കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടിയുമായി ഗസ്റ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധത്തിനെത്തിയത്.
വഴിയിലും പരിപാടി നടക്കുന്ന സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്. എട്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. തളിപ്പറമ്പിലും കുറുമാത്തൂരിനുമിടയിൽ ഒമ്പത് മണിക്കും പന്ത്രണ്ട് മണിക്കും ഇടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് നഗരം മുതൽ കിലയുടെ പരിപാടി നടക്കുന്ന കരിമ്പം ഫാം വരേയുള്ള പ്രദേശത്താണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയൻ രാത്രി വീട്ടിൽ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് മാറിയിരുന്നു. പോലീസിന്റെ അഭ്യർഥന കണക്കിലെടുത്തായിരുന്നു തീരുമാനം. പിണറായിയിലെ സ്വന്തം വീട്ടിൽ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും സുരക്ഷ ഒരുക്കാനുള്ള ബന്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് മാറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...