Wayanad Student Death: സിദ്ധാര്‍ത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് കത്ത് നൽകി

Wayanad Student Death Case: മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകളും ഗൂഡാലോചനയും കണ്ടെത്താന്‍ അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 02:28 PM IST
  • സി.പി.എം നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു
  • സിദ്ധാര്‍ത്ഥ് നേരിട്ട മൃഗീയ മര്‍ദനത്തിന്റെയും ക്രൂരതയുടെയും തെളിവാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്
  • ക്രൂര പീഡനം ഏറ്റതിന്റെ തെളിവുകള്‍ സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി
Wayanad Student Death: സിദ്ധാര്‍ത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്. കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുകയും ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പൂക്കോട് വെറ്റനറി സര്‍വകലാശാല കാമ്പസില്‍ നിന്നും പുറത്ത് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

എസ്.എഫ്.ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊടുംക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നെന്നതും അതീവ ഗൗരവതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഡീനിനേയും അസിസ്റ്റന്റ് ഡീനിനേയും സസ്പെൻഡ് ചെയ്യും; നിർദേശം നൽകിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

മകന്റെ കൊലയാളികള്‍ പൂക്കോട് കാമ്പസിലെ എസ്.എഫ്.ഐ നേതാക്കളാണെന്ന് സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു.

സിദ്ധാര്‍ത്ഥ് നേരിട്ട മൃഗീയ മര്‍ദനത്തിന്റെയും ക്രൂരതയുടെയും തെളിവാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. ക്രൂര പീഡനം ഏറ്റതിന്റെ തെളിവുകള്‍ സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതികളെ രക്ഷിക്കാനാണ് പോലീസ് ആദ്യം മുതലേ ശ്രമിച്ചത്. അതേ പൊലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ALSO READ: സിദ്ധാർത്ഥിന്റെ മരണം; കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് മന്ത്രി ചിഞ്ചുറാണി

സിദ്ധാര്‍ത്ഥിന്റെ മരണവും അതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും കേരളത്തിലെ മാതാപിതാക്കള്‍ക്കിടയില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടെന്നും ഇനി ഇത്തരമൊരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് സിദ്ധര്‍ത്ഥിന്റെ കുടുംബവും പറയുന്നു. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകളും ഗൂഡാലോചനയും കണ്ടെത്താന്‍ അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News