ഇടുക്കി അണക്കെട്ടിൽ മുങ്ങിപ്പോയ വൈഡൂര്യം; വൈരമണി ഗ്രാമത്തിന്‍റെ കഥ അറിയാം

അരനൂറ്റാണ്ട് മുമ്പ് ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു കുളമാവിലെ വൈരമണി എന്ന ഗ്രാമം. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 07:04 PM IST
  • അണക്കെട്ടിലെ ജലനിരപ്പ് 15 ശതമാനത്തിൽ താഴെയെത്തിയാൽ അരനൂറ്റാണ്ട് മുൻപ് കുടിയൊഴിപ്പിച്ച ഗ്രാമത്തിന്റെ ശേഷിപ്പുകൾ ഇന്നും കാണാൻ കഴിയും.
  • നൂറുവർഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ജലനിരപ്പ് താഴുന്ന സമയത്ത് പ്രത്യക്ഷമാകും.
  • സെന്റ് തോമസ് പള്ളി സെന്റ് മേരീസ് പള്ളി എന്ന പേരിൽ പിന്നീട് കുളമാവിലേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു.
ഇടുക്കി അണക്കെട്ടിൽ മുങ്ങിപ്പോയ വൈഡൂര്യം; വൈരമണി ഗ്രാമത്തിന്‍റെ കഥ അറിയാം

ഇടുക്കി അണക്കെട്ടിനെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായാണ് ഇടുക്കി അണക്കെട്ട് അറിയപ്പെടുന്നത്. എന്നാൽ അണക്കെട്ടിന്റെ നിർമ്മാണത്തോടെ മറഞ്ഞു പോയ ഒരു ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ... ഇടുക്കി ഡാമിനുള്ളിൽ മുങ്ങിപോയ വൈഡൂര്യം എന്നാണ് വൈരമണി ഗ്രാമത്തെ വിശേഷിപ്പിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ നിർമാണം പൂർത്തിയായതോടെ വെള്ളത്തിൽ മറഞ്ഞതാണ് വൈരമണി ഗ്രാമം.

അണക്കെട്ടിനുള്ളിൽ മറഞ്ഞ വൈരമണി ഗ്രാമത്തിന് പറയാൻ ഏറെ കഥകളുണ്ട്

അരനൂറ്റാണ്ട് മുമ്പ് ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു കുളമാവിലെ വൈരമണി എന്ന ഗ്രാമം. 1974ൽ ഇടുക്കി ഡാമിന്‍റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോഴാണ് ഗ്രാമം മൺമറഞ്ഞു പോയത്. ഇതിന് മുമ്പ് വൈരമണിയിലെ താമസക്കാരെയെല്ലാം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സ‍ർക്കാർ മാറ്റിപ്പാർപ്പിച്ചിരുന്നു. 

സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മയ്യന്ന, കയനാട്ടുപാറ, വേങ്ങാനം, ചുരുളി, ക്ടാവര, മുത്തിക്കണ്ടം, നടയ്ക്കവയൽ ഗ്രാമങ്ങളുടെ വാണിജ്യ കേന്ദ്രം കൂടിയായിരുന്നു വൈരമണി. വൈരമണിയിൽ 2000ലേറെ കുടുംബങ്ങൾ താമസച്ചിരുന്നു. കുളമാവിൽ നിന്ന് റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം വൈരമണിയിലെത്താൻ. അണക്കെട്ടിലെ ജലനിരപ്പ് 15 ശതമാനത്തിൽ താഴെയെത്തിയാൽ  അരനൂറ്റാണ്ട് മുൻപ് കുടിയൊഴിപ്പിച്ച ഗ്രാമത്തിന്റെ ശേഷിപ്പുകൾ  ഇന്നും കാണാൻ കഴിയും. നൂറുവർഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ജലനിരപ്പ് താഴുന്ന സമയത്ത്  പ്രത്യക്ഷമാകും.

ഇവിടെ ബോട്ടിംഗ് സൗകര്യം ഇല്ലാത്തതിനാൽ ചെറുതോണിയിലെ വിനോദസഞ്ചാര ബോട്ട് കുളമാവിലേക്ക് കൂടി നീട്ടിയാൽ മാത്രമേ സഞ്ചാരികൾക്ക് ഈ അപൂർവ ദൃശ്യം കാണാനാകു. തൊടുപുഴയിൽ നിന്നുള്ള വാഹനങ്ങൾ കട്ടപ്പനയിലേക്ക് വൈരമണി വഴിയായിരുന്നു പോയിരുന്നത്. സർ സിപിയുടെ കാലത്ത് ഭക്ഷ്യക്ഷാമമുണ്ടായപ്പോൾ ഇവിടുത്ത് ചതുപ്പ് നിലങ്ങൾ പാട്ടത്തിനു നൽകാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഒരു കുടുംബത്തിന് 5 ഏക്കർ വീതം ഭൂമി നൽകി ആളുകളെ ഇവിടെ കുടിയിരുത്തുകയായിരുന്നു. അതിന് ശേഷം വന്ന കമ്യൂണിസ്റ്റ് സർക്കാർ ഈ സ്ഥലത്തിനു പട്ടയം നൽകി.

ഈ ഗ്രാമങ്ങൾ നെൽക്കൃഷിക്ക് സമ്പുഷ്ടമായ പ്രദേശങ്ങളായിരുന്നു. നൂറുവർഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി സെന്റ് മേരീസ് പള്ളി എന്ന പേരിൽ പിന്നീട് കുളമാവിലേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു. വൈരമണിയുടെ പേരിൽ ഇപ്പോൾ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ മാത്രമാണ്. കുളമാവ് ഫോറസ്റ്റ് സ്റ്റേഷൻ വൈരമണി ഫോറസ്റ്റ് സ്റ്റേഷനായാണ് രേഖകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News