സുരേഷ് ഗോപി എംപിയുടെ വിഷുകൈനീട്ടം വിവാദത്തിൽ. ഭക്തർക്ക് വിഷു കൈനീട്ടം നൽകാനായി തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പണം നൽകിയ എംപിയുടെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. ഇതിന് പിന്നാലെ വിഷുകൈനീട്ടം നൽകുന്നതിനായി സ്വകാര്യ വ്യക്തികളിൽനിന്നും ശാന്തിമാർ തുക സ്വീകരിക്കുന്നത് വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവിവിറക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മുതൽ സുരേഷ് ഗോപി വിഷുക്കൈനീട്ട പരിപാടിയുമായി തൃശൂർ ജില്ലയിലുണ്ട്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയശേഷം ഭക്തർക്ക് ദക്ഷിണ നൽകുന്നതിനായുള്ള പണം മേൽശാന്തിമാർക്ക് നൽകുകയായിരുന്നു. ഒരു ലക്ഷം രൂപ മൂല്യംവരുന്ന പുത്തൻ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ടപരിപാടിക്കായി കൊണ്ടുവന്നത്. വടക്കുംനാഥ ക്ഷേത്രത്തിലെ കൈനീട്ട പരിപാടി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് സ്വകാര്യ വ്യക്തികളിൽ നിന്നും ശാന്തിക്കാർ പണം കൈപ്പറ്റുന്നത് വിലക്കിക്കൊണ്ടു ഉത്തരവിറക്കിയത്. അതേസമയം, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ വരാത്തതിനാൽ ഉത്തരവ് ബാധകമല്ല.
Read Also: കോടഞ്ചേരി ലവ് ജിഹാദ് പരാമർശം: സിപിഎമ്മിന്റെ പുരോഗമന പ്രതിച്ഛായക്ക് മങ്ങൽ; കവചം തീർക്കാൻ ഡിവൈഎഫ്ഐ
കൈനീട്ടം ദേവസ്വം ബോർഡിൽ വിവാദമായതോടെ സുരേഷ് ഗോപിയുടെ നടപടിയെ വിമർശിച്ചുകൊണ്ട് സിപിഎമ്മും രംഗത്തുവന്നു. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റാനാണ് നീക്കമെന്ന് പി. ബാലചന്ദ്രൻ എം.എൽ.എ. വിമർശിച്ചു. സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വ കാലാവധി അടുത്ത ഞായറാഴ്ച അവസാനിക്കുമ്പോൾ തൃശ്ശൂരിലെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് കൈനീട്ട വിവാദം ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...