മുഖ്യമന്ത്രി നിവർന്ന് നിൽക്കുന്നത് ബിജെപി നൽകിയ ഊന്നുവടിയിൽ; അത് കോൺഗ്രസിന് ആവശ്യമില്ല, മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഇടതുപക്ഷ മുഖം സിപിഎമ്മിന് നഷ്ടമാക്കുന്നുവെന്നതായിരുന്നു ചിന്തന്‍ ശിബിരത്തിലെ വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് വലതുപക്ഷമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 27, 2022, 02:46 PM IST
  • യുഡിഎഫിന്‍റെ ജനകീയ അടിത്തറ ശക്തമാക്കുമെന്ന് പറഞ്ഞതിന് മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥനാകുന്നത്
  • കോണ്‍ഗ്രസിന്‍റെ പരിപാടിയില്‍ ആരെല്ലാം പങ്കെടുത്തു പങ്കെടുത്തില്ല എന്നൊക്കെ മുഖ്യമന്ത്രി അന്വേഷിക്കേണ്ട
  • ഇടതുപക്ഷ മുഖം സിപിഎമ്മിന് നഷ്ടമാക്കുന്നുവെന്നതായിരുന്നു ചിന്തന്‍ ശിബിരത്തിലെ വിലയിരുത്തല്‍
മുഖ്യമന്ത്രി നിവർന്ന് നിൽക്കുന്നത് ബിജെപി നൽകിയ ഊന്നുവടിയിൽ; അത് കോൺഗ്രസിന് ആവശ്യമില്ല, മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്ക് ബിജെപി നല്‍കിയ ഊന്നുവടി കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തിനെ കുറിച്ച് ഇത്ര നന്നായി പഠിച്ചതിനും അതിന്‍റെ സന്ദേശം അന്വേഷിച്ച് പോയതിനും മുഖ്യമന്ത്രിയോട് പ്രത്യേകമായ നന്ദി പറയുന്നതായും അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയെ പോലെ ഇന്ത്യയില്‍ കോണ്‍ഗ്രസ് നടത്തിയ ചിന്തന്‍ ശിബിരത്തിനെ കുറിച്ച് പഠിച്ച മറ്റൊരാളുണ്ടാകില്ല. കേരളത്തിലെ കോണ്‍ഗ്രസിന് നിവര്‍ന്ന് നില്‍ക്കാനുള്ള ഊന്നുവടികളൊന്നും ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഇപ്പോള്‍ ഉയര്‍ന്ന് നില്‍ക്കാന്‍ ഉപയോഗിക്കുന്ന ഊന്നുവടി കോണ്‍ഗ്രസിനോ യുഡിഎഫിനോ ആവശ്യമില്ല. ലാവലിന്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ നിന്നും രക്ഷപ്പെടാണ്‍ ബിജെപി ദേശീയ നേതൃത്വം നല്‍കിയ ഊന്നുവടിയിലാണ് പിണറായി വിജയന്‍ നിവര്‍ന്ന് നില്‍ക്കുന്നത്. ആ ഊന്നുവടി ഞങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യുഡിഎഫിന്‍റെ ജനകീയ അടിത്തറ ശക്തമാക്കുമെന്ന് പറഞ്ഞതിന് മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥനാകുന്നത്. അടുത്തിടെയായി മുഖ്യമന്ത്രിക്ക് അരക്ഷിതബോധം വല്ലാതെ വളരുകയാണ്. അതാണ് മറ്റുള്ളവരെ പരിഹസിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പരിപാടിയില്‍ ആരെല്ലാം പങ്കെടുത്തു പങ്കെടുത്തില്ല എന്നൊക്കെ മുഖ്യമന്ത്രി അന്വേഷിക്കേണ്ട. അത് അന്വേഷിക്കേണ്ട ചുമതലയൊന്നും മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ മുഖം സിപിഎമ്മിന് നഷ്ടമാക്കുന്നുവെന്നതായിരുന്നു ചിന്തന്‍ ശിബിരത്തിലെ വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് വലതുപക്ഷമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും കോണ്‍ഗ്രസ് വലതുപക്ഷ പാര്‍ട്ടിയല്ല. ഞങ്ങള്‍ നെഹ്രൂവിയന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ഇടതുപക്ഷമെന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. വലതുപക്ഷമെന്നത് സിപിഎം ഉണ്ടാക്കിയത്. അത് കോണ്‍ഗ്രസിന് ചേരില്ല. കോണ്‍ഗ്രസിന്‍റെ നയപരിപാടികളും ആശയങ്ങളും തീവ്ര വലതുപക്ഷ സ്വഭാവമുള്ളതല്ല. മോദി ഭരണകൂടമാണ് തീവ്ര വലതുപക്ഷ നിലപാടുകള്‍ എടുക്കുന്നത്. അതവര്‍ സമ്മതിക്കുന്നുമുണ്ട്. മോദി ഭരണകൂടം സ്വീകരിക്കുന്ന വലതുപക്ഷ നിലപാടുകള്‍ക്ക് പിന്നാലെയാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പോകുന്നത്. 

കെ- റെയില്‍ തന്നെ അതിന് ഉദാഹരണമാണ്. ആസൂത്രണ പ്രക്രിയ പൂര്‍ണമായും അവസാനിപ്പിച്ച് പ്രോജക്ടിലേക്ക് പോകുന്നതാണ് വലതുപക്ഷ നയം. അതുതന്നെയാണ് കേരളത്തിലും ചെയ്യുന്നത്. കെഎസ്ആര്‍ടിസി പോലൊരു പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടി കരാര്‍ തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തി സ്വിഫറ്റ് കമ്പനി രൂപീകരിച്ചവര്‍ എന്ത് ഇടതുപക്ഷമാണ്.  അധികാരത്തിന്‍റെ ആര്‍ഭാടത്തിൽ  മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ ജനങ്ങളെ കരുതല്‍ തടങ്കലിലാക്കുന്നത് ഇടത് പക്ഷ സമീപനമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി അകമ്പടി വാഹനങ്ങളുമായി പോകുന്നതിനെ വിമര്‍ശിച്ചത് ഘടകകക്ഷികളാണ്. ഇടത് മുന്നണിയിലെ ഘടകക്ഷികള്‍ അസംതൃപ്തരാണെന്നാണ് പറഞ്ഞത്. അതില്‍ സിപിഎം നേതാക്കള്‍ ഭയപ്പെടുന്നത് എന്തിനാണെന്നും വി.ഡി സതീശൻ ചോദിച്ചു.

മാധ്യമം ദിനപത്രം യു.എഇയില്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ കത്തയച്ചത് താന്‍ അറിഞ്ഞില്ലെന്നും മോശമായിപ്പോയെന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ തള്ളിപ്പറയലുകള്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ജന്മമായി ജലീല്‍ മാറിയെന്നത് സങ്കടകരമാണ്. ‌
എകെജി സെന്‍റർ ആക്രമണത്തിലെ പ്രതികള്‍ ആരാണെന്ന് പൊലീസിന് അറിയാം. പക്ഷെ അവരുടെ കൈകള്‍ വരിഞ്ഞുകെട്ടിയിരിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിട്ടാല്‍ ആരാണ് ചെയ്തതെന്ന് വ്യക്തമാകുമെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News