Kerala fever: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 13,000 കടന്നു; ഇന്ന് ഡ്രൈഡേ ആചരിക്കും

Kerala fever updates: കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 09:36 AM IST
  • കഴിഞ്ഞ ദിവസം 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
  • സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും.
  • നാളെ വീടുകളിൽ ഡ്രൈഡേ ആചരിക്കാനാണ് നിർദ്ദേശം.
Kerala fever: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 13,000 കടന്നു; ഇന്ന് ഡ്രൈഡേ ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസവും പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും. നാളെ വീടുകളിൽ ഡ്രൈഡേ ആചരിക്കാനാണ് നിർദ്ദേശം. 

പകർച്ചപ്പനി പ്രതിരോധത്തിൽ ഊർജിത ശുചീകരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ ആകാനുള്ള സാധ്യതയുണ്ട്. അതിനാൽ തീവ്രമായതോ നീണ്ട് നിൽക്കുന്നതോ ആയ എല്ലാ പനി ബാധകൾക്കും വൈദ്യ സഹായം തേടണമെന്ന് മന്ത്രി നിർദ്ദേശിച്ചു. 

ALSO READ: രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി ജോർജ് വാഹനാപകടത്തിൽ മരിച്ചു

ഡെങ്കിപ്പനി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറൽ പനികളിൽ നിന്ന് വ്യത്യസ്തമല്ല. അതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ കഴിയാതെ വരികയോ വൈകുകയോ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ജാ​ഗ്രത വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പകർച്ചപ്പനി പ്രതിരോധത്തിന് ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ

ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ്. അതിനാൽ വീടും സ്ഥാപനവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയാക്കുമ്പോഴും കൊതുകിന്റെ കടിയേൽക്കാതെ ലേപനങ്ങൾ പുരട്ടുകയോ ശരീരം പൊതിയുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. രാവിലെയും വൈകുന്നേരവും കൊതുക് കടക്കാതിരിക്കാൻ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുൻപ് വീട്ടിനുള്ളിൽ പുകയ്ക്കുന്നത് വീടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാൻ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളിൽ ജനലുകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം. 

കെട്ടിടങ്ങളുടെ അകത്തും പുറത്തും മേൽക്കൂരകളിലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഇവ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കുക.

വെള്ളം വയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. കൊതുക് കടിക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങൾ ഉപയോഗിക്കുക. പനിയുള്ളവർ കൊതുകുകടി ഏൽക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം. പനിയുള്ളപ്പോൾ കുട്ടികളെ പ്ലേ സ്‌കുളുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും അയക്കാതെ ഇരിക്കുക. പനി പടരുന്നതിനാൽ അനാവശ്യമായ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News