മലപ്പുറം പെരിന്തൽമണ്ണയിൽ വീട്ടിൽക്കയറി 21 വയസുകാരിയായ ദൃശ്യയെ 21കാരനായ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത് 2021 ജൂൺ 17ന്. കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനി മാനസയെ താമസ സ്ഥലത്തെത്തി വെടിവച്ച് കൊലപ്പെടുത്തി രഗിൻ എന്ന യുവാവ് സ്വയം വെടിയുതിർത്ത് മരിച്ചത് ജൂലൈ മുപ്പതിന്. ഇന്ന് ഒക്ടോബർ ഒന്ന്, പാലായിൽ സെന്റ് തോമസ് കോളജ് ക്യാമ്പസിൽ നിതിന മോൾ എന്ന 22കാരിയെ സഹപാഠിയായ അഭിഷേക് എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. കഴിഞ്ഞ അഞ്ച് മാസത്തെ പ്രമാദമായ കേസുകൾ മാത്രമാണ്. ഇതിന് പിറകിലേക്കുള്ള കണക്കുകളിലേക്ക് പോകുകയാണെങ്കിൽ എണ്ണവും ക്രൂരതകളുടെ വലുപ്പവും ഇനിയും വർധിക്കും.
ചോര കണ്ടിട്ടും തീരാത്ത പകയാണ് പെരിന്തൽമണ്ണയിൽ കണ്ടത്. പ്രതി വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണയാണ്. മുറിവുകളും ആന്തരിക രക്തസ്രാവവുമാണ് ദൃശ്യയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലേദിവസം രാത്രി ദൃശ്യയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കട കത്തിച്ച് രാത്രിയുടെ മറവിൽ ദൃശ്യയുടെ വീട്ടിൽ ഒളിച്ചിരുന്ന് രാവിലെയാണ് വിനീഷ് കൃത്യം നടത്തിയത്. സംഭവത്തിൽ ദൃശ്യയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു.
ALSO READ: പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനിയായ കണ്ണൂർ സ്വദേശി മാനസയെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ താമസസ്ഥലത്തിന് സമീപം വാടകയ്ക്ക് മുറിയെടുത്ത് ദിവസങ്ങൾ നീണ്ട നിരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രതി കൃത്യം നടത്തിയത്.
ALSO READ: Kothamangalam Dental student Murder: കോതമംഗലത്ത് ഡെൻറൽ വിദ്യാർഥിയെ വെടിവെച്ച് കൊന്നു
ഈ രണ്ട് സംഭവങ്ങളും നടന്ന് രണ്ട് മാസം പിന്നിടുമ്പോൾ പ്രണയാഭ്യർഥന നിരസിച്ചതിന് മറ്റൊരു കൊലപാതകം കൂടി. തലയോല പറമ്പ് സ്വദേശി നിതി മോൾ എന്ന 22കാരിയാണ് സഹപാഠിയുടെ കൊലക്കത്തിക്ക് ഇരയായത്. കഴുത്തറത്താണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ബ്ലേഡ് കൊണ്ടുള്ള ആക്രമണം ആയതു കൊണ്ട് തന്നെ കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രണയം നിരസിക്കുന്നതിനും പ്രണയത്തിൽ നിന്ന് പിന്മാറുന്നതും കൊലപാതകത്തിന് പ്രേരകമാകുന്നത് ഗൗരവപൂർവം സമീപിക്കേണ്ട ഒന്നാണ്. എന്നാൽ ഓരോ സംഭവങ്ങൾക്ക് ശേഷവും അടുത്ത മരണം ഉണ്ടാകുന്നത് വരെ മാത്രം ഇവ വാർത്തയും സമൂഹ മാധ്യമങ്ങളിലെ ചർച്ചയും ആകും. വീണ്ടും തുടർക്കഥയായി കൊലപാതക കഥകളും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...