തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടവും കൊലപാതകങ്ങളും വലിയ ചര്ച്ചയായിക്കൊണ്ടിരിക്കവേ, ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പോലീസ്. ഗുണ്ടാ വിളയാട്ടം കൂടുന്നതിനുള്ള കാരണം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്ജ്ജന് കുമാര്‍ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
കാപ്പാ നിയമം നടപ്പിലാക്കുന്നതിലുള്ള കാലതാമസമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആറ് മാസത്തിനിടെ 12 പേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ അപേക്ഷ നല്‍കിയെങ്കിലും ഒരാള്‍ക്കെതിരെ മാത്രമാണ് കാപ്പ ചുമത്തിയത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജില്ലാ ഭരണകൂടം ഫയലുകള്‍ വൈകിപ്പിക്കുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്ജ്ജന് കുമാര്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ മാത്രം 300 പേര് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം സീ മലയാളം ന്യൂസിനോട് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ, ഹോട്ടലില്‍ വച്ച് യുവാവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയായ അജീഷ് മുമ്പ് വധശ്രമ കേസ് ഉള്‍പ്പെടെ ഒരുപാട് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ആളാണ്. ഇയാളുടെ പേരും കാപ്പ ചുമത്താനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്. ജില്ലാ ഭരണകൂടം അതില്‍ തീരുമാനമെടുത്തിരുന്നെങ്കില്‍, ആ കൊലപാതകം ഒഴിവാക്കാന്‍ ആകുമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...