T Sivadasa Menon : ശിവദാസ മേനോന്‍ മികച്ച വാഗ്മിയും മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്മ്യൂണിസ്റ്റുമായിരുന്നു; നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

T Sivadasa Menon demise : യാതനാപൂര്‍വ്വമായ നിരവധി സമരങ്ങളിലൂടെ അധ്യാപക പ്രസ്ഥാനത്തെ സുശക്തമായ ഒന്നായി കെട്ടിപ്പടുക്കുന്നതില്‍ ശിവദാസ മേനോന്‍ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 02:42 PM IST
  • കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിര്‍ത്തുന്നതില്‍ അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോന്‍.
  • സംഘടനാ രംഗത്തും ഭരണ രംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശിവദാസ മേനോന്‍ മികച്ച വാഗ്മിയും മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്മ്യൂണിസ്റ്റുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  • യാതനാപൂര്‍വ്വമായ നിരവധി സമരങ്ങളിലൂടെ അധ്യാപക പ്രസ്ഥാനത്തെ സുശക്തമായ ഒന്നായി കെട്ടിപ്പടുക്കുന്നതില്‍ ശിവദാസ മേനോന്‍ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 T Sivadasa Menon : ശിവദാസ മേനോന്‍ മികച്ച വാഗ്മിയും മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്മ്യൂണിസ്റ്റുമായിരുന്നു; നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

 മുന്‍ ധനകാര്യമന്ത്രിയും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിര്‍ത്തുന്നതില്‍ അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോന്‍. സംഘടനാ രംഗത്തും ഭരണ രംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശിവദാസ മേനോന്‍ മികച്ച വാഗ്മിയും മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്മ്യൂണിസ്റ്റുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അധ്യാപക സംഘടനാ രംഗത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശിവദാസമേനോന്‍റെ സംഘടനാപാടവം  സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുതല്‍ കൂട്ടായിരുന്നു. സ്വകാര്യ സ്കൂള്‍ അധ്യാപകരുടെ സംഘടനയായിരുന്ന കെപിടിയു വിന്‍റെ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് അധ്യാപക പ്രസ്ഥാനത്തിന്‍റെ സംസ്ഥാനത്തെ ഏറ്റവും ഉന്നതായ നേതാവായി മാറി. യാതനാപൂര്‍വ്വമായ നിരവധി സമരങ്ങളിലൂടെ അധ്യാപക പ്രസ്ഥാനത്തെ സുശക്തമായ ഒന്നായി കെട്ടിപ്പടുക്കുന്നതില്‍ ശിവദാസ മേനോന്‍ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാസംഗികന്‍, പാര്‍ലമെന്‍റേറിയന്‍, ചരിത്ര ബോധമുള്ള രാഷ്ട്രീയ നേതാവ് എന്നിങ്ങനെ എല്ലാ മേഖലകളിലും ശിവദാസ മേനോന്‍ വ്യക്തിമുദ്ര പതിപ്പിച്ചു. സിപിഐ(എം) നെതിരായ ഏതുവിധത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കുന്നതിന് അദ്ദേഹം കാട്ടിയ ജാഗ്രതാപൂര്‍ണ്ണമായ നിലപാടുകള്‍ പുതിയ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്. അടിയന്തരാവസ്ഥക്കാലത്തും പാര്‍ട്ടി പ്രതിസന്ധി നേരിട്ട ഇതര ചരിത്ര സന്ദര്‍ഭങ്ങളിലും അദ്ദേഹം ഒളിവിലും തെളിവിലും ജയിലിലുമൊക്കെ കഴിഞ്ഞ് പാര്‍ട്ടിയെ ശക്തിപ്പെടുത്തി. ജനകീയ പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ എന്നും ത്യാഗപൂര്‍വ്വമായി നിലകൊണ്ടു.

അതിതീവ്ര ഇടതുപക്ഷ വ്യതിയാനങ്ങള്‍ക്കും തീവ്ര വലതുപക്ഷ വ്യതിയാനങ്ങള്‍ക്കുമെതിരെ മാര്‍ക്‌സിസം-ലെനിനിസത്തിന്റെ കൃത്യമായ സൈദ്ധാന്തിക നിലപാട് മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിൽ വ്യാപൃതനായി. പ്രഗല്‍ഭനായ നിയമസഭാ സാമാജികന്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള മന്ത്രി എന്നീ നിലകളിലും ശിവദാസ മേനോന്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

അവസാനശ്വാസം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹവുമായുള്ള വ്യക്തി ബന്ധം സ്മരണീയമാണ്. അദ്ദേഹത്തിന്‍റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലയ്ക്ക് തീരാനഷ്ടമാണ്. ബന്ധുമിത്രാദികളുടെയും  പാർട്ടിസഖാക്കളുടെയും നാടിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News