ഇടുക്കി: സൂര്യനല്ലിയിൽ വീണ്ടും അരികൊമ്പന്റെ ആക്രമണം. കാര്‍ഷിക ആവശ്യത്തിനായി നിര്‍മ്മിച്ച ഷെഡ് ഒറ്റയാന്റെ ആക്രണത്തില്‍ തകര്‍ന്നു. മുട്ടുകാട് സ്വദേശിയായ പയ്യാനിചോട്ടില്‍ വിജയകുമാര്‍ ഏലം കൃഷിയ്ക്കായി പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. പണി ഉപകരണങ്ങള്‍ സൂക്ഷിയ്ക്കുന്നതിനായി നിര്‍മ്മിച്ച ഷെഡ് അരികൊമ്പന്‍ പൂര്‍ണ്ണമായും തകര്‍ത്തു. കൃഷിയിടത്തിൽ ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന മോട്ടോറും ആക്രമണത്തിൽ തകര്‍ന്നു. നിരവധി ഏലച്ചെടികളും ഒറ്റയാൻ നശിപ്പിച്ചു. അരികൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ, ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് എന്നിവർ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അരികൊമ്പന്‍, ജനവാസ മേഖലയില്‍ തമ്പടിയ്ക്കുന്നത് പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിലെ ആക്രമണകാരികളായ കാട്ടാനകളെ തുരത്തുന്നതിന് മുന്നോടിയായി, പ്രത്യേക ദൗത്യ സംഘം ആദ്യ ഘട്ട വിവര ശേഖരണം തുടങ്ങിയിരുന്നു. കുറച്ച് നാളുകളായി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ കാട്ടാന ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്.
Also Read: Wild elephant: ഇടുക്കി സൂര്യനെല്ലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; വീട് തകർത്തു
കഴിഞ്ഞ ജനുവരി 28ന് സൂര്യനെല്ലി ബിഎൽ റാമിൽ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നിരുന്നു. മഹേശ്വരിയുടെ വീടാണ് ആക്രമിച്ചത്. മഹേശ്വരിയും മകളും വീട്ടിലുള്ളപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മഹേശ്വരിയും മകൾ കോകിലയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിന് മുൻപും ബിഎല്‍ റാമിലും പന്നിയാറിലും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ബിഎല്‍ റാമില്‍ വീടും പന്നിയാറില്‍ റേഷന്‍ കടയും തകര്‍ന്നു. തുടർച്ചയായി പ്രദേശത്ത് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...