'Hareesh Kanaran: 'എല്ലാം താൽക്കാലികം, വെറും പ്രഹസനങ്ങൾ മാത്രം''; താനൂർ ദുരന്തത്തിൽ പ്രതികരിച്ച് ഹരീഷ് കണാരൻ

അപകടം ഉണ്ടാകുമ്പോൾ മാത്രം പ്രവർത്തിക്കുന്ന നിയമസംവിധാനങ്ങൾക്കെതിരെ പ്രതികരിക്കുകയാണ് നടൻ ഹരീഷ് കണാരൻ.   

Written by - Zee Malayalam News Desk | Last Updated : May 8, 2023, 11:01 AM IST
  • ബോട്ടപകടം ഉണ്ടായ സ്ഥിതിക്ക് ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകൾ ഫിറ്റ്നസ് പരിശോധിക്കലാകും ഉദ്യോ​ഗസ്ഥരുടെ പ്രധാന ജോലിയെന്നാണ് ഹരീഷ് കണാരൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
  • ഇതെല്ലാം താൽക്കാലികവും പ്രഹസനവും മാത്രമാണെന്നും ഹരീഷ് കുറിച്ചു.
  • ബോട്ട് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ നേരുകയും ചെയ്തു.
'Hareesh Kanaran: 'എല്ലാം താൽക്കാലികം, വെറും പ്രഹസനങ്ങൾ മാത്രം''; താനൂർ ദുരന്തത്തിൽ പ്രതികരിച്ച് ഹരീഷ് കണാരൻ

താനൂരിൽ 22 പേരുടെ ജീവൻ കവർന്ന അപകടം നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി, രാഷ്ട്രപതി ഉൾപ്പെടെ അപകടത്തിൽ അനുശോചനം അറിയിച്ചു. അനുവദനീയമായതിൽ കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റിയതാണ് അപകട കാരണമെന്നാണ് വിവരം. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോ​ഗമിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെ സംഭവസ്ഥലത്തുണ്ട്. ആരെയും കാണാനില്ലെന്ന പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഇതിനിടെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് സംസ്ഥാനത്തെ നിയമ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്. നടൻ ഹരീഷ് കണാരൻ ഇതു സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടുണ്ട്. ബോട്ടപകടം ഉണ്ടായ സ്ഥിതിക്ക് ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകൾ ഫിറ്റ്നസ് പരിശോധിക്കലാകും ഉദ്യോ​ഗസ്ഥരുടെ പ്രധാന ജോലിയെന്നാണ് ഹരീഷ് കണാരൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇതെല്ലാം താൽക്കാലികവും പ്രഹസനവും മാത്രമാണെന്നും ഹരീഷ് കുറിച്ചു. ബോട്ട് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ നേരുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

''ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ.
ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ.
ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ..
ഇനി കുറച്ച് ദിവസം കേരളത്തിലെ
ബോട്ട്കളുടെ ഫിറ്റ്നസ്സ്
പൊക്കി നോക്കുന്നതായിരിക്കും
കുറച്ച് ഉദ്യോഗസ്ഥരുടെ
പ്രധാന ജോലി..!!
എല്ലാം താൽക്കാലികം മാത്രം..!!
വെറും പ്രഹസനങ്ങൾ മാത്രം..!!
താനൂരിലെ ബോട്ട് അപകടത്തിൽ 
ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ..!!''

 

അതേസമയം എല്ലാ ആശുപത്രികളിലും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തയായി. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വൈകാതെ വിട്ടു നൽകും. ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബോട്ടിന് ലൈസൻസ് ഇല്ലാത്തത് അന്വേഷിക്കുമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും താനൂരിൽ എത്തിയിട്ടുണ്ട്. 

അപകടത്തിൽപ്പെട്ട ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മത്സ്യബന്ധന ബോട്ടിനെ വിനോദയാത്രാ ബോട്ടാക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. അത്തരത്തിൽ മാറ്റിയതാണെങ്കിൽ അറ്റ്ലാന്റിക് എന്ന ബോട്ടിന് എങ്ങനെ ലൈസൻസ് ലഭിച്ചുവെന്നതാണ് അന്വേഷിക്കുന്നത്. വിനോദസഞ്ചാരത്തിന് ഇത്തരം ബോട്ടുകൾക്ക് ലൈസൻസ് സാധാരണ​ഗതിയിൽ കൊടുക്കാറില്ല. യാർഡിൽ പോയി ബോട്ടിന് രൂപം മാറ്റം വരുത്തുകയായിരുന്നു. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപം മാറ്റം വരുത്തിയതെന്നും ആരോപണമുണ്ട്. 

ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശിയായ നാസറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ബോട്ടുയാത്ര മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ട അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിലടക്കം പോലീസ് പരിശോധന നടത്തുന്നുണ്ട്. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ബോട്ടിൽ ലൈസൻസ് നമ്പർ ഉണ്ട്. 

മെയ് 7, ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്കും 7.40 നും ഇടയില്‍ ആയിരുന്നു ബോട്ട് അപകടം സംഭവിച്ചത്. ഒട്ടുംപുറം തൂവല്‍തീരം ബീച്ചിന് സമീപം വച്ചായിരുന്നു ബോട്ട് മുങ്ങിയത്. അവധിദിവസം ആഘോഷമാക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ മുപ്പത്തിയഞ്ച് മുതല്‍ നാല്‍പത് വരെ ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. താനൂർ ബോട്ട് ദുരന്തത്തിൽ 22 പേരാണ് ഇതുവരെ മരിച്ചത്. ആറ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ സമീപത്തെ ആശുപത്രികളില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആകെ പത്ത് പേരാണ് ചികിത്സയിലുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News