തിരുവനന്തപുരം: ഒന്നരമാസത്തിന് ശേഷം സംസ്ഥാനത്തെ മദ്യശാലകൾ ഇന്നലെ തുറന്നപ്പോൾ റെക്കോർഡ് മദ്യവിൽപ്പന. ബെവ്കോ ഔട്ട്ലറ്റുകളിൽ (Bevco Outlets) നിന്ന് മാത്രം 52 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. കൺസ്യൂമർഫെഡ് (Consumerfed) വഴി എട്ട് കോടി രൂപയുടെ വിൽപ്പനയുണ്ടായി. ബാറുകൾ വഴി നടന്ന വിൽപ്പനക്ക് പുറമേയുള്ള കണക്കാണിത്.
പാലക്കാട് തേങ്കുറിശിയിലെ ഔട്ട്ലറ്റിലാണ് ഏറ്റവും കൂടതുൽ മദ്യം വിറ്റത്. 69 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശിയിലെ ഔട്ട്ലറ്റ് വഴി വിൽപ്പന നടത്തിയത്. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലറ്റാണ് രണ്ടാമത് 66 ലക്ഷത്തിന്റെ മദ്യവിൽപ്പനയാണ് ഇവിടെ നടന്നത്. 65 ലക്ഷത്തിന്റെ മദ്യവിൽപ്പന നടന്ന ഇരിങ്ങാലക്കുട ഔട്ട്ലറ്റ് മൂന്നാം സ്ഥാനത്താണ്.
ആകെ 265 ബെവ്കോ ഔട്ട്ലറ്റുകളും 32 കൺസ്യൂമർഫെഡ് ഔട്ട്ലറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ കൊവിഡ് (Covid) സങ്കീർണ പ്രദേശങ്ങളിലുള്ള 40 ഔട്ട്ലറ്റുകൾ തുറന്നിരുന്നില്ല. ബാക്കിയുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇത്രയും കോടി രൂപയുടെ മദ്യവിൽപ്പന നടന്നത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിലെ ബെവ്കോ ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നിരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26ന് ആണ് ബെവ്കോ ഔട്ട്ലറ്റുകളും ബാറുകളും അടച്ചത്. ഇതോടെ ബെവ്കോയ്ക്ക് 1700 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ALSO READ: Kerala Unlock: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ തുറന്നു; സാമൂഹിക അകലം പാലിച്ച് ഉപഭോക്താക്കൾ
മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തവർക്ക് മാത്രമായി മദ്യവിൽപ്പന പരിമിതപ്പെടുത്താനാണ് സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രായോഗിക പ്രശ്നങ്ങൾ കാരണം ഈ സംവിധാനത്തെക്കുറിച്ചുള്ള ആലോചന ഉപേക്ഷിക്കുകയായിരുന്നു. ബെവ്ക്യൂ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതും ഈ സംവിധാനത്തിൽ കഴിഞ്ഞവർഷം ഉണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എക്സൈസ് വകുപ്പ് (Excise department) എതിർപ്പ് അറിയിച്ചതുമാണ് പൊലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ച് മദ്യവിൽപ്പന നടത്താമെന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്. അടഞ്ഞുകിടക്കുന്ന 40 ഔട്ട്ലറ്റുകളും കൂടി തുറക്കാൻ സാധിക്കുന്നതോടെ വരുമാനത്തിൽ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA