A Raja: എ രാജയ്ക്ക് നിയമസഭയിൽ കയറാം, ശമ്പളവും വോട്ടുമില്ല; ഭാഗിക സ്റ്റേ നൽകി സുപ്രീം കോടതി

Devikulam MLA A Raja gets stay: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശവും ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹതയും ഉണ്ടായിരിക്കില്ല.

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 05:20 PM IST
  • എ രാജ സമർപ്പിച്ച അപ്പീലിലാണ് കോടതി ഭാഗിക സ്റ്റേ നൽകിയത്.
  • കേസിൽ ജൂലൈ 12നാണ് അന്തിമ വാദം കേൾക്കുക.
  • എ. രാജയുടെ ഹർജിയിൽ എതിർ സ്ഥാനാർത്ഥിയായ ഡി. കുമാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
A Raja: എ രാജയ്ക്ക് നിയമസഭയിൽ കയറാം, ശമ്പളവും വോട്ടുമില്ല; ഭാഗിക സ്റ്റേ നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ദേവികുളം മുൻ എംഎൽഎ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതിയുടെ വിധി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. എ രാജ സമർപ്പിച്ച അപ്പീലിലാണ് കോടതി ഭാഗിക സ്റ്റേ നൽകിയത്. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചു.

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും സഭയിൽ നടക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശം എ രാജയക്ക് ഉണ്ടായിരിക്കില്ല. ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിൽ ജൂലൈ 12നാണ് അന്തിമ വാദം കേൾക്കുക. 

ALSO READ: അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ചു; ദൗത്യം നാളെ വീണ്ടും തുടരും

ഹൈക്കോടതി വിധിയ്ക്ക് എതിരായ എ. രാജയുടെ ഹർജിയിൽ എതിർ സ്ഥാനാർത്ഥിയായ ഡി. കുമാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് രാജയ്ക്ക് എതിരെയുള്ളതെന്നും അതിനാൽ സ്റ്റേ അനുവദിക്കരുതെന്നുമായിരുന്നു ഡി. കുമാറിൻറെ അഭിഭാഷകരുടെ വാദം. എന്നാൽ, ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും മണ്ഡലത്തിന് എംഎൽഎ ഇല്ലാത്ത സാഹചര്യമുണ്ടാകുമെന്നും രാജയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച കോടതി കേസ് അടുത്ത തവണ പരിഗണിക്കുന്നത് വരെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു. 

കഴിഞ്ഞ മാസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട മണ്ഡലമാണ് ദേവികുളം. മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ. രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി. കുമാറിന്‍റെ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി രാജയ്ക്കെതിരെ വിധി പറഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News