലെന്നും ആളുകൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...